അനിശ്ചിതത്വത്തിന്റെ നിഴലില്‍

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

നൂറ്റിനാല്‍പത് മണ്ഡലങ്ങളിലും മൂന്നു മുന്നണികള്‍ ബലപരീക്ഷണത്തിനിറങ്ങുന്ന കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പാണിത്. വ്യത്യസ്തമായതോതില്‍ മൂന്നു മുന്നണികളെയും ഇപ്പോള്‍ അനിശ്ചിതത്വം ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അനിശ്ചിതത്വത്തില്‍ പെട്ടിട്ടുള്ളത് തുടര്‍ഭരണം ഉറപ്പുപറയുന്ന യുഡിഎഫാണ്. 100 സീറ്റില്‍ വിജയിക്കുമെന്ന് ആവര്‍ത്തിച്ചുപ്രഖ്യാപിക്കുന്ന എല്‍ഡിഎഫും മൂന്നാംമുന്നണി വെല്ലുവിളിയാകുമോ എന്നു ഭയപ്പെടുന്നു. പുറത്തുപറയുന്നില്ലെങ്കിലും മുന്നണി ഇനിയും രൂപപ്പെടുത്തികഴിഞ്ഞിട്ടില്ലാത്ത ബിജെപി-ബിഡിജെഎസിന്റെ എന്‍ഡിഎ ആകട്ടെ തിരഞ്ഞെടുപ്പുരംഗത്ത് ഒരു വെല്ലുവിളിയായിട്ടുമില്ല.
സംസ്ഥാനത്ത് കോണ്‍ഗ്രസ് ഐയുടെ ചരിത്രത്തില്‍ ആദ്യമായി ഹൈക്കമാന്‍ഡിനെയും കെപിസിസിയെയും ഒരുപോലെ നിയമസഭാകക്ഷി നേതാവ് വെല്ലുവിളിച്ച തിരഞ്ഞെടുപ്പാണിത്. അതുകൊണ്ട് ആരെക്കാളുമേറെ ഉല്‍ക്കണ്ഠ ഹൈക്കമാന്‍ഡിനുണ്ട്. കെപിസിസി അധ്യക്ഷനെക്കാള്‍ ഉല്‍ക്കണ്ഠ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും. യുഡിഎഫ് ഘടകകക്ഷികളുടെ കാര്യം പറയുകയും വേണ്ട.
അഴിമതിയാരോപണങ്ങളുടെ പേരില്‍ തന്റെ ചിറകുകള്‍ അരിയുന്നു എന്നു കണ്ടാണ് ഉമ്മന്‍ചാണ്ടി മന്ത്രിമാരായ അടൂര്‍ പ്രകാശിന്റെയും കെ ബാബുവിന്റെയും കെ സി ജോസഫിന്റെയും സ്ഥാനാര്‍ഥിത്വത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് സോണിയഗാന്ധിയോടു വരെ തനിസ്വരൂപം പുറത്തെടുത്ത് ചെറുത്തുനിന്നത്, തന്റെ മനസ്സാക്ഷിസൂക്ഷിപ്പുകാരും വിശ്വസ്തരും രാഷ്ട്രീയ-ഭൗതിക ശക്തിസ്രോതസ്സുകളുമായ ഈ മൂന്ന് സഹപ്രവര്‍ത്തകരെയും കൈയൊഴിയാന്‍ വിസമ്മതിച്ചത്. എംഎല്‍എമാരായ ബെന്നി ബഹനാന്റെയും ഡൊമിനിക് പ്രസന്റേഷന്റെയും മാത്രം കാര്യമായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി അത്രത്തോളം പോവുമായിരുന്നില്ല. വി എം സുധീരന്‍ തിരഞ്ഞെടുപ്പ് നയിക്കട്ടെ എന്നു പറഞ്ഞ് ഇറങ്ങിപ്പോരുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തില്‍ യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരേണ്ടത് ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഐയുടെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ്. ഹൈക്കമാന്‍ഡിനോളം ഇതു മനസ്സിലാക്കിയിട്ടുള്ള ആളാണ് ഉമ്മന്‍ചാണ്ടി. അരുണാചല്‍ മുതല്‍ ഉത്തരാഖണ്ഡ് വരെ പാര്‍ട്ടിക്കകത്തുനിന്ന് ഹൈക്കമാന്‍ഡിനെതിരേ വെല്ലുവിളി വ്യാപകമായ സാഹചര്യത്തില്‍ നൂറുവട്ടം ചിന്തിച്ചല്ലാതെ കേരളക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കില്ലെന്നു മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. ഉമ്മന്‍ചാണ്ടിയില്ലാതെ തുടര്‍ഭരണം എന്ന ആവശ്യം തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവയ്ക്കുന്നത് പരിഹാസ്യമാവുമെന്നും പിന്‍മാറിയ ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തുടര്‍ഭരണം ഉറപ്പാക്കാന്‍ കഴിയാതെവന്നാല്‍ നിയമസഭാ പാര്‍ട്ടിയുടെ നേതാവായി തുടരാമെന്നു കരുതേണ്ടെന്ന്. ഹൈക്കമാന്‍ഡിനെ ഇരുത്തി കാര്യം നേടിയെന്ന് അഹങ്കരിക്കേണ്ടെന്നു സാരം.
