അനിഷേധ്യ നേതാവിന്റെ അനിവാര്യ പതനം...

വ്യവസായ ലോകത്തും ഇന്ത്യന്‍ ക്രിക്കറ്റിലും കിരീടം വയ്ക്കാത്ത രാജാവെന്നാണ് എന്‍ ശ്രീനിവാസനെ വിശേഷിപ്പിക്കുന്നത്. അധികാരക്കസേരയെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് വിനിയോഗിച്ചതിന്റെ ഫലമായുണ്ടായ അനിവാര്യമായ പതനമാണ് ഇപ്പോള്‍ ഈ വ്യവസായ പ്രമുഖനെ തേടിയെത്തിയത്.
2014ല്‍ ബിസിസിഐ ആണ് ശ്രീനിവാസനെ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. അതേ ബിസിസിഐ തന്നെ ശ്രീനിവാസന് നല്‍കിയിരുന്ന നിര്‍ലോഭ പിന്തുണ ഇപ്പോള്‍ പിന്‍വലിക്കുകയും ചെയ്തിരിക്കുകയാണ്. ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ടീം പ്രിന്‍സിപ്പലുമായിരുന്ന ഗുരുനാഥ് മെയ്യപ്പനെതിരേ വാതുവയ്പ് വിവാദം ഉയര്‍ന്നതോടെയാണ് ക്രിക്കറ്റ് ഭരണരംഗത്ത് ശ്രീനിവാസന് തിരിച്ചടികള്‍ ആരംഭിച്ചത്. കേസ് സുപ്രിംകോടതിയിലെത്തിയതോടെ മെയ്യപ്പനെ സംരക്ഷിക്കാന്‍ ശ്രീനിവാസന്‍ അവിഹിതമായി ഇടപെട്ടുവെന്നും അദ്ദേഹത്തിന് സ്വകാര്യ താല്‍പര്യങ്ങളുണ്ടെന്നും കോടതി വിധിച്ചിരുന്നു. ഇതോടെയാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തിന് നഷ്ടമായത്. ബിസിസിഐ അധ്യക്ഷ സ്ഥാനം നഷ്ടമായതു കൂടാതെ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയെ രണ്ട് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തിരുന്നു.
തുടര്‍ച്ചയായ തിരിച്ചടികള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ ഐസിസിയിലും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ ശ്രീനിവാസന്‍ പ്രതിനിധീകരിക്കേണ്ടെന്നു ബിസിസിഐ തീരുമാനമെടുത്തിട്ടുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ശ്രീനിവാസന്റെ കാലം കഴിയുന്നു എന്നതിന്റെ സൂചന കൂടിയാണ് ഈ തീരുമാനമെന്നാണ് ക്രിക്കറ്റ് വിദഗ്ദര്‍ വിലയിരുത്തുന്നത്. ജഗ്‌മോഹന്‍ ഡാല്‍മിയക്കു പകരം ബിസിസിഐ പ്രസിഡന്റായ ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തെത്തുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it