Pathanamthitta local

അനുവദിച്ച തുക നല്‍കാത്ത ഉദേ്യാഗസ്ഥര്‍ക്കെതിരേ ജനപ്രതിനിധികള്‍ അനേ്വഷണം നടത്തണമെന്ന്

പത്തനംതിട്ട: മൂന്നുകൊല്ലം മുമ്പ് കാലവര്‍ഷത്തില്‍ ഇടിഞ്ഞുവീണ വീടിന്റെ മേല്‍ക്കൂര നന്നാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച 5200 രൂപ പോലും നല്‍കാത്ത ഉദേ്യാഗസ്ഥര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തിരുവല്ല പുറമറ്റം കൊച്ചേലിക്കല്‍ കെ.വി പൊന്നമ്മക്കാണ് 5200 രൂപ സര്‍ക്കാര്‍ അനുവദിച്ചത്.
പ്രകൃതി ക്ഷോഭത്തിന് അനുവദിച്ച പ്രസ്തുത തുക ക്ലറിക്കല്‍ പിഴവ് കാരണമാണ് പരാതിക്കാരിയായ കെ. വി പൊന്നമ്മക്ക് നല്‍കാത്തതെന്ന് പത്തനംതിട്ട കലക്ടര്‍ കമ്മീഷനെ അിറയിച്ചു. ഉദേ്യാഗസ്ഥതലത്തിലെ ഇത്തരം ഗുരുതര വീഴ്ചകള്‍ ജനപ്രതിനിധികള്‍ അടിയന്തിരമായി പരിശോധിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. 2014 ലെ കാലവര്‍ഷകെടുതിയിലാണ് പരാതിക്കാരിയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നത്. തകര്‍ന്ന വീടിന്റെ മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് കെട്ടിയാണ് പരാതിക്കാരിയുടെ കുടുംബം കഴിയുന്നത്. കമ്മീഷന്‍ അധികൃതരില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വാങ്ങിയിരുന്നു.
പരാതിക്കാരിക്ക് വീടിന്റെ അറ്റകുറ്റപണികള്‍ക്ക് ധനസഹായം നല്‍കിയിട്ടില്ലെന്ന് പുറമറ്റം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.  പരാതിക്കാരിക്ക് 5200 രൂപ അനുവദിച്ചിരുന്നതാണെന്നും എന്നാല്‍ അത് നല്‍കിയിട്ടില്ലെന്നും മല്ലപ്പള്ളി തഹസില്‍ദാര്‍ കമ്മീഷനെ അറിയിച്ചു. വീട് നന്നാക്കാന്‍ മൂന്നുലക്ഷം രൂപയെങ്കിലും വേണമെന്ന് പരാതിക്കാരി പറഞ്ഞു. വീടുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ലഭിക്കുമ്പോള്‍ അത് ഉചിതവും നിയമപരവുമായി കൈകാര്യം ചെയ്യണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.  വിവേചനവും പക്ഷപാതവും കാലവിളംബവും ഒഴിവാക്കേണ്ടത് അധികാരവികേന്ദ്രീകരണം വിജയിക്കാന്‍ ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു.
2015-ല്‍ ധനസഹായത്തിന് നല്‍കിയ അപേക്ഷ പരിഗണിക്കാത്തത് നീതികരണമില്ലാത്ത നടപടിയാണ്. ലൈഫ് മിഷന്‍ ഭവനം വാസയോഗ്യമാക്കല്‍ പദ്ധതി എന്നിവയിലെ അംഗീകൃത മാനദണ്ഡപ്രകാരം അര്‍ഹമായ പരിഗണന പരാതിക്കാരിക്ക് നല്‍കിയിട്ടുണ്ടോ എന്ന് പുറമറ്റം പഞ്ചായത്ത് സെക്രട്ടറി പുന:പരിശോധിച്ച് ഉറപ്പാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കോയിപ്രം ബ്ലോക്ക,് പുറമറ്റം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പിലും മുന്‍ഗണനാക്രമത്തിലും പരാതിക്കാരിക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടോ എന്ന് ജില്ലാകളക്ടര്‍ വിലയിരുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it