അന്തര്‍ദേശീയ ആംഗ്യഭാഷാ ദിനാചരണം; ചാനലുകളില്‍ പ്രത്യേക വാര്‍ത്താ അവതരണം

തിരുവനന്തപുരം: ആദ്യ അന്തര്‍ദേശീയ ആംഗ്യഭാഷാ ദിനത്തില്‍ ആംഗ്യഭാഷയ്ക്ക് അംഗീകാരം. സംസ്ഥാന സാമൂഹികനീതി വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം നിഷിന്റെ (നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്) സഹകരണത്തോടെ ആംഗ്യഭാഷാ പ്രചാരണത്തിനായി വിവിധ ചാനലുകള്‍ ഒരാഴ്ചയോളം പരിപാടികള്‍ സംഘടിപ്പിക്കുന്നു.
നിഷിലെ അധ്യാപകരും വിദ്യാര്‍ഥികളും കേരളത്തിലെ പ്രമുഖ ചാനലുകളില്‍ വാര്‍ത്തയോടൊപ്പം ആംഗ്യപരിഭാഷയും നടത്തിക്കൊണ്ടാണ് ആംഗ്യ ഭാഷ പ്രചരിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് 5 ദിവസങ്ങളില്‍ രാവിലെ 8 മണി, ഉച്ചയ്ക്ക് 2 മണി, വൈകുന്നേരം 4 മണി എന്നിങ്ങനെയും കൈരളി ഒരാഴ്ച രാത്രി 7 മണിക്കും മനോരമ ന്യൂസ് രണ്ട് ദിവസം ഉച്ചയ്ക്ക് 2 മണി, 3 മണി എന്നിങ്ങനെയും മാതൃഭൂമി ന്യൂസ് ഞായറാഴ്ച രാത്രി 8 മണിക്കും ഉള്ള വാര്‍ത്തകളില്‍ ആംഗ്യ പരിഭാഷ ഉണ്ടായിരിക്കും. ആംഗ്യഭാഷാ വാരാചരണത്തോടനുബന്ധിച്ച് ന്യൂസ് 18 ചാനലില്‍ ഇന്ന് രാവിലെ 7 മണി മുതല്‍ 8 മണി വരെ പ്രത്യേക പരിപാടിയുമുണ്ടാവും.
ആംഗ്യഭാഷയ്ക്കായി നിഷില്‍ ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രറ്റേഷന്‍ കോഴ്സ് നടത്തിവരുന്നു. ഒരു വര്‍ഷത്തെ ഈ കോഴ്സില്‍ 15 സീറ്റുകളാണുള്ളത്. ആംഗ്യഭാഷയുടെ പ്രാധാന്യം ലോകത്തെല്ലായിടത്തും എത്തിക്കുന്നതിന്റെ ഭാഗമായാണ് ലോക ആംഗ്യഭാഷാ ദിനം സപ്തംബര്‍ 23ന് ആചരിക്കുന്നത്.
ഇതോടൊപ്പം ആംഗ്യഭാഷാ വാരാചരണവും നടത്തുന്നു. കേള്‍വിക്കും സംസാരത്തിനും ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കായാണ് 1997ല്‍ സംസ്ഥാനസര്‍ക്കാര്‍ നിഷ് സ്ഥാപിച്ചത്. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നിഷിന് വളരെയധികം അംഗീകാരം ലഭിച്ചു. ഇതോടൊപ്പം ആംഗ്യ ഭാഷ വികസിപ്പിക്കുന്നതിലും നിഷ് പ്രധാന പങ്ക് വഹിക്കുന്നു.

Next Story

RELATED STORIES

Share it