Flash News

അനീതിക്കിരയാവുന്നവരുടെ അന്താരാഷ്ട്ര സാഹോദര്യം വേണം: എന്‍ പി ചെക്കുട്ടി

അനീതിക്കിരയാവുന്നവരുടെ അന്താരാഷ്ട്ര സാഹോദര്യം വേണം: എന്‍ പി ചെക്കുട്ടി
X
കോഴിക്കോട്: ജറുസലേമിനെ ഏകപക്ഷീയമായി ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരേ കോഴിക്കോട്ട് പ്രതിഷേധസംഗമം. 'ജറുസലേം ഫലസ്തീനില്‍ തന്നെ നിലനിര്‍ത്തുക' എന്ന മുദ്രാവാക്യമുയര്‍ത്തി സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ പ്രതിഷേധസംഗമം സംഘടിപ്പിച്ചത്. തേജസ് ദിനപത്രം ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി ഉദ്ഘാടനം ചെയ്തു.



അനീതിക്കിരയാവുന്നവരുടെ അന്താരാഷ്ട്ര കൂട്ടായ്മ വളരെ പ്രധാനമാണെന്നു ചെക്കുട്ടി പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന അനീതികള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കുമെതിരേ ജനകീയ പ്രതിഷേധം ഉയര്‍ത്തുന്ന കാര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇന്നു വളരെ പിറകിലാണ്. ഏഴു പതിറ്റാണ്ടായി ഫലസ്തീനികള്‍ മാതൃഭൂമിയില്‍ ജീവിക്കാന്‍ കൊടിയ പീഡനങ്ങള്‍ സഹിക്കുകയാണ്. ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാന്‍ അമേരിക്കയ്ക്ക് എന്ത് അധികാരമാണുള്ളത്. ഐക്യരാഷ്ട്ര പൊതുസഭയില്‍ ട്രംപിന്റെ ജറുസലേം പ്രഖ്യാപനത്തിനെതിരേ 128 രാജ്യങ്ങള്‍ വോട്ട് ചെയ്തു. 35 രാജ്യങ്ങള്‍ വിട്ടുനിന്ന് ഫലസ്തീനികളോടുള്ള കൂറുതെളിയിച്ചു. ഇത്രയും രാജ്യങ്ങളുടെ പിന്തുണ ഫലസ്തീന് ലഭിച്ചത് ലോകത്തെ മനുഷ്യസ്‌നേഹികള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. ലോകം പഴയ ലോകമല്ല. ലോക മുസ്‌ലിം സമൂഹവും പഴയപോലെ ദുര്‍ബലരല്ലെന്ന് ഇസ്രായേലിന് സമീപഭാവിയില്‍ മനസ്സിലാവും. 1967ലെ യുദ്ധത്തില്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലിനോട് തോെറ്റങ്കിലും ഇന്നു കാര്യങ്ങള്‍ അത്ര എളുപ്പമല്ല. എതാനും വര്‍ഷം മുമ്പ് ഫലസ്തീനി പ്രതിരോധപ്രസ്ഥാനമായ ഹമാസിനോടും ലബ്‌നാനിലെ ഹിസ്ബുല്ലയോടും നടത്തിയ യുദ്ധങ്ങളില്‍ ഇസ്രായേല്‍ വിറച്ചിട്ടുണ്ട്. അധികം വൈകാതെ ഫലസ്തീനികള്‍ സ്വന്തം മണ്ണില്‍ അധികാരം സ്ഥാപിക്കും. ലോകത്തെ പോരാടുന്ന സമൂഹങ്ങളുടെ മഹത്തായ പ്രസ്ഥാനങ്ങള്‍ ഫലസ്തീനികളുടെ അതിജീവന പോരാട്ടങ്ങള്‍ക്കു പിന്തുണ നല്‍കണമെന്നും ചെക്കുട്ടി പറഞ്ഞു. അമേരിക്ക അവര്‍ക്ക് ലോകത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ മൂന്നാം ലോകയുദ്ധത്തിന് കോപ്പുകൂട്ടുകയാണെന്ന് തുടര്‍ന്നു സംസാരിച്ച എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു പറഞ്ഞു. ഇത്ര വലിയ പ്രതിസന്ധികള്‍ക്കിടയിലും തളരാതെ തകരാതെ പൊരുതിനില്‍ക്കുന്ന ഫലസ്തീന്‍ ജനത വലിയ മാതൃകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു. പിറന്നുവീഴുന്ന ഓരോ കുഞ്ഞിനെയും പോരാടാനയക്കുന്ന ആ മണ്ണ് ലോകത്ത് അധിനിവേശങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന സമൂഹങ്ങള്‍ക്ക് ആവേശം പകരുന്നു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍, വിളയോടി ശിവന്‍കുട്ടി (എന്‍സിഎച്ച്ആര്‍ഒ), എന്‍ കെ സുഹറാബി (വിമന്‍ ഇന്ത്യ മൂവ്‌മെന്റ്), പി കെ സലീം (കാംപസ് ഫ്രണ്ട്), മുസ്തഫ കൊമ്മേരി, നജീബ് അത്തോളി, സലീം കാരാടി സംബന്ധിച്ചു.

Next Story

RELATED STORIES

Share it