thiruvananthapuram local

അനുശാന്തി മാതൃത്വത്തിന് അപമാനം

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകത്തിലെ ഒന്നാം പ്രതി നിനോ മാത്യുവിന്റെ കരങ്ങളിലെ പാപക്കറയും ദുര്‍ഗന്ധവും സൗദി അറേബ്യയിലെ മുഴുവന്‍ അത്തറുകള്‍ കൊണ്ടുവന്ന് കഴുകിയാലും മാറില്ലെന്ന് കോടതി നിരീക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ വി എസ് വിനീത്കുമാര്‍. വിധിപ്രസ്താവത്തിനു ശേഷം കോടതി നിരീക്ഷണങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പറയുകയായിരുന്നു അദ്ദേഹം.
അപൂര്‍വത്തില്‍ അപൂര്‍വമായ കേസെന്നാണ് കോടതി വിലയിരുത്തിയത്. മൂന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തുകയും വയോധികയായ സ്ത്രീയെ ദാരുണമായി വധിക്കുകയും ചെയ്ത സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ക്രൂരകൃത്യം നടത്തിയ രണ്ടാം പ്രതി അനുശാന്തി മാതൃത്വത്തിനുതന്നെ അപമാനമാണ്. മാതൃത്വത്തിനു യാതൊരു വിലയും കല്‍പിക്കാതെ ലൈംഗികതയ്ക്കു വേണ്ടി മാത്രം ഇത്തരമൊരു ക്രൂരകൃത്യത്തില്‍ ഏര്‍പ്പെട്ടു. കുറ്റകൃത്യങ്ങളില്‍ രണ്ടു പേരും ഒരുപോലെ പങ്കാളികളായെങ്കിലും വധശിക്ഷയില്‍ നിന്ന് രണ്ടാം പ്രതിയെ ഒഴിവാക്കിയത് നേരിട്ട് കൃത്യത്തില്‍ പങ്കില്ല എന്നതുകൊണ്ടാണ്. കൂടാതെ അവരുടെ ആരോഗ്യപ്രശ്‌നം കണക്കിലെടുത്തും സ്ത്രീ എന്ന പരിഗണന നല്‍കിയതുകൊണ്ടും മാത്രമാണ്. കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച എല്ലാ തെളിവുകളും കൃത്യമായും ശാസ്ത്രീയമായും കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞതും ഗുണകരമായി. അന്വേഷണത്തിന്റെ ഭാഗമായി അടുത്തെങ്ങും കേട്ടിട്ടില്ലാത്തവിധം ശാസ്ത്രീയ തെളിവുകള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് സാക്ഷിയെക്കൊണ്ട് അത് തെളിവിലേക്കെടുത്ത സാഹചര്യവും ഉണ്ടായി. കൂട്ടായ ദൗത്യം കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കാന്‍ പ്രേരകമായെന്നും വിനീത് കുമാര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it