അനാശാസ്യം ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളെ അപമാനിച്ച സംഭവം: രണ്ട് എസ്‌ഐമാര്‍ക്ക് സസ്‌പെന്‍ഷന്‍

വടകര: കോണ്‍ഗ്രസ് നേതാവിനെയും മഹിളാ നേതാവിനെയും അനാശാസ്യം ആരോപിച്ച് ഡിവൈഎഫ്‌ഐക്കാര്‍ തടഞ്ഞുവച്ച് പോലിസിലേല്‍പിച്ച സംഭവത്തില്‍ ആരോപണ വിധേയരായ രണ്ട് എസ്‌ഐമാരെ ഡിജിപി സസ്‌പെന്റ് ചെയ്തു. സിഐക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവായി. വടകര എസ്‌ഐമാരായ പി എസ് ഹരീഷ്, ബാബുരാജ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സിഐ വിശ്വംഭരനെതിരെയാണ് വകുപ്പുതല നടപടി.
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ തിരുവള്ളൂര്‍ മുരളിയെയും മുന്‍ പയ്യോളി പഞ്ചായത്ത് പ്രസിഡന്റ് കെ ടി സിന്ധുവിനെയുമാണ് കഴിഞ്ഞമാസം പതിനൊന്നിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചത്. മുരളി പ്രസിഡന്റായ വടകരയിലെ സ്വാല്‍ക്കോസ് സൊസൈറ്റിയില്‍ തൊഴില്‍ സംബന്ധമായ ആവശ്യത്തിന് എത്തിയ സിന്ധുവിനെയും മുരളിയെയും ഒരുകൂട്ടം ഡിവൈഎഫ്‌ഐക്കാര്‍ മുറിയില്‍ പൂട്ടിയിടുകയും അനാശാസ്യം ആരോപിച്ച് അപമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് ഇരുവരെയും വടകര സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. സ്‌റ്റേഷനില്‍വച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ നിരപരാധിത്വം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറാവാത്ത പോലിസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചതെന്നായിരുന്നു ആക്ഷേപം.
മണിക്കൂറുകളോളം പോലിസ് സ്റ്റേഷനില്‍ നിര്‍ത്തിയ തിരുവള്ളൂര്‍ മുരളിയോടും സിന്ധുവിനോടും പരുഷമായാണ് പോലിസ് പെരുമാറിയത്. രാത്രിയോടെ ഇരുവരുടെയും ആവശ്യപ്രകാരം വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതുവരെ പോലിസ് പീഡനം തുടര്‍ന്നു. ഇതിനിടെ സ്ത്രീയെ തെരുവില്‍ കൂക്കിവിളിച്ച് അപമാനിച്ചു നടത്തിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പോലിസ് സ്റ്റേഷനു മുന്നില്‍പോലും ഇരുവരെയും ചേര്‍ത്ത് നിമിഷങ്ങള്‍ക്കകം ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍ ഉയര്‍ത്തി.
ഇത്തരം സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ പോലിസ് കാഴ്ചക്കാരായിരുന്നു. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കൂട്ടുനിന്ന പോലിസുകാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധവുമായി യുഡിഎഫ് രംഗത്തു വന്നിരുന്നു. എന്നാല്‍, പോലിസുകാര്‍ക്കെതിരേ നടപടിയൊന്നും ഉണ്ടായില്ല. ആഭ്യന്തരവകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പോലിസിനെ സംരക്ഷിക്കുകയാണെന്ന ആരോപണം ബലപ്പെടുകയും ചെയ്തു. അപമാനിതരായ കോണ്‍ഗ്രസ് നേതാക്കള്‍ ഡിജിപിക്ക് നേരിട്ടു നല്‍കിയ പരാതിയില്‍ കോഴിക്കോട് ട്രാഫിക് എസ്പി വിജയകുമാര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി.
Next Story

RELATED STORIES

Share it