kannur local

അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് കല്യാട്ട് സ്ഥലം കണ്ടെത്തി

ഇരിക്കൂര്‍: രാജ്യത്തെ പ്രഥമ അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് ഇരിക്കൂറിനടുത്ത കല്യാട് തൂക്കുപാറയില്‍ സ്ഥലം കണ്ടെത്തി. ഗവേഷണ സ്ഥാപനത്തിന് പുറമെ അത്യാധുനിക ചികില്‍സാ കേന്ദ്രവും ഇവിടെ ആരംഭിക്കും. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പദ്ധതിപ്രദേശം സന്ദര്‍ശിച്ചു.
311 ഏക്കര്‍ സ്ഥലമാണ് ഇന്‍സ്റ്റിറ്റിയൂട്ടിനായി ഏറ്റെടുക്കുക. മിച്ചഭൂമിയായി ഏറ്റെടുത്ത 36.5 ഏക്കര്‍ ഉള്‍പ്പെടെ 311.76 ഏക്കര്‍ ഭൂമിയും ഇതിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ 7.61 ഏക്കറും ലഭ്യമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആധുനിക ജൈവസാങ്കേതിക വിദ്യയുമായി ആയുര്‍വേദ രംഗത്തെ ബന്ധിപ്പിക്കുന്ന ഗവേഷണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക, ആയുര്‍വേദ മരുന്നുകളുടെ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുക എന്നിവയാണ് ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട പ്രൊജക്റ്റ് റിപോര്‍ട്ട് തയ്യാറാക്കുന്നതിന് 50 ലക്ഷം രൂപ കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച വിദഗ്ധസമിതി പദ്ധതിപ്രദേശം സന്ദര്‍ശിക്കുകയും അനുകൂല റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ വര്‍ക്കിങ് ഗ്രൂപ്പിന്റെ അനുമതിയും ലഭിച്ചു. തുടര്‍ന്നാണ് മന്ത്രിയും സംഘവും സ്ഥലം സന്ദര്‍ശിച്ചത്. ദേശീയ ആയുഷ് മിഷന്‍ ഡയരക്ടറാണ് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍.
ഈ വര്‍ഷം തന്നെ തറക്കല്ലിടുമെന്നും മൂന്നുവര്‍ഷത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുമെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു. സംസ്ഥാന പ്രൊജക്റ്റ് മാനേജര്‍ ഡോ. എം സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ഇരിക്കൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം അനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ വൈസ് പ്രസിഡന്റ് എം എം മോഹനന്‍, ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍. ജില്ലാ സര്‍വേ സൂപ്രണ്ട് കെ ബാലകൃഷ്ണന്‍, ആയുര്‍വേദ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ് ആര്‍ ബിന്ദു, സീനിയര്‍ സൂപ്രണ്ട് മനോജ് കുമാര്‍, എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it