അനീബിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് കാംപയിന്‍

കോഴിക്കോട്: സവര്‍ണ ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരേ ഞാറ്റുവേല സാംസ്‌കാരിക സംഘം സംഘടിപ്പിച്ച ചുംബനത്തെരുവ് പരിപാടി റിപോര്‍ട്ട് ചെയ്യവെ പോലിസ് അറസ്റ്റ് ചെയ്ത തേജസ് ലേഖകന്‍ പി അനീബിനെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് കാംപയിന്‍.
ഐ ആം വിത്ത് അനീബ്, റിലീസ് ദ ജേണലിസ്റ്റ് (ഞാന്‍ അനീബിനൊപ്പം, പത്രപ്രവര്‍ത്തകനെ മോചിപ്പിക്കുക) എന്ന വാചകത്തോട് കൂടിയ പ്രസ്താവനകള്‍ വ്യാപകമാവുന്നു. അനീബിനെ നിരുപാധികം വിട്ടയക്കുക, ഭരണകൂട ഭീകരത അവസാനിപ്പിക്കുക, പോലിസ് ക്രൂരതയ്‌ക്കെതിരേ പ്രതിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് ആരംഭിച്ച കാംപയിന്‍ ആവശ്യപ്പെടുന്നത്. അനീബിന്റെ മുഖമുള്ള പ്രൊഫൈല്‍ ചിത്രങ്ങളും കവര്‍ ചിത്രങ്ങളും ഫേസ്ബുക്കില്‍ പരക്കെ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. പോലിസ് നടപടിയില്‍ പ്രതിഷേധിച്ചും അനീബിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും സാംസ്‌കാരിക പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും രംഗത്തെത്തികഴിഞ്ഞു. ഐ ആം വിത്ത് അനീബ് എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പില്‍ ആയിരക്കണക്കിന് പേരാണ് അംഗങ്ങളായിട്ടുള്ളത്. ഐ ആം വിത്ത് അനീബ് എന്ന പേരില്‍ പ്രതിഷേധ കൂട്ടായ്മയ്ക്കും ഫേസ്ബുക്കില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
6ാം തിയ്യതി വൈകീട്ട് നാലിന് കോഴിക്കോട് മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണര്‍ പരിസരത്ത് പ്രക്ഷോഭ പരിപാടിക്കും ആഹ്വാനം ചെയ്തിട്ടുണ്ട്. കള്ളക്കേസ് ചുമത്തി ജയിലിലടച്ച അനീബിനെ ഉടന്‍ വിട്ടയക്കണം, അനീബിനെ മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. അനീബിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകരായ മീനാ കന്തസാമി, പ്രഫ. ടി ടി ശ്രീകുമാര്‍, മനീഷാ സേത്തി, വെങ്കിടേശ് രാമകൃഷ്ണന്‍, കെ ജി ശങ്കരപ്പിള്ള, ഗൗരീദാസന്‍ നായര്‍, കെ എം വേണുഗോപാല്‍, ഐ ഗോപിനാഥ്, ഗോപാല്‍ മേനോന്‍, എം എച്ച് ഇല്യാസ് തുടങ്ങിയവര്‍ ഫേസ്ബുക്കിലും ട്വിറ്ററിലും വാട്‌സ്ആപ്പിലും പ്രതികരിച്ചു കഴിഞ്ഞു.
ഡല്‍ഹിയിലും കേരളത്തിലുമുള്ള ധാരാളം മാധ്യമപ്രവര്‍ത്തകര്‍ അനീബിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, അന്യായമായി അനീബിന്റെ വാട്‌സ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കുന്ന പോലിസിനെതിരേയും പ്രതിഷേധം ശക്തമാണ്. മാവോവാദി എന്ന മുദ്രകുത്തി അനീബിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന പത്രപ്രവര്‍ത്തകര്‍ക്കെതിരേയും പ്രതിഷേധമുയര്‍ന്നു.
Next Story

RELATED STORIES

Share it