അനീബിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

കോഴിക്കോട്: ചുംബനത്തെരുവ് പരിപാടി റിപോര്‍ട്ടിങ്ങിനിടെ പോലിസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുന്ന തേജസ് ലേഖകന്‍ പി അനീബിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ഇന്നലെ കേസ് പരിഗണിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (ആറ്) വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു. പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഐപിസി 332, 341 വകുപ്പുകള്‍ പ്രകാരവും അടിപിടിയില്‍ ഉള്‍പ്പെട്ടതിന് ഐപിസി 160 എ പ്രകാരവുമാണ് അനീബിനെതിരേ കേസ് ചുമത്തിയിട്ടുള്ളത്.
ചുംബനത്തെരുവ് പരിപാടിയില്‍ പങ്കെടുക്കണമെന്ന ഉദ്ദേശ്യത്തോടെ സ്ഥലത്തെത്തിയ അനീബ് പോലിസിനെ ആക്രമിച്ചു എന്ന പോലിസിന്റെ വിശദീകരണം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. അതേസമയം, അനീബ് മാധ്യമപ്രവര്‍ത്തകനാണെന്നും ജോലിയുടെ ഭാഗമായി റിപോര്‍ടിങ്ങിനെത്തിയതാണെന്നും അടിപിടിക്കിടയില്‍പ്പെട്ടതാണെന്നും അനീബിനു വേണ്ടി ഹാജരായ സുപ്രിംകോടതി അഭിഭാഷകന്‍ കെ രാജഗോപാല്‍ വാദിച്ചു. പോലിസ് ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം കോടതിയെ ധരിപ്പിച്ചു. തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും കമ്മീഷണര്‍ റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റിയ കേസിലാണ് ഇന്ന് വിധി.
Next Story

RELATED STORIES

Share it