അനേ്വഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: 25 ലക്ഷം രൂപയ്ക്ക് വിമാനം പറത്താന്‍ പഠിപ്പിക്കുന്ന ഇന്ത്യയിലെ ഏക സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രധാനാധ്യാപകര്‍ ഇല്ലാത്തതിനാല്‍ പരിശീലനം നിലച്ച സംഭവത്തില്‍ അടിയന്തരമായി അനേ്വഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ചാക്കയിലെ രാജീവ്ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയില്‍ പരിശീലനത്തിനായി വാങ്ങിയ അഞ്ച് വിമാനങ്ങള്‍ ഹാംഗറില്‍ പൊടിപിടിച്ചുകിടക്കുന്നത് ഉല്‍ക്കണ്ഠാജനകമാണെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ ജഡ്ജി പി മോഹനദാസ് വിലയിരുത്തി.നേരത്തേയുണ്ടായിരുന്ന പ്രധാന പരിശീലകനെ മാറ്റിയതോടെയാണു സ്ഥാപനം പ്രതിസന്ധിയിലായത്. പരിശീലകന്‍ വിദ്യാര്‍ഥിയെ ചെകിടത്തടിച്ചെന്ന പരാതിയെ തുടര്‍ന്നാണ് അദ്ദേഹത്തെ നീക്കിയശേഷമാണു പരിശീലനം നിര്‍ത്തിവച്ചതെന്നു പറയപ്പെടുന്നു. പ്രധാന പരിശീലകനെ കൊണ്ടുവരുന്നതിന് അക്കാദമി അധികൃതര്‍ താല്‍പര്യമെടുക്കുന്നില്ലെന്നു പരാതിയുണ്ട്. ഇതോടെ പ്രവേശനം നേടിയവര്‍ അക്കാദമി ഉപേക്ഷിച്ചു. അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണു സ്ഥാപനം. ടൂറിസം ഡയറക്ടര്‍ക്കാണ് അക്കാദമി ഡയറക്ടറുടെ അധികച്ചുമതല സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മുഖ്യപരിശീലകന് അംഗീകാരം നല്‍കേണ്ടത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ്. കായിക-യുവജനകാര്യ വകുപ്പ് സെക്രട്ടറിയും അക്കാദമി ഡയറക്ടറും മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കേസ് ജനുവരിയില്‍ പരിഗണിക്കും. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി.
Next Story

RELATED STORIES

Share it