thrissur local

അന്തര്‍ദേശീയ പരീക്ഷകളില്‍ കേരളം പിറകോട്ടു പോവുന്നു: മന്ത്രി

മാള: എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള ക്വാളിറ്റി എജ്യുക്കേഷന്‍ ലഭിക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നുവെന്നും മക്കളെ പ്രാപ്തരാക്കുന്നതിനുവേണ്ടി സാധാരണക്കാരന്റെ വീടുകളിലെ മാതാപിതാക്കള്‍ മുണ്ട് മുറുക്കി ഉടുത്താണ് തങ്ങളുടെ കുട്ടികളെ അണ്‍ എയ്ഡഡ് മേഖലകളിലേക്ക് പറഞ്ഞയക്കുന്നതെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍.
വി ആര്‍ സുനില്‍കുമാര്‍ എംഎല്‍ എര്‍പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ അവാര്‍ഡ് 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിനാല്‍തന്നെ പൊതുവിദ്യാഭ്യാസ മേഖലക്ക് സമാന്തരമായി അണ്‍എയ്ഡഡ് മേഖല തഴച്ചുവളര്‍ന്നു. പൊതുവിദ്യാഭ്യാസ രംഗത്തെ കുറവുകളെ കണ്ടെത്തി പരിഹരിക്കാനായതോടെ മികച്ച നിലവാരത്തിലേക്ക് പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റിയെടുക്കാനായി.
വിദ്യഭ്യാസ രംഗത്തിന് കൂടുതല്‍ ഫണ്ടനുവദിച്ചാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിഖ്യാതമാവില്ലേയെന്നുള്ള ചിന്തയാണിവിടെയുള്ളത്. അടുത്ത മൂന്ന് വര്‍ഷവും വിദ്യാഭ്യാസ രംഗത്ത് ആകാവുന്നതെല്ലാം ചെയ്യുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാനത്ത് പഠിച്ച് പാസ്സായി നില്‍ക്കുന്ന നാല്‍പത്തി ആറ് ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ അംഗീകാരത്തിന്റെ അര്‍ഹത തേടി ഏഴാം കടലിനപ്പുറത്തേക്ക് പോവുകയാണ്. പൊതുവിദ്യാഭ്യാസത്തിലൂടെയാണ് കേരളം നേട്ടങ്ങള്‍ കൈവരിച്ചത്. അന്തര്‍ദ്ദേശീയ പരീക്ഷകളില്‍ കേരളം പുറകില്‍ പോകുന്ന സാഹചര്യമാണ്.
സംസ്ഥാനത്തെ ഐഎഎസ്, സിവില്‍ സര്‍വീസ് രംഗങ്ങളിലും അതുപോലെ മറ്റു പ്രധാനപ്പെട്ട രംഗങ്ങളിലും ഈ കൊച്ചുകേരളം പുറകില്‍ പോവുന്നു എന്ന ഗൗരവമുള്ള കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. നമ്മുടെ സംസ്ഥാനം ഇന്ത്യയിലെ മറ്റു എല്ലാ സംസ്ഥാനത്തേക്കാള്‍ നിരവധി മാതൃക തീര്‍ത്തവര്‍ എന്ന വിശേഷണത്തിന് അര്‍ഹത നേടുമ്പോള്‍ അതിന്റെ എല്ലാ നേട്ടങ്ങളും നമ്മുടെ കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാനമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
മാള കാര്‍മല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിലും നിയോജക മണ്ഡലത്തില്‍ നിന്ന് പുറത്ത് പോയി പഠിക്കുന്നതുമായ എസ്എസ്എല്‍സി, സിബിഎസ്ഇ, ഐസിഎസ്ഇ, പ്ലസ് 2 പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്, എ വണ്‍ തേടിയ 600 വിദ്യാര്‍ഥികള്‍ക്കും നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ ഇരുപത്തി ഒന്ന് വിദ്യാലയങ്ങള്‍ക്കും അവാര്‍ഡ് നല്‍കി അനുമോദിച്ചു. ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ആയുര്‍വേദ ഡോക്ടര്‍ക്കുള്ള വാഗ്ഭട അവാര്‍ഡ് നേടിയ കെ പി പത്രോസ് വൈദ്യന്‍സ് കണ്ടംകുളത്തി വൈദ്യശാലയുടെ ചീഫ് ഫിസിഷ്യന്‍ ഡോ. റോസ് മേരി വില്‍സനെ ചടങ്ങില്‍ ആദരം നല്‍കി.
വിശിഷ്ടാതിഥികളായ സിനി ആര്‍ട്ടിസ്റ്റ് അനൂപ് വിജയ്, കുമാരി പ്രാര്‍ത്ഥന സന്ദീപ് എന്നിവര്‍ക്ക് ആദരം നല്‍കി. മാള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി കെ സുകുമാരന്‍, പ്രോഗ്രാം കമ്മിറ്റി ജന. കണ്‍വീനര്‍ സാബു ഏരിമ്മല്‍ സംസാരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ടി എം രാധാകൃഷ്ണന്‍, വി എ നദിര്‍, ടെസ്സി ടൈറ്റസ്, ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല്‍ സി പാത്താടന്‍, കെ വി വസന്ത്കുമാര്‍, വാര്‍ഡംഗം നിത ജോഷി, ടി പി സജീവ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ ജി മുരളി മാസ്റ്റര്‍, മാളകാര്‍മല്‍ കോളജ് പ്രിന്‍സിപ്പല്‍ സി ഡോ. ലിജോ, രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it