Flash News

അനുനയ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കണ്ണൂരിലെ കീഴാറ്റൂര്‍ ബൈപാസ് നിര്‍മാണത്തിനെതിരേയുള്ള വയല്‍ക്കിളി സമരം ശക്തമാവുന്നതിനിടെ അനുനയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ബൈപാസിനു പകരം എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നതിനുള്ള സാധ്യത ആരാഞ്ഞുകൊണ്ട് പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍ കേന്ദ്രത്തിനു കത്തയച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്കാണ് കത്തയച്ചത്.
ബൈപാസിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ വയല്‍ നഷ്ടമാവുമെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്ന് സുധാകരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. എലിവേറ്റഡ് ഹൈവേ പണിതാല്‍ വയല്‍ സംരക്ഷിക്കാനാവുമെന്നും മന്ത്രി വിശദമാക്കി. എലിവേറ്റഡ് ഹൈവേയുടെ കാര്യത്തില്‍ ഭൂമി ഏറ്റെടുക്കുക എന്ന കാര്യം മാത്രമേ സംസ്ഥാന സര്‍ക്കാരിനു ചെയ്യാനുള്ളൂ. പാത പണിയുന്നതും മറ്റുമൊക്കെ ദേശീയപാതാ അതോറിറ്റിയാണ് തീരുമാനിക്കുന്നത്. ഹൈവേ നിര്‍മിച്ച ശേഷം ഭൂമി മിച്ചമുണ്ടെങ്കില്‍ അത് കര്‍ഷകര്‍ക്കു തന്നെ വിട്ടുകൊടുക്കാവുന്നതേയുള്ളൂ.
ഇതാണ് ഇപ്പോള്‍ സംസ്ഥാനത്തെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇതിലൂടെ ഇപ്പോഴത്തെ വിവാദങ്ങളില്‍ നിന്ന് തലയൂരാമെന്നും സംസ്ഥാന സര്‍ക്കാര്‍ കരുതുന്നു. എലിവേറ്റഡ് ഹൈവേ എന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതിലൂടെ പന്ത് ബിജെപിയുടെയും കേന്ദ്രത്തിന്റെയും കോര്‍ട്ടിലാക്കാനും സര്‍ക്കാരിനാവും. എലിവേറ്റഡ് ഹൈവേയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരോക്ഷമായി പിന്തുണച്ചിട്ടുണ്ട്. മാത്രമല്ല, കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും പരിസ്ഥിതിക്കും സിപിഎം എതിരല്ലെന്ന സന്ദേശവും പുതിയ ആവശ്യത്തിലൂടെ നല്‍കാനാവുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
Next Story

RELATED STORIES

Share it