അന്തരീക്ഷ മലിനീകരണം ആയുസ്സ് കുറയ്ക്കുന്നതായി പഠനം

ലണ്ടന്‍: അന്തരീക്ഷ മലിനീകരണം മൂലം ലോകത്താകമാനം ഓരോ വര്‍ഷവും 55 ലക്ഷത്തോളം പേര്‍ മരണത്തിനു കീഴടങ്ങുന്നതായി പഠന റിപോര്‍ട്ട്. ഇതില്‍ നല്ലൊരു ശതമാനവും ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ആണവനിലയങ്ങള്‍, വ്യവസായശാലകള്‍, വാഹനങ്ങള്‍ എന്നിവയില്‍ നിന്നു പുറന്തള്ളപ്പെടുന്നതും മരം, കല്‍ക്കരി തുടങ്ങിയവ കത്തിക്കുന്നതിലൂടെ ഉണ്ടാവുന്ന പുകയുമാണ് രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിനു കാരണമാവുന്നത്. ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ഡിസീസ് പ്രൊജക്ടിന്റെ ഭാഗമായാണ് വിവരങ്ങള്‍ ശേഖരിച്ചത്. ചില രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ ആവശ്യപ്പെടുന്നു. ബെയ്ജിങ്, ഡല്‍ഹി എന്നീ വന്‍ നഗരങ്ങളില്‍ ചില ദിവസങ്ങളിലെ മലിനീകരണത്തോത് 30 മൈക്രോഗ്രാം വരെയാവാറുണ്ടെന്ന് ബോസ്റ്റണിലെ ഹെല്‍ത്ത് ഇഫക്ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡാന്‍ ഗ്രീന്‍ബോം പറയുന്നു.
എന്നാല്‍, ഇത് 25 മുതല്‍ 30 മൈക്രോഗ്രാം വരെയേ ആകാവൂ എന്നാണ് കണക്ക്. മലിനവായു ശ്വസിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍, പക്ഷാഘാതം, ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം എന്നിവയ്ക്ക് കാരണമാവുന്നു.
പോഷകാഹാരക്കുറവ്, പൊണ്ണത്തടി, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം, സുരക്ഷിതമല്ലാത്ത ലൈംഗികവേഴ്ച എന്നിവയേക്കാള്‍ അപകടകാരിയാണിതെന്നാണ് പഠനം കാണിക്കുന്നത്.
Next Story

RELATED STORIES

Share it