kozhikode local

അനീബിനെതിരായ മര്‍ദ്ദനം; മാധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും കാണിച്ച മൗനം കുറ്റകരം: എന്‍ പി ചെക്കുട്ടി

കോഴിക്കോട്: പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് വേരുള്ള സ്ഥലത്ത് പത്രപ്രവര്‍ത്തകന്‍ ഭീകരമായി മര്‍ദ്ദിക്കപ്പെട്ടിട്ടും മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും കാണിച്ച മൗനം കുറ്റകരമാണെന്ന് തേജസ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി പറഞ്ഞു. പൗരാവകാശ ലംഘനവും മാധ്യമനിലപാടും വിഷയത്തില്‍ മൂവ്‌മെന്റ് ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനീബ് ചെയ്ത കുറ്റം, അനീതി നേരിട്ട് കണ്ടപ്പോള്‍ അതിനോട് പ്രതികരിച്ചുവെന്നതാണ്. യൂനിഫോമിട്ട പോലിസുകാരനാണെങ്കില്‍ പോലും ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഇതേമട്ടില്‍ പ്രതികരിക്കാന്‍ സാധ്യതയുണ്ട്. വ്യക്തിയുടെ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും മേല്‍ പോലിസും ഭരണകൂടവും നടത്തുന്ന അക്രമങ്ങളെ പ്രതിരോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതും മാധ്യമങ്ങളാണ്. എന്നാല്‍ മാധ്യമങ്ങള്‍ ആ ചുമതല നിറവേറ്റാതെ മര്‍ദ്ദനമേറ്റവര്‍ക്കെതിരെ നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. അവര്‍ ഹനുമാന്‍സേനയുടെ പരോക്ഷ രക്ഷകരായി. നീതിക്കു വേണ്ടിയുള്ള സാധാരണ മനുഷ്യരുടെ സമരങ്ങളെ രാജ്യദ്രോഹകുറ്റമാണെന്ന് മുദ്രകുത്തി ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്നും ഇതിനെതിരെ രാഷ്ട്രീയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്‍വീനര്‍ അഡ്വ. ജോണി സെബാസ്റ്റിയന്‍ അധ്യക്ഷതവഹിച്ചു. എം വി കരുണാകരന്‍, അഡ്വ. പി കുമാരന്‍കുട്ടി, കെ അനില്‍കുമാര്‍, ഡോ. പ്രസാദ്, മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുഹൈല്‍, അഡ്വ. പി കെ നിര്‍മല, അഡ്വ. എ കെ സുകുമാരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it