ഡല്‍ഹിയില്‍ ദിവസങ്ങളോളം നീണ്ട ചര്‍ച്ചകളില്‍ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ഹൈക്കമാന്‍ഡും തമ്മില്‍ തുടര്‍ന്ന തര്‍ക്കം യുഡിഎഫ് ഘടകകക്ഷികളുമായുള്ള ബന്ധത്തെപ്പോലും ബാധിച്ചു. മുഖാമുഖമിരുന്ന് സീറ്റ് വിഭജനം പഴയപോലെ തുറന്നു ചര്‍ച്ചചെയ്തു പരിഹരിക്കുന്നതിനു തടസ്സമായി. ടെലിഫോണില്‍ ചില സീറ്റുകള്‍ വിട്ടുകൊടുത്തും ചിലത് പിടിച്ചുവച്ചും സ്വയം വ്യക്തതയില്ലാതെയാണ് ഒടുവില്‍ ഘടകകക്ഷികളുടെ സീറ്റുകളില്‍ തീരുമാനമാക്കിയത്.
ബാര്‍ കോഴക്കേസില്‍ കുടുങ്ങി പുറത്തുനില്‍ക്കുന്ന കെ എം മാണിക്കും പാര്‍ട്ടിക്കും തിരഞ്ഞെടുപ്പ് കഴിയുംവരെ യുഡിഎഫില്‍ ചേര്‍ന്നുനില്‍ക്കണം. തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമല്ലെങ്കില്‍ മുന്നണിയെ പിളര്‍ത്തി ആദ്യം പുറത്തുകടക്കുക മാണിയും പാര്‍ട്ടിയുമായിരിക്കും. ബാര്‍ കോഴക്കേസോടെ രാഷ്ട്രീയ അനിശ്ചിതത്വത്തിലായ മാണിയുടെ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ പഴയ സ്വാധീനം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസ് ഐയെ തിരിച്ച് കളിപഠിപ്പിക്കും.
നിരുപദ്രവമെന്നു തോന്നും കഴിഞ്ഞ ദിവസത്തെ മുസ്‌ലിംലീഗിന്റെ പ്രസ്താവന. എന്നാല്‍, അതിന് രണ്ടു മുനകളുണ്ട്. മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യം ഇപ്പോള്‍ ആലോചനയില്‍പ്പോലുമില്ലെന്നാണ് ലീഗ് പറഞ്ഞത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് തിരിച്ചുവരുമോ എന്ന കാര്യത്തില്‍ ലീഗിന് സന്ദേഹമുണ്ടെന്നതാണ് ഒന്ന്. ജയിച്ചാല്‍ തന്നെയും ഇപ്പോള്‍ അവസാനിച്ചതുപോലുള്ള ഒരു ഭരണത്തുടര്‍ച്ചയ്ക്ക് കൂട്ടുനില്‍ക്കാന്‍ മുസ്‌ലിംലീഗ് തയ്യാറില്ലെന്ന നിലപാടാണ് മറ്റൊന്ന്.
ഈ സാഹചര്യത്തില്‍ ഏറെദൂരം മുന്നോട്ടുപോവാന്‍ എല്‍ഡിഎഫിന് കഴിയേണ്ടതായിരുന്നു. അരുവിക്കര തിരഞ്ഞെടുപ്പിലെ പ്രചാരണരംഗത്തെ രാഷ്ട്രീയ പാളിച്ചകളെ തുടര്‍ന്ന് ദേശീയ രാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളി മുഖ്യ രാഷ്ട്രീയ അജണ്ടയായി സിപിഎം തിരുത്തുകയുണ്ടായി. എസ്എന്‍ഡിപിക്കും ബിജെപിക്കുമെതിരേ കേരളത്തിലെ പ്രധാന രാഷ്ട്രീയ ചര്‍ച്ചയാക്കി അതു മാറ്റാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. അതിന്റെ ഗുണം പഞ്ചായത്ത്-നഗരസഭാ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് കിട്ടുകയും ചെയ്തു.
ഇപ്പോള്‍ സിപിഎമ്മും എല്‍ഡിഎഫും ആ രാഷ്ട്രീയ പോരാട്ടം ഉപേക്ഷിച്ച മട്ടാണ്. പകരം ഏതോ പരസ്യക്കമ്പനിക്കാര്‍ പടച്ചുണ്ടാക്കിയ മുദ്രാവാക്യത്തിലാണവര്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന അപക്വവും അരാഷ്ട്രീയവുമായ പ്രചാരണ സന്ദേശമാണ് എല്‍ഡിഎഫിന്റേതായി അപ്പൂപ്പന്‍താടിപോലെ അന്തരീക്ഷത്തില്‍ ഒഴുകിനടക്കുന്നത്.
