അന്തര്‍സംസ്ഥാന സര്‍വീസ്; കെഎസ്ആര്‍ടിസി ജര്‍മന്‍ സ്‌കാനിയ ബസ്സുകള്‍ നിരത്തിലിറക്കും

അബ്ദുല്‍ഖാദര്‍ പേരയില്‍

ആലുവ: അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി ജര്‍മന്‍ സ്‌കാനിയ ബസ്സുകള്‍ നിരത്തിലിറക്കും. 18 ജര്‍മന്‍ സ്‌കാനിയ മള്‍ട്ടി ആക്‌സില്‍ ബസ്സുകള്‍ നിരത്തിലിറക്കിയാണ് കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന ബസ് സര്‍വീസ് രംഗത്ത് ചുവടുറപ്പിക്കാന്‍ എത്തുന്നത്. നിലവില്‍ കെഎസ്ആര്‍ടിസിക്ക് 10 വോള്‍വോ ബസ്സുകള്‍ അന്തര്‍സംസ്ഥാന സര്‍വീസ് രംഗത്തു ണ്ട്.
ഇതൊടൊപ്പമാണ് ജര്‍മന്‍ കമ്പനിയായ സ്‌കാനിയ മള്‍ട്ടി ആക്‌സില്‍ ബസ്സുകള്‍ കൂടി രംഗത്തിറക്കുന്നത്. കേരളത്തില്‍ നിന്ന് ഗോവ, മഹാരാഷ്ട്ര, ആന്ധ, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലേക്കാണ് 14.5 മീറ്റര്‍ നീളംവരുന്ന അത്യാധുനിക മള്‍ട്ടി ആക്‌സില്‍ ബസ്സുകള്‍ സര്‍വീസിനിറക്കുക. കെഎസ്ആര്‍ടിസി രംഗത്തിറക്കുന്ന അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ക്കായി വിവിധ സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ഫ്രാഞ്ചൈസികളും അനുവദിച്ചുകഴിഞ്ഞു. കര്‍ണാടക-6, തെലങ്കാന-4, ആന്ധ്ര-6, മഹാരാഷ്ട്ര-4, ഗോവ-3 എന്നിവയാണ് നിലവില്‍ അനുവദിച്ചിട്ടുള്ള ഓണ്‍ലൈന്‍ ഫ്രാഞ്ചൈസികള്‍. എട്ട് സര്‍വീസുകള്‍ക്കായി 16 ബസ്സുകളാണു സജ്ജീകരിക്കുന്നത്. ബാക്കിവരുന്ന രണ്ടെണ്ണം പകരം സര്‍വീസിനായി ഉപയോഗിക്കും.
നിലവില്‍ കെഎസ്ആര്‍ടിസിക്ക് കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍(കെടിഡിഎഫ്‌സി)ലേക്ക് കോടികളുടെ ലോണ്‍ അടച്ചുതീര്‍ക്കാനുണ്ട്. ഇതിനായി കണ്‍സോര്‍ഷ്യം ഏര്‍പ്പെടുത്തി കാലാവധി വര്‍ധിപ്പിച്ചതിനാല്‍ പ്രതിദിനം ലോണ്‍തുക അടയ്ക്കുന്നതിന് കെഎസ്ആര്‍ടിസിക്ക് 34 ലക്ഷം രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
ഇതുകൂടി കണക്കിലെടുത്താണ് പുതിയ ജര്‍മന്‍ മള്‍ട്ടി ബസ്സുകള്‍ കൂടി കെഎസ്ആര്‍ടിസി രംഗത്തിറക്കാന്‍ തീരുമാനമായത്. നിലവിലുള്ള കെഎസ്ആര്‍ടിസിയുടെ വോള്‍വോ അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ ലാഭകരമാണെന്നതും ഈ ശ്രമത്തിന് വേഗം കൂട്ടി. നിലവില്‍ അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളില്‍ ഏറിയ പങ്കും സ്വകാര്യ ബസ്സുകളാണുള്ളത്. ഈ രംഗത്തുകൂടി കടന്നുവന്ന് കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ ശോഭ നല്‍കാനാണ് കെഎസ്ആര്‍ടിസി അധികൃതരുടെ തീരുമാനം. ഇതോടെ സ്വകാര്യ സര്‍വീസുകളുടെ ഈ രംഗത്തെ ചൂഷണം കുറയ്ക്കാനാവുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. പുതിയ സര്‍വീസ് ബസ്സുകള്‍ ഒരു മാസത്തിനകം നിരത്തിലിറക്കാനാണ് പദ്ധതി.
Next Story

RELATED STORIES

Share it