Flash News

അന്തരീക്ഷ മലിനീകരണവും പുകമഞ്ഞും ശക്തമായി : ഡല്‍ഹിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു



ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണവും പുകമഞ്ഞും ശക്തമായതോടെ ഡല്‍ഹിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും മാലിന്യങ്ങള്‍ കത്തിക്കുന്നതും ദേശീയ ഹരിത കോടതി (എന്‍ജിടി) നിരോധിച്ചു. ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കും വരെ നിരോധനം തുടരും. ഡല്‍ഹിയിലും തലസ്ഥാന നഗരമേഖലയിലും ഈ മാസം 14 വരെ വ്യവസായ പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ഹരിത കോടതി ചെയര്‍പേഴ്‌സന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാറാണ് ഉത്തരവിട്ടത്. പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ലോറികള്‍ നിരത്തിലോടുന്നതും നിരോധിച്ചു. കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണ്, സിമന്റ് പോലുള്ള വസ്തുക്കള്‍ ലോറികളില്‍ കടത്തുന്നതും താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. മലിനീകരണത്തിനെതിരേ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥരെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാവണമെങ്കില്‍ നിങ്ങള്‍ ആശുപത്രികള്‍ സന്ദര്‍ശിക്കണം. ജനങ്ങളുടെ ജീവിതം വച്ച് നിങ്ങള്‍ കളിക്കുകയാണെന്നും ജസ്റ്റിസ് വിമര്‍ശിച്ചു.  അന്തരീക്ഷ മലിനീകരണം നിയന്ത്രണവിധേയമാവാത്ത സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ വഴി നഗരത്തില്‍ വെള്ളം തളിക്കാമെന്നും കോടതി നിര്‍ദേശിച്ചു. തലസ്ഥാന നഗരിയില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. കൃത്യമായ രീതിയില്‍ മൂടിയിട്ട് സൂക്ഷിക്കാത്ത കെട്ടിട നിര്‍മാണ സാമഗ്രികള്‍ കണ്ടുകെട്ടണം. തലസ്ഥാന നഗരമേഖലയില്‍ ചൂളകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവ അടച്ചിടണം. ആരോഗ്യവകുപ്പിന്റെയും കോര്‍പറേഷന്റെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘത്തെ നിയമിച്ച് കൃത്യമായ പരിശോധന നടത്തണം. വിളകളുടെ അവശിഷ്ടങ്ങളും മറ്റു കാര്‍ഷിക മാലിന്യങ്ങളും കര്‍ഷകര്‍ കത്തിക്കുന്നതും കര്‍ശനമായി നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു.  പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഡല്‍ഹി ഹൈക്കോടതിയും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അന്തരീക്ഷത്തിലെ പൊടിയും പുകമഞ്ഞും നിയന്ത്രിക്കുന്നതിനായി ആവശ്യമെങ്കില്‍ കൃത്രിമ മഴ പെയ്യിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 1952ല്‍ ലണ്ടനില്‍ അനുഭവ—പ്പെട്ടതുപോലുള്ള അവസ്ഥയാണ് ഇപ്പോള്‍ ഡല്‍ഹി നേരിടുന്നത്. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം- കോടതി പറഞ്ഞു. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി, പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചു. മനുഷ്യ ജീവനു കടുത്ത ഭീഷണി നേരി—ട്ടിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് കമ്മീഷന്‍ വിമര്‍ശിച്ചു. അതേസമയം, ഡല്‍ഹിയില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ഒറ്റയക്ക-ഇരട്ടയക്ക സമ്പ്രദായം പിന്തുടരാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ് നിയന്ത്രണം. ഈ മാസം 13 മുതല്‍ അഞ്ചു ദിവസമാണ് പുതിയ തീരുമാനം നടപ്പാക്കുക. നിയന്ത്രണത്തില്‍ നിന്ന് സ്ത്രീ ഡ്രൈവര്‍മാരെയും ഇരുചക്ര വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it