kasaragod local

അനുഗ്രഹം ചൊരിഞ്ഞ് കാര്‍ത്തിക ചാമുണ്ഡിയും കാലിച്ചേകവനും അരയി പുഴ കടന്നു

കാഞ്ഞങ്ങാട്: അരിവിതച്ച് അരയിയെ സമൃദ്ധമാക്കിയ അരയി ചാമുണ്ടി അരയി പുഴകടന്നത് ഭക്തര്‍ക്ക് നിര്‍വൃതിയായി. വടക്കേമലബാറിലെ തെയ്യങ്ങള്‍ക്ക് തുടക്കം കുറിച്ച് അരയി കാര്‍ത്തിക കാവില്‍ നിന്നും ഇന്നലെ വൈകീട്ടോടെയാണ് കാര്‍ത്തിക ചാമുണ്ടിയും കാലിച്ചേകവനും തോണി കടന്ന് അരയിലെ കൃഷിയിടങ്ങള്‍ നോക്കി കണ്ടത്. വിത്ത് വിതക്കുന്നതിനും പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും തെയ്യത്തിനെ ആശ്രയിക്കുന്ന വടക്കേമലബാറിലെ തെയ്യാട്ടത്തിന് തുടക്കം കുറിച്ചാണ് അരയിയിലെ വയലുകള്‍ സന്ദര്‍ശിക്കാന്‍ തെയ്യങ്ങള്‍ പുറപ്പെട്ടത്.
വയലുകളുടേയും കൃഷിയുടേയും സംരക്ഷകയാണ് കാര്‍ത്തിക ചാമുണ്ഡിയും തേയ്യത്തുകാരിയുമെന്നാണ് ഐതീഹ്യം. ഇവര്‍ക്കൊപ്പം ഗുളികന്‍ തെയ്യവും കൂടെ ചേര്‍ന്നാണ് തോണിയില്‍ കാലിച്ചേകവനെ കാണാനെത്തുന്നത്. വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷകനാണ് കാലിച്ചേകവന്‍ തെയ്യം. കാര്‍ത്തിക ചാമുണ്ഡിയും കാലിച്ചേകവനും കണ്ടുമുട്ടി കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു. തുടര്‍ന്ന് ദീര്‍ഘ സംഭാഷണം പൂര്‍ത്തിയാക്കി ഭക്തരെ തെയ്യങ്ങള്‍ അനുഗ്രഹിച്ചു. തെയ്യങ്ങള്‍ തോണിയേറി വരുന്ന കാഴ്ച കാണാനായി നിരവധി ആളുകള്‍ കാത്തു നിന്നിരുന്നു. ഈശ്വര സങ്കല്‍പ്പത്തെ പ്രകൃതിയുമായി ചേര്‍ത്തുകാണുന്നതാണ് ചാമുണ്ഡി കാലിച്ചേകവന്‍ കൂടിക്കാഴ്ചയുടെ ആധാരം. കന്നുകാലികളുടെ സഹായമില്ലാതെ കൃഷിയിറക്കാന്‍ കഴിയാതിരുന്ന കാലത്തെ ഓര്‍മപെടുത്തല്‍ കൂടിയാണ് തെയ്യങ്ങളുടെ കണ്ടുമുട്ടല്‍. കളിയാട്ടത്തിന് ശേഷമാണ് കൃഷിപ്പണികള്‍ക്ക് തുടക്കമാവുന്നത്.
Next Story

RELATED STORIES

Share it