അനീബ് മാവോവാദിയാണെന്ന് പോലിസ് പ്രചാരണം നടത്തി: കെയുഡബ്ല്യുജെ

തിരുവനന്തപുരം: ഞാറ്റുവേല സാംസ്‌കാരിക സംഘം സംഘടിപ്പിച്ച ചുംബനത്തെരുവ് പരിപാടി റിപോര്‍ട്ട് ചെയ്യുന്നതിനിടെ അറസ്റ്റ് ചെയ്യപ്പെട്ട തേജസ് ലേഖകന്‍ പി അനീബ് മാവോവാദിയാണെന്ന് പോലിസ് പ്രചാരണം നടത്തിയെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍. അനീബ് പരിപാടി റിപോര്‍ട്ട് ചെയ്യാനല്ല, പ്രശ്‌നമുണ്ടാക്കാന്‍ വന്നതാണെന്നാണ് ആദ്യഘട്ടത്തില്‍ പോലിസ് പ്രചരിപ്പിച്ചതെന്ന് കേരള പത്രപ്രവര്‍ത്തകയൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി എ ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍ പോലിസ് നല്‍കിയ വാര്‍ത്തയ്ക്ക് ആദ്യം മുന്‍തൂക്കം കിട്ടി. സംഭവം അത്തരത്തില്‍ പ്രചരിപ്പിച്ചാല്‍ പത്രപ്രവര്‍ത്തകര്‍ക്ക് തെരുവില്‍ ഇറങ്ങേണ്ടിവരുമെന്ന് പോലിസിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മറ്റ് വകുപ്പുകള്‍ ഒഴിവാക്കി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ വകുപ്പ് മാത്രം ചുമത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അനീബിനെ ജയിലിലാക്കരുതെന്ന് മന്ത്രി രമേശ് ചെന്നിത്തലയോട് തലസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വഴി ആവശ്യപ്പെട്ടു.
വ്യാജ കേസുകള്‍ അനീബിന്റെ പേരില്‍ ചാര്‍ത്തിയാല്‍ വലിയ പ്രതിഷേധം ഉണ്ടാവുമെന്ന് അറിയിച്ചു. അങ്ങനെ സംഭവിക്കില്ലെന്ന് മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പും നല്‍കി. ശനിയാഴ്ച കോടതി അവധിയായതിനാലാണ് ജാമ്യം ലഭിക്കാതെ പോയത്. കോടതിയില്‍ കേസ് പരിഗണിച്ച ജഡ്ജി പറഞ്ഞത് ഒരു പോലിസുകാരന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന വകുപ്പ് മാത്രമേയുള്ളുവെന്നാണ്. ആദ്യഘട്ടത്തില്‍ പോലിസ് വേറെചില വകുപ്പുകള്‍ അനീബിന്റെ പേരില്‍ ചേര്‍ത്തിരുന്നു. യൂനിയന്‍ ഇടപെട്ടതിനാലാണ് പോലിസ് ഇതെല്ലാം ഒഴിവാക്കിയത്. യൂനിയന്‍ സംസ്ഥാന പ്രസിഡന്റും കോഴിക്കോട്ടെ ജില്ലാ ഭാരവാഹികളും അനീബിനെ ജയിലില്‍ പോയിക്കണ്ടു. കോഴിക്കോട് ജില്ലാ കമ്മിറ്റിയും സംഭവത്തിന്റെ പിന്നാലെ ഉണ്ടായിരുന്നു.
തേജസിന്റെ യൂനിയന്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടാണ് കാര്യങ്ങള്‍ ചെയ്തത്. കോഴിക്കോട് പോലിസ് അസിസ്റ്റന്റ് കമ്മീഷണറാണ് കേസെടുത്തത്. അനീബിന് ജാമ്യം എടുക്കാന്‍ യൂനിയന്റെ ഭാഗത്തുനിന്ന് ബന്ധുക്കള്‍ക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it