Flash News

അന്തര്‍ സംസ്ഥാന കൗണ്‍സില്‍ പുനസ്സംഘടിപ്പിച്ചു



ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെയര്‍മാനാക്കി അന്തര്‍ സംസ്ഥാന കൗണ്‍സില്‍ പുനസ്സംഘടിപ്പിച്ചു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ അന്വേഷിക്കാനും ഉപദേശം നല്‍കാനുമായുള്ള കൗണ്‍സിലില്‍ ആറ് കേന്ദ്ര മന്ത്രിമാരും അംഗങ്ങളായി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, സാമൂഹ്യനീതിവകുപ്പ് മന്ത്രി താവര്‍ചന്ദ് ഗെഹ്‌ലോട്ട്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് പുനസ്സംഘടിപ്പിച്ച കൗണ്‍സില്‍ അംഗങ്ങള്‍. കേന്ദ്രഭരണ പ്രദേശങ്ങളുള്‍പ്പെടെ എല്ലാ സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരും അംഗങ്ങളാണ്. കൂടാതെ കൗണ്‍സിലിന്റെ സ്ഥിരം ക്ഷണിക്കപ്പെട്ടവരായി എട്ട് കേന്ദ്രമന്ത്രിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരേഷ്പ്രഭു (വ്യാപാരം), രാംവിലാസ് പാസ്വാന്‍ (ഭക്ഷ്യവകുപ്പ്), ഹര്‍സീമ്രട്ട് കൗര്‍ ബാദല്‍ (ഭക്ഷ്യ വ്യവസായം), ജുവല്‍ ഓറം (ആദിവാസി ക്ഷേമം), പ്രകാശ് ജാവ്‌ദേകര്‍ (മാനവശേഷി), ധര്‍മേന്ദ്ര പ്രധാന്‍ (പെട്രോളിയം), പിയൂഷ് ഗോയല്‍ (റെയില്‍വേ) എന്നിവരെയാണ് സ്ഥിരം ക്ഷണിക്കപ്പെട്ടവരായി ഉള്‍പ്പെടുത്തിയത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 263 പ്രകാരമാണ് അന്തര്‍സംസ്ഥാന കൗണ്‍സില്‍ രൂപീകരിക്കുന്നത്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഉപദേശങ്ങള്‍ നല്‍കുക, അന്വേഷണം നടത്തുക, എല്ലാ സംസ്ഥാനങ്ങളുടെയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക അന്വേഷണം നടത്തുക, സംസ്ഥാനങ്ങളുടെ കൂട്ടായ്മയാവുക എന്നതാണ് കൗണ്‍സില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍. തര്‍ക്കങ്ങളില്‍ ശുപാര്‍ശകള്‍ നല്‍കുക, പദ്ധതികളിലൂടെയും പ്രവര്‍ത്തികളിലൂടെയും സംസ്ഥാനങ്ങള്‍ തമ്മിലുള്ള കൂട്ടായ ശ്രമങ്ങളില്‍ ശുപാര്‍ശ ചെയ്യുക എന്നിങ്ങനെയാണ് കൗണ്‍സിലിന്റെ കടമകള്‍.ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ ചെയര്‍മാനാക്കി അന്തര്‍ സംസ്ഥാന കൗണ്‍സിലിന്റെ സ്റ്റാന്റിങ് കമ്മിറ്റിയെയും പുനസ്സംഘടിപ്പിച്ചതായി ഗസറ്റ് വിജ്ഞാപനത്തിലൂടെ അറിയിച്ചു. നാല് മന്ത്രിമാരും ഏഴ് മുഖ്യമന്ത്രിമാരുമാണ് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങള്‍.
Next Story

RELATED STORIES

Share it