അനാഥാലയങ്ങള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയെന്ന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്

കോഴിക്കോട്: സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ അനാഥാലയങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയും നിയന്ത്രണങ്ങള്‍ അനാഥാലയങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അതിനാല്‍ മെയ് ഒന്നുമുതല്‍ അനാഥാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ഓര്‍ഫനേജ് അസോസിയേഷന്‍ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് കണ്‍ട്രോള്‍ ബോര്‍ഡ് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഫെബ്രുവരി 27ന് തൃശൂരില്‍ ചേര്‍ന്ന ഓര്‍ഫനേജ് അസോസിയേഷന്‍ യോഗത്തില്‍ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തിന്റെ കോപ്പി ഇന്നലെ ചേര്‍ന്ന കണ്‍ട്രോള്‍ ബോര്‍ഡ് യോഗത്തില്‍ ബോര്‍ഡ് അംഗം ടി കെ പരിയേയിക്കുട്ടി ഹാജിയാണ് വിതരണം ചെയ്തത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയും പൂര്‍ണനിയന്ത്രണത്തിലും മേല്‍നോട്ടത്തിലും ബാലനീതി നിയമപ്രകാരമുള്ള 12 വിഭാഗം കുട്ടികളെ പ്രവേശിപ്പിച്ചു സംരക്ഷിക്കണമെന്നാണ് ബാലനീതി നിയമം അനുശാസിക്കുന്നത്. ശയ്യോപകരണങ്ങള്‍, ഭക്ഷണക്രമം തുടങ്ങിയവയെയും മറ്റു ഭൗതിക സാഹചര്യങ്ങളെയും സംബന്ധിച്ച നിര്‍ദേശങ്ങളും 100 കുട്ടികള്‍ക്ക് 25 ഉദ്യോഗസ്ഥരെന്ന കണക്കിന് ജോലിക്കാരെ നിയമിക്കണമെന്ന വ്യവസ്ഥയുമെല്ലാം കടുത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്നാണ് അസോസിയേഷന്‍ പറയുന്നത്. ഇത്തരം നിബന്ധനകള്‍ സന്നദ്ധ സംഘടനകള്‍ക്ക് ഏറ്റെടുക്കാനാവില്ലെന്നും അത് അനാഥാലയ നടത്തിപ്പുകാരെ നിയമലംഘകരാക്കുമെന്നും അതുകൊണ്ട് ബാലനീതി നിയമമനുസരിച്ച് അനാഥാലയങ്ങള്‍ നടത്താനാവില്ലെന്നും പ്രമേയം വ്യക്തമാക്കുന്നു. ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി ഫാ. റോയിയെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. കെ എ ഹസന്‍ രാജിവച്ച ഒഴിവിലാണ് റോയിയുടെ നിയമനം.
Next Story

RELATED STORIES

Share it