kasaragod local

അനിയന്ത്രിത മാലിന്യ നിക്ഷേപം; ചന്ദ്രഗിരിപ്പുഴയുടെ ചരമഗീതമായി 'ജീവനരേഖ'

കാസര്‍കോട്: അനിയന്ത്രിതമായ ചൂഷണം മൂലം ചന്ദ്രഗ്രിരിപ്പുഴ നാശത്തിലേയ്ക്ക്. ചെങ്കല്‍-കരിങ്കല്‍ ക്വാറികളും മണല്‍വാരലും മാലിന്യനിക്ഷേപവും അമിതമായ ജലചൂഷണവുമെല്ലാം ചേര്‍ന്ന് പുഴയെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. ജി ബി വല്‍സന്‍ എഡിറ്റ് ചെയ്ത ജീവനരേഖ-ചന്ദ്രഗിരിപ്പുഴയുടെ ചരിത്രവര്‍ത്തമാനങ്ങള്‍ എന്ന പുസ്തകത്തിലെ പഠനങ്ങളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കര്‍ണാടക കുടക് ജില്ലയിലെ കൊയ്‌നാട് വില്ലേജിലെ പട്ടി റിസര്‍വ് വനത്തില്‍ നിന്നാണ് ചന്ദ്രഗിരിപുഴ ഉത്ഭവിക്കുന്നത്. കാസര്‍കോട് നഗരസഭയും പള്ളിക്കര, പുല്ലൂര്‍-പെരിയ, കോടോം-ബേളൂര്‍, കള്ളാര്‍, പനത്തടി, ബളാല്‍, കുറ്റിക്കോല്‍, ദേലമ്പാടി, കാറഡുക്ക, മുളിയാര്‍, ബേഡഡുക്ക, ചെങ്കള, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍, ഉദുമ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ചന്ദ്രഗിരി നദീതടം. 1342 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് വ്യാപിച്ചുകടക്കുന്ന ഈ നദീതടത്തിന്റെ 42 ശതമാനം കാസര്‍കോട് ജില്ലയിലും ബാക്കി 58 ശതമാനം കര്‍ണാടകയിലുമാണ്. ഈ നദീതടപ്രദേശം കാസര്‍കോട ജില്ലയുടെ 28.5 ശതമാനത്തോളം ഭൂപ്രദേശം ഉള്‍ക്കൊള്ളുന്നു. വടക്ക് പയസ്വിനിയും തെക്ക് കരിച്ചേരിപ്പുഴയുമാണ് പ്രധാന കൈവഴികള്‍.
ഈ കൈവഴികളിലൂടെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനയാത്രയുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഴക്കാലത്ത് കുത്തിയൊഴുകുന്ന നദി മഴ മാറുന്നതോടെ ശോഷിക്കുന്നു. 10-15 കിലോമീറ്റര്‍ മാത്രമാണ് ചന്ദ്രഗിരിപ്പുഴയ്ക്ക് ഇക്കാലയളവില്‍ തുടര്‍ച്ചയുള്ളത്.
വേനല്‍ക്കാലത്ത് പുഴകളില്‍ പലയിടത്തും ശക്തിയേറിയ മോട്ടോറുകള്‍ ഉപയോഗിച്ച് വ്യാപകമായ ജലചൂഷണം നടക്കുന്നുണ്ട്.  സംസ്ഥാനത്ത് ഇത്രയധികം അനധികൃത കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു നദീതീരം വേറെ കാണില്ല. ഒരു മാലിന്യസംസ്‌കരണ പ്ലാന്റ്് പോലുമില്ലാത്ത ജില്ലയില്‍ എളുപ്പത്തില്‍ മാലിന്യം തള്ളാനുള്ള ഇടമായാണ് ഇതു തടയാന്‍ ഉത്തരവാദിത്തപ്പെട്ട അധികൃതര്‍ പോലും പുഴയെ കാണുന്നത്. ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തില്‍ ഇവിടെ കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും കൂടുതലായിരുന്നു.
സലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്റ് നാച്വറല്‍ ഹിസ്റ്ററി നടത്തിയ പഠനത്തില്‍ പക്ഷികള്‍ക്കും മല്‍സ്യങ്ങള്‍ക്കും ഏറെ ദോഷകരമായ ഓര്‍ഗാനോ ക്ലോറിന്‍ കീടനാശികളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. കരിച്ചേരിപ്പുഴയില്‍ തോട്ടയിട്ടും നഞ്ചുകലക്കിയും മല്‍സ്യങ്ങളെ കൊന്നൊടുക്കുന്ന സംഘങ്ങള്‍ സജീവമാണ്. ഇവിടെയുണ്ടായിരുന്ന നീര്‍നായ, മുതല എന്നിവയ്ക്കു വംശനാശം സംഭവിച്ചുകഴിഞ്ഞു. കുച്ച്, ഏരി, പാലപ്പൂവന്‍, കൊളോന്‍ എന്നീ മല്‍സ്യങ്ങളെ ഇപ്പോള്‍ കാണാനില്ല.
Next Story

RELATED STORIES

Share it