അനാശാസ്യത്തിന് എത്തിയെന്നാരോപിച്ച് എസ് ഐ ക്ക് മര്‍ദ്ദനം; നേതൃത്വം നല്‍കിയത് കഞ്ചാവ് കേസിലെ പ്രതികളെന്ന് എസ്‌ഐ

കൊച്ചി: കഞ്ചാവ് കേസില്‍ താന്‍ അറസ്റ്റ് ചെയ്തവരും മറ്റുചിലരും ചേര്‍ന്നാണ് തന്നെ കൈയേറ്റം ചെയ്തതെന്നും സംഭവത്തിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും പുത്തന്‍കുരിശ് എസ്‌ഐ സജീവ് കുമാര്‍. കൈയേറ്റം ചെയ്തവര്‍ക്കെതിരേയും തനിക്കെതിരേ അപവാദ പ്രചാരണം നടത്തിയവര്‍ക്കെതിരേയും നിയമനടപടിയു—മായി മുന്നോട്ടു പോവുമെന്നും എസ്‌ഐ സജീവ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ മാസം 10ന് രാത്രി 8.45ഓടെയാണ് സംഭവം ഉണ്ടായത്. തിരുവാണിയൂരിലെ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി മടങ്ങുന്ന വഴിയാണ് സീരിയല്‍ നടിയുടെ വീട്ടില്‍ അനാശാസ്യത്തിനെത്തിയതാണെന്ന് ആരോപിച്ച് നാട്ടുകാര്‍ സജീവ്കുമാറിനെ തടഞ്ഞുവച്ച് മര്‍ദ്ദിച്ചത്. താന്‍ സീരിയല്‍ നടിയുടെ വീട്ടില്‍ പോയെന്ന ആരോപണം തെറ്റാണെന്നു സജീവ്കുമാര്‍ പറഞ്ഞു. അവര്‍ക്ക് സിനിമയുമായോ സീരിയലുമായോ യാതൊരു ബന്ധവുമില്ല. അന്നു വൈകീട്ട് 7.45 ഓടെയാണ് താന്‍ ആ വീട്ടിലെത്തിയത്. ഉണ്ണികൃഷ്ണന്‍ എന്നയാളും അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു പെണ്‍കുട്ടികളും ആ വീട്ടിലുണ്ടായിരുന്നു. ആ വീട്ടിലാരും സിനിമയിലോ സീരിയലിലോ നാടകത്തിലോ അഭിനയിച്ചിട്ടില്ല. ഒമ്പതു മാസം മുമ്പ് വിവാഹിതയായ ഉണ്ണികൃഷ്ണന്റെ മകളും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. മകളുടെ സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവിന്റെ പക്കലാണെന്നും ഈ സ്വര്‍ണം തിരികെ കിട്ടാന്‍ മാധ്യസ്ഥം വഹിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉണ്ണികൃഷ്ണന്‍ തന്നെ സമീപിക്കുന്നത്. ഉണ്ണികൃഷ്ണന്റെ പരാതി പ്രകാരം താന്‍ പലപ്രാവശ്യം മകളുടെ ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുകയും തുടര്‍ന്ന് ഈ മാസം 13ന് കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതിനായി ഇരു കൂട്ടരോടും സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് ഈ കുടുംബവുമായി തനിക്കുള്ള ബന്ധം. കേസ് തീര്‍ക്കാന്‍ താന്‍ മാധ്യസ്ഥത വഹിച്ചതിന്റെ സന്തോഷത്തില്‍ ഉണ്ണികൃഷ്ണന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചതു പ്രകാരമാണ് തന്റെ കാറില്‍ താന്‍ അവരുടെ വീട്ടില്‍ പോയത്. താന്‍ അവിടെ പോവുന്ന വിവരം തന്റെ ഭാര്യയോടും പറഞ്ഞിരുന്നു. ഭക്ഷണം കഴിച്ച് അവിടെ നിന്നും മടങ്ങുന്നതിനിടയില്‍ സമീപത്തെ ജങ്ഷനില്‍ വച്ചാണ് തന്നെ ഏതാനും പേര്‍ ചേര്‍ന്ന് തടയുന്നത്. എന്തിനാണ് അവിടെ പോയതെന്നും ആരാണെന്നും അവരോട് പറഞ്ഞു. താന്‍ നേരത്തേ കഞ്ചാവ് കേസില്‍ പിടികൂടിയ രണ്ടു പേര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. തന്നെ തിരിച്ചറിഞ്ഞ അവര്‍ കൂടുതല്‍ പേരെ സ്ഥലത്തേക്കു വിളിച്ചു വരുത്തി. തന്നോട് കാലുപിടിച്ചു പറഞ്ഞതല്ലേ, തങ്ങളെ കഞ്ചാവ് കേസില്‍ നിന്നും ഊരിത്തരാന്‍. താന്‍ അതു കേട്ടോ എന്നുപറഞ്ഞ് അവര്‍ എന്റെ മുഖത്തടിച്ചു. അവിടെ കൂടിയവരില്‍ ഭൂരിഭാഗവും താന്‍ ഏതെങ്കിലും ഒരു കേസില്‍ പിടികൂടിയവരായിരുന്നു. അവിടെ കൂടിയിരിക്കുന്ന ആളുകളുടെ വീഡിയോ ദൃശ്യം പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. സംഭവസമയത്ത് ഇവരെല്ലാവരും മദ്യലഹരിയിലായിരുന്നെന്നും സജീവ് പറഞ്ഞു. ബഹളം കേട്ട് ഉണ്ണികൃഷ്ണന്റെ വീട്ടുകാര്‍ സ്ഥലത്തേക്ക് ഓടിയെത്തി നാട്ടുകാരോട് കാര്യം പറഞ്ഞുവെങ്കിലും അവരെയും ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഉണ്ണികൃഷ്ണന്റെ ഭാര്യക്കും മര്‍ദ്ദനമേറ്റിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ക്കെതിരേ പോലിസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it