malappuram local

അനുകൂലിച്ചും പ്രതികൂലിച്ചും കോണ്‍ഗ്രസ് ഭാരവാഹികള്‍

കൊണ്ടോട്ടി: നഗരസഭയില്‍ യുഡിഎഫ് ബന്ധം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മുനിസിപ്പല്‍ ഭാരവാഹികളോട് നിലപാട് ആരാഞ്ഞു. ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്, എ പി അനില്‍കുമാര്‍ എംഎല്‍എ, ഇ മുഹമ്മദ് കുഞ്ഞി, വി എ കരീം, കെ പി അബ്ദുല്‍ മജീദ് എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ കൊണ്ടോട്ടിയിലെത്തി പ്രവര്‍ത്തകരെ കണ്ട് നിലപാട് ചോദിച്ചറിഞ്ഞത്. നഗരസഭ പരിധിയിലെ ബ്ലോക്ക് ഭാരവാഹികള്‍, ബൂത്ത് പ്രസിഡന്റുമാര്‍, കൗണ്‍സിലര്‍മാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, യൂത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ തുടങ്ങിയവരെ വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രത്യേകം വിളിപ്പിച്ചാണ് നിലപാട് അറിഞ്ഞത്. സിപിഎമ്മുമായി ഒന്നിച്ചു ഭരിക്കുന്ന വിഷയത്തില്‍ പാര്‍ട്ടിക്കുളളില്‍ രണ്ട് അഭിപ്രായമാണ് ജില്ലാ നേതൃത്വത്തിനും കേള്‍ക്കാനായത്. കൗണ്‍സിലര്‍മാരും മതേതര വികസന മുന്നണിക്ക് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും സിപിഎമ്മിന് കുറച്ചുസമയത്തേക്ക് ഭരണം നടത്താന്‍ അവസരം നല്‍കണമെന്ന് അഭിപ്രായമാണ് അറിയിച്ചത്. ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട് രണ്ട് വര്‍ഷം കോണ്‍ഗ്രസ്സിനെ പിന്തുണച്ചവരെ ഒറ്റെയടിക്ക് ഒഴിവാക്കുന്നത് വേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍, കോണ്‍ഗ്രസ്സിനും നേതാക്കള്‍ക്കുമെതിരേ നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിന് ഒരു അവസരവും കൊടുക്കേണ്ടതില്ലെന്ന് വാദിച്ചവരും കുറവല്ല.
കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്നുള്ള മതേതര വികസന മുന്നണിയാണ് നഗരസഭ ഭരിക്കുന്നത്. കോണ്‍ഗ്രസ് മുസ്‌ലിംലീഗുമായി ചേര്‍ന്നാല്‍ നഗരസഭ ഭരണം യുഡിഎഫിന് ലഭിക്കും. നിലവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സിപിഎം സംസ്ഥാന തലത്തില്‍ നടത്തുന്ന കുപ്രചാരണം നിലനില്‍ക്കെ കൊണ്ടോട്ടിയില്‍ സിപിഎമ്മിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതിനോട് നേതാക്കള്‍ക്കും അതൃപ്തിയാണ്.
മുസ്‌ലിംലീഗും പ്രശ്‌നം സംസ്ഥാന തലത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ജില്ലാ നേതൃത്വം തയ്യാറാക്കിയ റിപോര്‍ട്ട് കെപിസിസിക്ക് കൈമാറും. അന്തിമ തീരുമാനം കെപിസിസിയുടേതായിരിക്കും.
Next Story

RELATED STORIES

Share it