ബിജെപി-ബിഡിജെഎസിന്റെ എന്‍ഡിഎ മുന്നണിയെ രാഷ്ട്രീയമായി നേരിടുന്നതിനുപകരം കോണ്‍ഗ്രസ് ഐയും ബിജെപിയും വോട്ട് മറിക്കാന്‍ രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രചാരണം. ഇതോടെ കോണ്‍ഗ്രസ് ഐയും ബിജെപിയും ചേര്‍ന്ന് കുറേ സീറ്റുകള്‍ വാരാന്‍പോവുന്നു എന്ന പ്രതീക്ഷ വളര്‍ത്തുകയാണവര്‍. കോണ്‍ഗ്രസ് ഐ ആവട്ടെ സിപിഎം-ബിജെപി രഹസ്യധാരണയെന്ന് തിരിച്ചും കൊടുക്കുന്നു. ലോകത്താകെ കുറ്റിയറ്റുപോയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കേരളത്തില്‍ ഒരു തൊഴികൊണ്ട് അറബിക്കടലില്‍ എത്തിക്കണമെന്നാണ് ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍ വന്ന് ആഹ്വാനം ചെയ്യുന്നത്.
ചങ്ങാത്തമുതലാളിത്തത്തിന്റെ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ ആദ്യമായി കേരള തിരഞ്ഞെടുപ്പില്‍ രൂപപ്പെടുകയാണ്. പെയ്‌മെന്റ് സീറ്റുകള്‍ എന്ന വിശേഷണം അതിനെ പ്രകടമാക്കുന്നു. മറ്റു മുന്നണികളെക്കാളേറെ എല്‍ഡിഎഫിലാണ് ഇത്തവണ അതു ശക്തമായി പിടിമുറുക്കിയിരിക്കുന്നത്.
2006ലെ രാഷ്ട്രീയ സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന സിപിഎമ്മിന്റെ വിലയിരുത്തലാണ് അതിശയിപ്പിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്നു കിട്ടിയ 98 സീറ്റിനെക്കാള്‍ രണ്ട് സീറ്റ് കൂടി കൂടുതല്‍ കിട്ടുമെന്ന് അവര്‍ അവകാശപ്പെടുന്നത്. 140 മണ്ഡലങ്ങളിലും ഇത്തവണ ചുരുങ്ങിയത് ത്രികോണമല്‍സരമെങ്കിലുമാണു നടക്കുന്നത്. 2006ലെ അവസ്ഥയാണ് 2016ല്‍ എന്ന് പറയുമ്പോള്‍ മാറ്റമില്ലാത്തത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു മാത്രം.
കുടം തിരഞ്ഞെടുപ്പ് ചിഹ്നമായി കിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുള്ള ബിഡിജെഎസിന്റെ ബിജെപി മുന്നണി കാലിക്കുടത്തില്‍ കല്ലുകള്‍ പെറുക്കിയിടുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊച്ചുകൊച്ചു പാര്‍ട്ടികളെ കുടത്തിലെ വെള്ളത്തില്‍ പെറുക്കിയിട്ട് നരേന്ദ്രമോദി തിരഞ്ഞെടുപ്പു വിജയത്തിന്റെ വെള്ളം മോന്തി. ഒരു എംഎല്‍എപോലും ഇല്ലാതെ തുഷാര്‍ വെള്ളാപ്പള്ളിയെയും പി സി തോമസിനെയും ജെഎസ്എസിന്റെ രാജന്‍ ബാബുവിനെയും ഗോത്രമഹാസഭയുടെ സി കെ ജാനുവിനെയും മറ്റും രാഷ്ട്രീയ കുടത്തില്‍ നിറച്ച് എന്‍ഡിഎ മുന്നണി രൂപീകരിക്കുന്ന തിരക്കിലാണ് ബിജെപി കേരളത്തില്‍.
ബിജെപിക്കകത്ത് വലിയ രാഷ്ട്രീയ അനിശ്ചിതത്വം ഇത് ഉണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടിക്ക് പുറത്തുനിന്നുവന്ന സ്വന്തം പ്രസിഡന്റിനോ രാഷ്ട്രീയവും ആശയവുമില്ലാത്ത ബിഡിജെഎസിനോ ഇതൊന്നും പേടിപ്പെടുത്തുന്ന വസ്തുതകളല്ല; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് കേന്ദ്രത്തില്‍നിന്ന് വെളിപ്പെടുത്തേണ്ടതില്ലാത്തത്ര ധനസ്രോതസ്സ് ഒഴുകിനിറയുമ്പോള്‍ വിശേഷിച്ചും.

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍)
Next Story

RELATED STORIES

Share it