അനൂപ് ജേക്കബിനെതിരേ ത്വരിത പരിശോധന

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനെതിരായ അഴിമതിയാരോപണത്തില്‍ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയുടെ ഉത്തരവ്. അനൂപിനും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ വി ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ പരാതിയിലാണു നടപടി. എറണാകുളം വിജിലന്‍സ് എസ്പി ആര്‍ നിശാന്തിനിക്ക് ഉത്തരവ് കൈമാറി. 42 ദിവസത്തിനകം പ്രാഥമിക പരിശോധന നടത്തണം.
കേസെടുക്കണമോ എന്നതിനെക്കുറിച്ച് ത്വരിതപരിശോധനയ്ക്കുശേഷം തീരുമാനിക്കും. സിവില്‍ സപ്ലൈസിലേക്ക് സാധനങ്ങള്‍ വാങ്ങിയതില്‍ 36.5 കോടിയുടെ അഴിമതിയുണ്ടെന്നും കോഴ വാങ്ങിയാണ് ഡെപ്യൂട്ടേഷനില്‍ ആളെ നിയമിച്ചതെന്നുമാണ് ശിവന്‍കുട്ടിയുടെ പരാതി. വ്യവസ്ഥകള്‍ ലംഘിച്ച് രണ്ടുകോടിയിലധികം രൂപയ്ക്ക് 1,500 ക്വിന്റല്‍ വറ്റല്‍മുളക് വാങ്ങിയതില്‍ കോര്‍പറേഷന് നഷ്ടം വരുത്തിയെന്നും പരാതിയില്‍ പറയുന്നു. സതീഷ്‌കുമാര്‍ ആന്റ് ബ്രദേഴ്‌സ്, ബിഗ് ബസാര്‍ കോഴിക്കോട് എന്നീ സപ്ലയര്‍മാര്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയത്.
ഡിപ്പോ മാനേജര്‍മാര്‍ ഒരാഴ്ചയ്ക്കകം ബില്‍ തുകയുടെ 75 ശതമാനം സപ്ലയര്‍ക്ക് നല്‍കണമെന്ന പ്രത്യേക നിര്‍ദേശവും മന്ത്രി നല്‍കി. സിവില്‍ സപ്ലൈസ് ഡയറക്ടറായിരുന്ന ഡോ. വി കെ ബേബിയെ കോഴനിയമനങ്ങള്‍ക്കു കൂട്ടുനില്‍ക്കാത്തതിനാല്‍ സ്ഥലംമാറ്റിയെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it