Kollam Local

അനൂപ് ഖാന്‍ കൊലപാതകം ഹരമാക്കിയ കുറ്റവാളി

കൊല്ലം: നെട്ടയം അനൂപ് കൊലക്കേസില്‍ ഇന്നലെ കോടതി ശിക്ഷിച്ച ഒന്നാം പ്രതി അനൂപ്ഖാന്‍ 22 വയസ്സിനിടെ നടത്തിയത് മൂന്ന് കൊലപാതകങ്ങള്‍. ഇതില്‍ രണ്ടെണ്ണത്തില്‍ കോടതി ശിക്ഷിച്ചപ്പോള്‍ മറ്റൊരെണ്ണത്തില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയ്ക്കുകയാണ് ചെയ്തത്. നെട്ടയം അനൂപിനെ ഇയാള്‍ കൊലപ്പെടുത്തുന്നത് 2010 ജൂലൈ എട്ടിനാണ്. അതേവര്‍ഷം നവംബര്‍ 21നും ഡിസംബര്‍ 21നുമാണ് ഇയാള്‍ മറ്റ് രണ്ട് കൊലപാതകങ്ങള്‍ കൂടി നടത്തിയത്. കൊട്ടാരക്കരയില്‍ ബാര്‍ ജീവനക്കാരന്‍ ഗോപകുമാറിനെയും കുളത്തൂപ്പുഴയില്‍ ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരന്‍ ഷിജാദിനെയുമാണ് കൊലപ്പെടുത്തിയത്. ഗോപകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണിപ്പോള്‍. സജാദിനെ കൊലപ്പെടുത്തിയ കേസില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചുവെങ്കിലും അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ജയില്‍ ഉദ്യോഗസ്ഥരെയും എസ്‌കോര്‍ട്ട് പോകുന്ന പോലിസുകാരെയും ഭീഷണിപ്പെടുത്തുന്നത് പതിവായതോടെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയത്. നിസാരകാര്യത്തില്‍ ആരുടെയും ജീവനെടുക്കാന്‍ കൂസലില്ലാത്ത പ്രകൃതമാണ് ഇയാളുടേതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അനൂപിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയ ഇയാള്‍ കേസിലെ സാക്ഷികളെ വീട് കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിനുശേഷം ഒളിവില്‍ കഴിയുമ്പോഴാണ് സജാദിനെയും ഗോപകുമാറിനെയും കൊലപ്പെടുത്തിയത്. നിസാരകാര്യത്തിനാണ് കൊട്ടാരക്കര ആകാശ് ബാറിലെ ജീവനക്കാരനായ ഗോപകുമാറിനെ കൊലപ്പെടുത്തിയത്. കുളത്തൂപ്പുഴയിലെ കൊലപാതകത്തിനുശേഷം ഡിസംബര്‍ 19ന് പുലമണ്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുള്ള ലോഡ്ജില്‍ റൂമെടുത്ത് അനൂപ്ഖാന്‍ താമസിച്ചു. രാത്രി വൈകിയതിനാല്‍ ബസ് ലഭിച്ചില്ലെന്ന് കാട്ടിയാണ് ഇവിടെ മുറിയെടുത്തത്. അടുത്ത ദിവസം രാത്രി എസ്‌കവേറ്റര്‍ ഓപ്പറേറ്ററാണെന്ന് പരിചയപ്പെടുത്തി കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ലോഡ്ജില്‍ മുറിയെടുത്തു. 21ന് രാത്രി 9.30ഓടെ ഗോപകുമാറിനെ കൊലപ്പെടുത്തിയശേഷം ഇവിടെ വന്ന് തങ്ങി. കൊലപാതകത്തിന് ശേഷം പ്രതിക്കുവേണ്ടി കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലും പോലിസ് വലവിരിച്ചപ്പോള്‍ സിഐ ഓഫിസില്‍ നിന്ന് 250 മീറ്റര്‍ മാത്രം ദൂരെയുള്ള ലോഡ്ജില്‍ ഇയാള്‍ സുഖവാസത്തിലായിരുന്നു.ഒന്‍പതാം ക്ലാസില്‍ പഠിത്തം നിര്‍ത്തിയ ഇയാള്‍ നിരവധി അടിപിടി കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് പലപ്പോഴും പത്തനാപുരത്തുള്ള ബന്ധുവീടുകളിലായിരുന്നു താമസം. ആദ്യകൊലപാതകം നെട്ടയത്തേതാണ്. അതിന് മുമ്പ് എറണാകുളത്ത് നടന്ന ഒരു മോഷണക്കേസില്‍ രണ്ടര വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. കുളത്തൂപ്പുഴയില്‍ ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരനായ ഷിജാദിനെ കൊലപ്പെടുത്തിയത് ബൈക്ക് കവരുന്നതിനുവേണ്ടിയെന്നാണ് ഇയാള്‍ പോലിസിനോട് വെളിപ്പെടുത്തിയത്. ജോലി കഴിഞ്ഞ് ബൈക്കില്‍ വരുംവഴി റോഡില്‍ വിജനമായ സ്ഥലത്ത് തടഞ്ഞുനിര്‍ത്തി തലയ്ക്കടിച്ചുവീഴ്ത്തി കഴുത്തറുത്ത് കൊക്കയില്‍ തള്ളുകയായിരുന്നു. ഷിജാദിന്റെ പക്കല്‍ നിന്ന് മോഷ്ടിച്ച പള്‍സര്‍ ബൈക്ക് തിരുവല്ല റയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിങ് ഏരിയയില്‍ പോലിസ് കണ്ടെടുത്തിരുന്നു. കൊട്ടാരക്കരയില്‍ ബാര്‍ ജീവനക്കാരനെ കൊലപ്പെടുത്തിയശേഷം, ഗോപകുമാറിന്റെ മൊബൈല്‍ ഫോണില്‍ പുതിയ സിംകാര്‍ഡ് ഇട്ട് ഉപയോഗിച്ചുവരുന്നതിനിടെയാണ് ഇയാള്‍ പോലിസിന്റെ പിടിയിലായത്. പിന്തുടര്‍ന്നെത്തിയ പോലിസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാനും ഇയാള്‍ ശ്രമിച്ചു.തടവില്‍ കഴിയുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തുന്നതും പോലിസുകാരെ ആക്രമിക്കുന്നതും പതിവാണ്.
Next Story

RELATED STORIES

Share it