അനിശ്ചിതത്വത്തിന്റെ മൂടല്‍ മഞ്ഞ് നീങ്ങാതെ പീരുമേട്

സി എ സജീവന്‍തൊടുപുഴ: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വത്തിന്റെ മഞ്ഞ് പുതച്ച് പീരുമേട്. രണ്ടു തവണ വിജയിച്ചവര്‍ മാറിനില്‍ക്കണമെന്ന സിപിഐ നിലപാടാണ് ഇവിടെ സ്ഥാനാര്‍ഥി നിര്‍ണയം വഴിമുട്ടിച്ചത്. സിപിഐയുടെ സിറ്റിങ് എംഎല്‍എ ഇ എസ് ബിജിമോള്‍ വീണ്ടും മല്‍സരിക്കാനാണ് സാധ്യത. ട്രേഡ് യൂനിയന്‍ നേതാവ് വാഴൂര്‍ സോമനും മറ്റു ചില നേതാക്കളും സീറ്റിന് അവകാശവാദമുന്നയിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. ഇപ്പോള്‍ വിഷയം സിപിഐ സംസ്ഥാന നേതൃത്വത്തിന് മുന്നിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസിനെയും ഡീന്‍ കുര്യാക്കോസിനെയും പരിഗണിക്കുന്നുണ്ട്. സമുദായ സമവാക്യം റോയിക്ക് അനുകൂലമല്ലെന്ന പ്രശ്‌നമുണ്ട്.  അതേസമയം, ജനപ്രതിനിധിയെന്ന നിലയില്‍ ബിജിമോള്‍ നടത്തിയ ഇടപെടലുകള്‍ തുണയാവുമെന്ന് ഇടതുപക്ഷം കരുതുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഗമണ്‍, തേക്കടി, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവ ഉള്‍പ്പെടുന്ന മണ്ഡലമാണ് പീരുമേട്. വിവാദങ്ങള്‍ നിറഞ്ഞ മുല്ലപ്പെരിയാര്‍ അണക്കെട്ടും മണ്ഡലത്തിലാണ്. വോട്ടര്‍മാരില്‍ തോട്ടം തൊഴിലാളികള്‍ക്കാണ് മുന്‍തൂക്കം. ട്രേഡ് യൂനിയനുകള്‍ക്ക് നല്ല സ്വാധീനമുണ്ട്. തോട്ടം തൊഴിലാളി വോട്ടുകള്‍ നേടാന്‍ അണ്ണാ ഡിഎംകെ നടത്തുന്ന ശ്രമങ്ങള്‍ മുന്നണി സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങളെ ബാധിക്കും. അയ്യപ്പന്‍കോവില്‍, ചക്കുപള്ളം, ഏലപ്പാറ, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാര്‍(എല്‍ഡിഎഫ്), കൊക്കയാര്‍, കുമളി, പീരുമേട്( യുഡിഎഫ്) എന്നിവയാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍. ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെ ഐ രാജനായിരുന്നു വിജയം. 1967ലും 70ലും വിജയം ആവര്‍ത്തിച്ച് രാജന്‍ ഹാട്രിക് നേടി. 1977ല്‍ സിപിഐയിലെ സി എ കുര്യന്‍ സിപിഎമ്മിലെ കെ എസ് കൃഷ്ണനെ 7347വോട്ടിന് തോല്‍പ്പിച്ചു. 1980ലും കുര്യന്‍ വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 1982ല്‍ കോണ്‍ഗ്രസ്സിലെ കെ കെ തോമസ് മണ്ഡലം തിരിച്ചുപിടിച്ചു. 1987ലും 91ലും കെ കെ തോമസ് വിജയിച്ചു.  1996ല്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ മാത്യു സ്റ്റീഫനെ 2407 വോട്ടുകള്‍ക്ക് വീഴ്ത്തി കുര്യന്‍ മധുരപ്രതികാരം ചെയ്തു. നിയമസഭാ ഡപ്യൂട്ടി സ്പീക്കറുമായി. എന്നാല്‍ 2001ല്‍ കുര്യനെ തോല്‍പിച്ച് കോണ്‍ഗ്രസ്സിലെ ഇ എം ആഗസ്തി മണ്ഡലം തിരിച്ചുപിടിച്ചു. 2006ല്‍ ഇ എസ് ബിജിമോളിലൂടെ സിപിഐ വീണ്ടും ഇവിടെ വിജയക്കൊടി നാട്ടി. ഇ എം ആഗസ്തിയെ 5304 വോട്ടിനാണ് ബിജിമോള്‍ പരാജയപ്പെടുത്തിയത്. 2011ലും ബിജിമോള്‍ വിജയം ആവര്‍ത്തിച്ചു. ഇത്തവണയും ആഗസ്തിയായിരുന്നു എതിരാളി.
Next Story

RELATED STORIES

Share it