Alappuzha local

അന്തര്‍ ജില്ലാ ബൈക്ക് മോഷണം12 ബൈക്കുകള്‍ കണ്ടെടുത്തു; ആറുപേര്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: അന്തര്‍ജില്ലാ ബൈക്ക് മോഷണസംഘത്തിലെ 17 വയസ്സുകാരനടക്കം ആറു പേരെ ചെങ്ങന്നൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ തിട്ടമേല്‍ തുണ്ടിയില്‍ പടിറ്റതില്‍ വിനു (22), ചെങ്ങന്നൂര്‍ തിട്ടമേല്‍, മോടിയില്‍ വീട്ടില്‍ മഹേഷ് (21), എടത്വ ചങ്ങംകരി വായ്പിശ്ശേരി ലക്ഷംവീട് കോളനി വിനീത് (18), തിരുവല്ല പെരിങ്ങര, ചാത്തന്‍കരി പുതുപ്പറമ്പില്‍ ശ്യാം (21), കുട്ടനാട് ചതുര്‍ഥ്യാകരി അന്‍പതില്‍ചിറ പട്ടടപറമ്പില്‍ വിഷ്ണുദേവ് (21) എടത്വയില്‍ താമസിക്കുന്ന 17കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. ജില്ലയിലും സമീപങ്ങളിലും ന്യൂജനറേഷന്‍ ആഡംബര ബൈക്കുകളില്‍ കറങ്ങിനടന്ന് മാലപറിക്കല്‍, പണംതട്ടിപ്പറിക്കല്‍, സ്ത്രീകളെയും പെണ്‍കുട്ടികളെയും ആക്രമിക്കല്‍ തുടങ്ങിയവ വ്യാപകമാകുന്നതായി പരാതി ഉണ്ടായിരുന്നു. തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് മോഷണ സംഘം കുടുങ്ങിയത്. ചെങ്ങന്നൂര്‍ ഐടിഐ ജങ്ഷനില്‍ നടത്തിയ വാഹന പരിശോധനക്കിടെ ആഡംബര ബൈക്കില്‍ അമിത വേഗത്തില്‍ എത്തിയ മൂന്നഗസംഘം പോലിസിനെകണ്ട് പരിഭ്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. സംശയം തോന്നിയ പോലിസ് നടത്തിയ വിശദമായ പരിശോധനയില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ അക്കങ്ങള്‍ ചുരണ്ടിമാറ്റിയിരിക്കുന്നതായി ശ്രദ്ധയില്‍പെട്ടു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ മോഷണം വ്യക്തമാവുകയുമായിരുന്നു. സംഘത്തില്‍ നിന്ന് ആറ് ഹീറോഹോണ്ട, 5 പള്‍സര്‍, 1 യമഹാ കമ്പനിയുടെ ഉള്‍പ്പടെ 12 ബൈക്കുകള്‍ പോലിസ് കണ്ടെടുത്തിട്ടുണ്ട്. മുഖ്യപ്രതിയായ പതിനെഴുകാന്‍ മുമ്പ് 24 ബൈക്കുകള്‍ മോഷ്ടിച്ചകേസില്‍ അറസ്റ്റിലായി ജയിലില്‍ കിടന്നിട്ടുണ്ട്. മറ്റു പ്രതികളും മോഷണകേസ്സുകളില്‍ ഉള്‍പ്പെട്ട് മുമ്പ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ പരിചയമാണ് ജില്ലയുടെ പലഭാഗങ്ങളിലുള്ള പ്രതികള്‍ ഒന്നിച്ചുകൂടാനും സംഘംചേര്‍ന്ന് മോഷണം നടത്താനും സഹായകമായത്. ഏറണാകുളം, ആലപ്പുഴ, പുളിക്കീഴ്, മാന്നാര്‍ പോലിസ് സ്റ്റേഷനുകളില്‍ വാഹന മോഷണം, മാല പറിക്കല്‍ എന്നിവയ്ക്ക് പ്രതികള്‍ക്കെതിരെ കേസുണ്ട്. മോഷണം നടത്തുന്ന വാഹനങ്ങള്‍ രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിക്കുകയും ആവശ്യക്കാര്‍ക്ക് വില്‍ക്കുകയുമായിരുന്നു പതിവ്. മോഷണ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്നും പോലിസ് പറഞ്ഞു. ആലപ്പുഴ ജില്ലാ പോലിസ് മേധാവി എസ് സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണസംഘത്തില്‍ ഡിവൈഎസ്പി. അനീഷ് വി കോര, സിഐ. ദിലീപ് ഖാന്‍, എസ്‌ഐ. എം സുധിലാല്‍, ജൂനിയര്‍ എസ്‌ഐ. ബിജു, സിപിഒമാരായ പ്രവീണ്‍, ബാലകൃഷ്ണന്‍, ഷൈബു,ജയേഷ്, സുല്‍ഫിക്കര്‍, ഗിരീഷ്, സന്തോഷ്, ദിനേശ് ബാബു, സുന്ദരേശന്‍, അനീഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it