Flash News

അനാഥാലയങ്ങളുടെ പുതിയ വ്യവസ്ഥ: കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തില്‍



കെ വി ഷാജി സമത

കോഴിക്കോട്: അനാഥാലയങ്ങളുടെ രജിസ്‌ട്രേഷന്‍ ഡിസംബര്‍ 1 മുമ്പ് പൂര്‍ത്തിയാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനം നിരവധി കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കും. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം നിബന്ധനകള്‍ പാലിച്ച് രജിസ്‌ട്രേഷന്‍ നടത്താത്ത അനാഥാലയങ്ങള്‍ക്ക് നവംബര്‍ 30നു ശേഷം പ്രവര്‍ത്തിക്കാനാവില്ല. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി മേനക ഗാന്ധി സംസ്ഥാന സമിതികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇതോടെ ഈ സ്ഥാപനങ്ങളുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടികളുടെ ഭാവി ഇരുളടയും. കേരളത്തിലെ അംഗീകാരമുള്ള 1,423 അനാഥാലയങ്ങളില്‍ ഇരുനൂറിലധികം പുതിയ ഉത്തരവുപ്രകാരം അടച്ചുപൂട്ടേണ്ടിവരുമെന്നാണ് ഓള്‍ കേരള ഓര്‍ഫനേജ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ  വിലയിരുത്തല്‍. സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ നിബന്ധനകള്‍ പാലിച്ച്് ചെറുകിട സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമാണുള്ളത്. നിലവിലെ നിര്‍ദേശമനുസരിച്ച് 100 കുട്ടികളുള്ള ഒരു സ്ഥാപനത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ 40 ജീവനക്കാര്‍ ഉണ്ടാകണം. രണ്ടും മൂന്നും വര്‍ഷങ്ങളായി സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്‍ഡ് മുടങ്ങിക്കിടക്കുന്ന നിരവധി സ്ഥാപനങ്ങള്‍ വളരെ കഷ്ടപ്പെട്ടാണ് അനാഥ കുട്ടികളെ നിലവില്‍ സംരക്ഷിച്ചുവരുന്നത്. പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം സ്ഥാപനങ്ങളിലുള്ള അയ്യായിരത്തിലേറെ കുട്ടികളുടെ ഭാവിയില്‍ കരിനിഴല്‍ വീഴും. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളില്‍ ഏറിയവയും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവയാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ നല്‍കുന്ന സാമ്പത്തികസഹായംകൊണ്ടു മാത്രമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിബന്ധനയനുസരിച്ചുള്ള ജീവനക്കാരെ നിയമിക്കാനും സൗകര്യങ്ങളൊരുക്കാനും ഈ സ്ഥാപനങ്ങള്‍ക്കു കഴിയില്ല എന്നിരിക്കെ, ഇവിടങ്ങളിലെ കുട്ടികളെ എന്തു ചെയ്യുമെന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്ന് ജെഡിടി ഇസ്‌ലാം ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റ് സി പി കുഞ്ഞിമൂസ പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ച് പ്രവര്‍ത്തിക്കാനാവുന്നവ പ്രവര്‍ത്തിപ്പിക്കാനും മറ്റുള്ളവ അടച്ചുപൂട്ടാനുമാണ് കോ-ഓഡിനേഷന്‍ കമ്മിറ്റി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും സുപ്രിംകോടതി നിര്‍ദേശമുള്ളതിനാല്‍  സംസ്ഥാന സര്‍ക്കാരിനുള്ള പരിമിതിയാണ് അദ്ദേഹം പങ്കുവച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനം വന്നതോടെ ഇതുവരെ 15ഓളം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. പുതിയ നിര്‍ദേശപ്രകാരം ബാലമന്ദിരങ്ങളിലെ അന്തേവാസികളെക്കൂടി അനാഥാലയങ്ങള്‍ ദത്തെടുക്കേണ്ടിവരും. ഇങ്ങനെ വരുമ്പോള്‍, അത് മറ്റു കുട്ടികളുടെ സാംസ്‌കാരിക അവസ്ഥ മാറ്റുമെന്നും അദ്ദേഹം  തേജസിനോടു പറഞ്ഞു.അനാഥാലയങ്ങള്‍ വഴി കുട്ടിക്കടത്തും മറ്റു നിയമലംഘനങ്ങളും നടക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് സുപ്രിംകോടതിയും സര്‍ക്കാരും പുതിയ നിയമനിര്‍ദേശങ്ങള്‍ കൊണ്ടുവന്നത്.  നിര്‍ദേശങ്ങള്‍ കുട്ടികളുടെ അവകാശം സംബന്ധിച്ച് പുലര്‍ത്തുന്ന ജാഗ്രത പൊതുവെ അംഗീകരിക്കുന്നതാണ് എന്നാല്‍ അവ നടപ്പാക്കാനുള്ള പ്രായോഗിക തടസ്സങ്ങളാണ് നിലവിലെ പ്രതിസന്ധിക്കും ആശങ്കയ്ക്കും കാരണമായിട്ടുള്ളത്.
Next Story

RELATED STORIES

Share it