palakkad local

അനുകൂല കാലാവസ്ഥയും ഉയര്‍ന്ന വിലയും വാഴ കര്‍ഷകര്‍ക്ക് അനുഗ്രഹമാവുന്നു

ആനക്കര: അനുകൂല കാലവസ്ഥയും നേന്ത്രക്കായുടെ ഉയര്‍ന്ന വിലയും ഇത്തവണ വാഴകര്‍ഷകര്‍ക്ക് അനുഗ്രഹമാകും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഓണവും വലിയ പെരുന്നാളും ഒരുമിച്ച് വരുന്നതിനാല്‍ രണ്ടിനും കൂടി ഒറ്റ വിളവെടുപ്പ് നടത്തിയാല്‍ മതിയെന്നതും കര്‍ഷകര്‍ക്കു ആശ്വാസമാവുകയാണ്.

ഓണത്തെപ്പോലെ പൊരുന്നാളിലും നേന്ത്രവാഴകുലകള്‍ വാങ്ങുന്ന പതിവുണ്ട്. മലബാറില്‍ തന്നെ പരുതൂരിലെ നേന്ത്രക്കായകള്‍ക്കാണ് ഏറെ പ്രിയം. ഓണത്തിന് കേരളത്തിലെ വിവിധയിടങ്ങളിലേക്ക് കാഴ്ചക്കുലകള്‍ എത്തിക്കുന്ന ജില്ലയിലെ പ്രധാന വാഴത്തോട്ടങ്ങളാണ് പരുതൂര്‍ പഞ്ചായത്തിലുള്ളത്. നിലവില്‍ കര്‍ക്കടക വാഴകളുടെ വിളവെടുപ്പാണ് പൂര്‍ത്തിയായി വരുന്നത്.
ഇവിടെ പുതുതായി വാഴകള്‍ വെച്ചു തുടങ്ങിയിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ കാറ്റിലും മഴയിലും വലിയ നാശനഷ്ടങ്ങളാണ് കര്‍ഷകര്‍ക്കുണ്ടായത്. വിപണിയിലെ വിലയിടിവും തിരിച്ചടിയായി. കുലകള്‍ നേരിട്ട് വിപണിയിലെത്തിച്ചിട്ടും ശരാശരി 25 രൂപയാണ് വില ലഭിച്ചത്. എന്നാല്‍ ഇത്തവണ വിളവെടുക്കുമ്പോള്‍ തന്നെ വിപണയിലേക്കുള്ള കുലകള്‍ നേരിട്ടെത്തി വാങ്ങുന്നുണ്ട്. കിലോയ്ക്ക് അന്‍പത് രൂപയോളം വിലയും കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്.വാഴ കുലയ്ക്കുന്നതിന് മുന്‍പ് കനത്ത മഴയുണ്ടായാല്‍ സാധാരണ വിളവ് കുറയാറുണ്ട്.
ഇത്തവണ വേനല്‍ മഴ മിതമായ രീതിയില്‍ ലഭിക്കുകയും ശക്തിയായ കാറ്റില്ലാതിരിക്കുകയും ചെയ്തത് കര്‍ഷകരെ തുണച്ചു. കുതിരവാലി എന്നും തെക്കന്‍ കായ എന്നും വിളിക്കുന്ന ഇനമാണ് കൂടുതലും കര്‍ക്കടകത്തിലേക്ക് കൃഷി ചെയ്തത്. എന്നാല്‍ വിപണിയില്‍ കദളിക്കാണ് കൂടുതല്‍ വില കിട്ടുന്നത്. വിപണി സാധ്യതകള്‍ കണ്ടു കൊണ്ട് തന്നെ കര്‍ഷകര്‍ ഇപ്പോള്‍ കദളിയിലേക്ക് കൂടുതലായി തിരിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ റോബസ്റ്റയുടെ വിപണി വില കുത്തനെ ഇടിഞ്ഞതു കാരണം ഇത്തവണ റോബസ്റ്റ കുറവാണ്. എന്നാല്‍ കഴിഞ്ഞ തവണ റോബസ്റ്റയ്ക്ക് ഏഴും എട്ടും രൂപ കര്‍ഷകര്‍ക്ക് കിട്ടിയ സ്ഥാനത്ത് ഇപ്പോള്‍ 15 മുതല്‍ 18 രൂപ വരെ ലഭിക്കുന്നുണ്ട്. ഓണം സീസണിനായുള്ള വാഴകള്‍ ഇപ്പോള്‍ കുലച്ചു തുടങ്ങിയതോടെ മുട്ടു വെച്ചു തുടങ്ങിയിട്ടുണ്ട്.ഒരു വാഴയ്ക്കായി ശരാശരി 250, 300 രൂപയാണ് നടലും പരിചരണവും മുട്ടുവെക്കലുമെല്ലാമായി ചെലവാകുന്നത്. മുട്ടുവെക്കാന്‍ മുളയ്ക്ക് തന്നെ 100, 150 രൂപ ചെലവാകും.
സ്ഥലം പാട്ടത്തിനെടുത്തതും ജലസേചനത്തിനുമായുള്ള ചെലവ് വേറെയും. ഇങ്ങനെയുളള സാഹചര്യങ്ങളിലാണ് കാലാവസ്ഥയും വിപണിയും കര്‍ഷകരുടെ വിധി നിശ്ചയിക്കുന്നത്. വര്‍ഷകാലത്ത് ശരിയായ പരിചരണം ലഭിച്ചില്ലെങ്കില്‍ കര്‍ഷകരുടെ ഒരു വര്‍ഷത്തെ പ്രയത്‌നമാകും നശിക്കുക.
2013 ല്‍ ഉണ്ടായ കാറ്റിലും മഴയിലംു നേന്ത്രവാഴതോട്ടങ്ങളില്‍ ലക്ഷകണക്കിന് രൂപയുടെ നാശനഷ്ട്ടമുണ്ടായിരുന്നു ഇതിന്റെ നഷ്ട്ട പരിഹാര തുക വരും ദിവസങ്ങളില്‍ ലഭിക്കുമെന്ന അറിയിപ്പും അടുത്ത ദിവസങ്ങളില്‍ ലഭിച്ചിരുന്നു.
ഔരു വാഴക്ക് നൂറ് രൂപവെച്ചാണ് നഷ്ട്ട പരിഹാരം ഈ തുക പോരന്നാണ് വാഴകര്‍ഷകരുടെ പരാതി. നേന്ത്രവാഴകളുടെ നഷ്ട്ട പരിഹാര തുക വര്‍ദ്ധിപ്പിക്കണമെന്നാവശ്യവും കര്‍ഷകര്‍ ഉയര്‍ത്തുന്നുണ്ട്.
Next Story

RELATED STORIES

Share it