kannur local

അനുരഞ്ജന ചര്‍ച്ച പരാജയം; കണ്ണൂരില്‍ ബസ് തൊഴിലാളി പണിമുടക്ക് തുടങ്ങി

കണ്ണൂര്‍: വര്‍ഷങ്ങളായി നല്‍കുന്ന ബോണസ് നിഷേധിക്കുന്നുവെന്നാരോപിച്ച് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇന്നലെ ബസ്സുടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളും ജില്ലാ ലേബര്‍ ഓഫിസര്‍ സുനില്‍ തോമസിന്റെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ടുപോവാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.
ഇതേത്തുടര്‍ന്ന് വിവിധ ബസ്‌സ്റ്റാന്റുകളില്‍ സംയുക്ത തൊഴിലാളി സമരസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. അര്‍ധരാത്രി മുതലാണ് തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്. അതേസമയം, ഇതര ജില്ലകളില്‍ നിന്നു സര്‍വീസ് നടത്തുന്ന ബസ്സുകള്‍ ജില്ലയില്‍ തടയില്ലെന്നു സമര സമിതി നേതാക്കള്‍ അറിയിച്ചു. ഇന്നലെ രാവിലെ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ബസ്സുടമകള്‍ പിന്‍മാറിയതോടെ ചര്‍ച്ച വൈകീട്ടേക്കു മാറ്റുകയായിരുന്നു.
തുടര്‍ന്നു ജില്ലാ ലേബര്‍ ഓഫിസില്‍ വൈകീട്ട് നടത്തിയ ചര്‍ച്ചയിലും ബോണസ് ആക്റ്റില്‍ പറയാത്ത ബോണസ് അനുവദിക്കില്ലെന്നു ബസ്സുടമകള്‍ വാദിച്ചു. എന്നാല്‍ പതിറ്റാണ്ടുകളായി ലഭിക്കുന്ന കസ്റ്റമറി ബോണസാണ് തങ്ങള്‍ ഇക്കുറിയും ആവശ്യപ്പെടുന്നതെന്നും ഇതിനു ബോണസ് ആക്റ്റുമായി ബന്ധമില്ലെന്നും തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ പറഞ്ഞു. ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു. അതേസമയം, ഇന്നു വൈകീട്ട് മൂന്നിനു കോഴിക്കോട് റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ജില്ലാ ലേബര്‍ ഓഫിസില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു. ചര്‍ച്ചയില്‍ തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. ചര്‍ച്ചയില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ സുനില്‍ തോമസ്, കെ കെ നാരായണന്‍ എംഎല്‍എ, ബസ്സുടമകളെ പ്രതിനിധീകരിച്ച് കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി ജെ സെബാസ്റ്റ്യന്‍, വൈസ് ചെയര്‍മാന്‍ കെ രാജ്കുമാര്‍, പി കെ പവിത്രന്‍, ശിവരാജന്‍, കെ ജയരാജന്‍, കെ പി സഹദേവന്‍, പി വി കൃഷ്ണന്‍(സിഐടിയു), പി സൂര്യദാസ്, എന്‍ പ്രസാദ്(ഐഎന്‍ടിയുസി), താവം ബാലകൃഷ്ണന്‍, കെ പി രവീന്ദ്രന്‍(എഐടിയുസി), മുസമ്മില്‍ കോറോത്ത്(എസ്ടിയു), സി വി രാജേഷ്, കെ കെ ശ്രീജിത്ത്(ബിഎംഎസ്) പങ്കെടുത്തു.
Next Story

RELATED STORIES

Share it