wayanad local

അന്തര്‍ദേശീയ യുവശാസ്ത്രജ്ഞ പുരസ്‌കാരം ദിവ്യ തോമസിന്

മാനന്തവാടി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് കീഴിലെ ഈ വര്‍ഷത്തെ അന്തര്‍ദേശീയ യുവശാസ്ത്രജ്ഞ പുരസ്‌കാരം വയനാട് മാനന്തവാടി സ്വദേശിനി ദിവ്യ തോമസിന്. മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ ബയോകെമിസ്ട്രിയില്‍ പിഎച്ച്ഡി ചെയ്യുന്ന ദിവ്യ പീച്ചങ്കോട് വന്‍മേലില്‍ വി സി തോമസിന്റെയും കൈതക്കല്‍ ജിഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക അന്നയുടെയും രണ്ടാമത്തെ മകളാണ്. ശ്വാസകോശ കാന്‍സര്‍ (പള്‍മനറി ഫൈബ്രോസിസ്) ഉണ്ടാവാനുള്ള കാരണം സംബന്ധിച്ച ഗവേഷണത്തിനാണ് പുരസ്‌കാരം.
സെന്‍ട്രല്‍ ഡ്രഗ് ഡിസ്‌കവറി ആന്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ലക്‌നൗവില്‍ നടന്ന ആറാമത് അന്താരാഷ്ട്ര സിംപോസിയത്തില്‍ അവതരിപ്പിച്ച പ്രബന്ധമാണ് ദിവ്യയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ലോകത്തെമ്പാടുമുള്ള 800 ശാസ്ത്രജ്ഞര്‍ പങ്കെടുത്ത സിംപോസിയത്തില്‍ 35 പേര്‍ മാത്രമാണ് പ്രബന്ധം അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇവരില്‍ ദിവ്യ ഒന്നാമതെത്തി.
ട്രിച്ചി സെന്റ് ജോസഫ്‌സ് കോളജിന് കീഴിലാണ് ഗവേഷണം നടത്തിവരുന്നത്. ഭാരതിദാസന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഗോള്‍ഡ് മെഡലോടെ ഒന്നാംറാങ്ക് നേടിയാണ് എംഎസ്‌സി ബയോകെമിസ്ട്രി പാസായത്. പ്ലസ്ടു വരെ ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഡിഗ്രിക്ക് പുല്‍പ്പള്ളി പഴശ്ശിരാജ കോളജിലുമാണ് ദിവ്യ തോമസ് പഠിച്ചത്. ഇതിനകം അഞ്ച് അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പ്രബന്ധാവതരണം നടത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it