അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍

പത്തനംതിട്ട: അന്തര്‍ സംസ്ഥാന മോഷ്ടാവ് ആറന്മുളയില്‍ പിടിയിലായി. കേരളത്തിലും തമിഴ്‌നാട്ടിലുമായി 200ലധികം മോഷണക്കേസുകളില്‍ പ്രതിയായ തിരുവനന്തപുരം പോത്തന്‍കോട് ജൂബിലി ഭവനില്‍ ബിജു എന്നു വിളിക്കുന്ന സെബാസ്റ്റിയ(42) നെയാണ് അറസ്റ്റ് ചെയ്തത്.
കിടങ്ങന്നൂര്‍ വല്ലനയിലുള്ള നൗഷാദിന്റെ വീട്ടില്‍ നിന്നു ഏപ്രില്‍ നാലിന് സ്വിഫ്‌ററ് കാര്‍ മോഷണം പോയ കേസില്‍ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ കാര്‍ കോഴഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അന്നു തന്നെ തൊട്ടടുത്ത വീട്ടില്‍ മോഷണ ശ്രമവും ഉണ്ടായി. മോഷ്ടാവിനെകുറിച്ച് ഏകദേശ സൂചന ലഭിച്ച പോലിസ് പ്രതിക്കായി വല വിരിക്കുകയായിരുന്നു. 22 വര്‍ഷക്കാലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 200 ലേറെ മോഷണക്കേസില്‍ പ്രതിയാണിയാള്‍. 2015 ഡിസംബറില്‍ ജയില്‍ മോചിതനായ ശേഷം കാരൂര്‍ കോണത്തുനിന്നും ഓട്ടോറിക്ഷ മോഷണം നടത്തി. വീടുകളുടെ പുറത്ത് സൂക്ഷിക്കുന്ന പിക്കാക്‌സ്, കൂന്താലി എന്നിവ ഉപയോഗിച്ച് വാതിലുകളും പൂട്ടുകളും പൊളിച്ച് സ്വര്‍ണ്ണവും പണവുംകവര്‍ന്ന ശേഷം വാഹനങ്ങളുള്ള വീട്ടില്‍ നിന്നു താക്കോലെടുത്താണ് പ്രതി വാഹനങ്ങള്‍ മോഷ്ടിക്കാറുള്ളത്.
തക്കല, കന്യാകുമാരി, ഇരണിയില്‍ തുടങ്ങി നിരവധി പോലിസ് സ്‌റ്റേഷനുകളില്‍ ബിജുവിനെതിരേ അനേകം മോഷണകേസുകള്‍ ഉണ്ട്. ആറന്മുള എസ്‌ഐ അശ്വിത് എസ്. കാരാണ്മയിലിന്റെ നേതൃത്വത്തില്‍ ജില്ലാ പോലിസ് മേധാവിയുടെ ഷാഡോ പോലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാന്റ് ചെയ്ത പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും.
Next Story

RELATED STORIES

Share it