thrissur local

അനുമോദനങ്ങളുമായി അമ്മയെത്തി; ഇനി ഡിഗ്രി പഠിക്കണമെന്നു ജോണി



അത്താണി: പത്താം ക്ലാസ് പരീക്ഷ ഫസ്റ്റ് ക്ലാസോടെ പാസായ പെരിങ്ങണ്ടൂര്‍ പോപ്പ് ജോണ്‍ പോള്‍ പീസ് ഹോമിലെ ജോണിക്ക് അനുമോദനങ്ങളുമായി അമ്മയും സഹോദരിയും എത്തി. ഒപ്പം വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാനും കൗണ്‍സിലറും. സന്തോഷായി, എന്റെ മോന്‍ പത്താം ക്ലാസ് ജയിച്ചല്ലോ. മൂത്ത മകള്‍ ഷൈനി പത്താം ക്ലാസില്‍ തോറ്റപ്പോള്‍ മക്കളില്‍ ആരെങ്കിലും പത്തു കടക്കണമെന്നു മോഹിച്ചതാണ്. സുഖമില്ലാത്ത ഇവനാണ് അതു സാധിച്ചെടുത്തത്. അമ്മ പറഞ്ഞു.വര്‍ഷങ്ങള്‍ക്കുശേഷം അമ്മ കമലയേയും സഹോദരി ഷൈനിയേയും കണ്ടപ്പോള്‍ ജോണി കമിഴ്ന്നു കിടന്നുകൊണ്ടുതന്നെ പൊട്ടിച്ചിരിച്ചു, തുള്ളിച്ചാടി. അമ്മ അരികിലിരുന്ന് മടിയിലേക്ക് ജോണിയുടെ തലയെടുത്തുവച്ച് തലോടി.എനിക്ക് ഇനിയും പഠിക്കണം. ഡിഗ്രി വേണം. അതിനെന്താ ഒരു വഴി?’ അനുമോദനപ്പൂച്ചെണ്ടുകളുമായി എത്തിയ വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയര്‍മാന്‍ അനുപ് കിഷോറിനോടു ജോണി ചോദിച്ചു. പ്ലസ് ടു പഠിച്ചാല്‍ രണ്ടു വര്‍ഷം നഷ്ടപ്പെടും. എങ്കില്‍ നേരിട്ട് ഓപ്പണ്‍ യൂനിവേഴ്‌സിറ്റി മുഖേന ഡിഗ്രി പഠിച്ചു പരീക്ഷ എഴുതാമെന്നു വൈസ് ചെയര്‍മാന്‍ അനൂപ് കിഷോറും പീസ് ഹോം ഡയറക്ടര്‍ ഫാ. ജീജോ വള്ളൂപ്പാറയും പറഞ്ഞു. നഗരസഭയുടെ പിന്തുണയുണ്ടാകുമെന്ന് വൈസ് ചെയര്‍മാന്‍ വാക്കുനല്‍കി. കൈകാലുകള്‍ക്കു ശേഷിയില്ലാത്ത ജോണിക്കു സദാസമയവും കമിഴ്ന്നു കിടക്കാനേ കഴിയൂ. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല. കുളിയും ഭക്ഷണം കഴിക്കലും അടക്കമുള്ള പ്രാഥമിക കാര്യങ്ങളെല്ലാം നിര്‍മലദാസി സിസ്റ്റര്‍മാരാണ്  ചെയ്തുകൊടുക്കുന്നത്. സംസാരശേഷിയും കുറവാണ്. പരിപാലിക്കാന്‍ കഴിയാത്തതുമൂലമാണ് അമ്മ 22 വര്‍ഷം മുമ്പ് ജോണിയെ പീസ് ഹോമില്‍ എത്തിച്ചത്.  പാലക്കാട് ജില്ലയിലെ ഒലിപ്പാറയാണ് ജോണിയുടെ മാതാപിതാക്കളുടെ സ്വദേശം. പിതാവ്  വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു. അമ്മ എറണാകുളത്ത് ചെറിയ കച്ചവടത്തിലൂടെയാണ് ഉപജീവനം നടത്തുന്നത്. 15 വര്‍ഷമായി അവിടെ ചെറിയൊരു വാടക വീട്ടിലാണു താമസം. രണ്ടു പെണ്‍മക്കളടക്കം നാലു മക്കളുണ്ട്. ടാപ്പിങ് അടക്കമുള്ള തൊഴിലെടുത്താണ് അവര്‍ ജീവിക്കുന്നത്.
Next Story

RELATED STORIES

Share it