Editorial

അനാഥാലയങ്ങളും ബാലനീതി നിയമവും

Editorial

അനാഥകളുടെയും അഗതികളുടെയും സംരക്ഷണരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ച ചരിത്രമാണ് കേരളീയസമൂഹത്തിനുള്ളത്. പതിനായിരക്കണക്കിന് കുട്ടികള്‍ക്കാണ് കേരളത്തിലെ അനാഥശാലകള്‍ ജീവിതത്തെ സധൈര്യം നേരിടുന്നതിന് മാര്‍ഗദര്‍ശകമായത്. ബാലനീതി നിയമം അനാഥശാലകള്‍ക്കു കൂടി ബാധകമാക്കിയതോടെ ഈ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനു നേരെ ഭീഷണിയുയരുന്നതായി സ്ഥാപന നടത്തിപ്പുകാര്‍ ആശങ്ക രേഖപ്പെടുത്തുന്നു.
കുട്ടിക്കുറ്റവാളികളുടെ ഹീനകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ബാലനീതി (സംരക്ഷണ പരിപാലന) 2015 നിയമം നടപ്പാക്കിയത്. തുടര്‍ന്നാണ് അനാഥാലയങ്ങള്‍, ബാലമന്ദിരങ്ങള്‍ തുടങ്ങിയവ ബാലസംരക്ഷണ ഓഫിസിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കു വേണ്ടി സര്‍ക്കാര്‍, സര്‍ക്കാരേതര സംഘടനകള്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങളും ഈ നിയമപരിധിയില്‍ വരും.
അനാഥാലയങ്ങളെ നിയന്ത്രിക്കുന്നതിന് 1960ല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ അനാഥശാല-ധര്‍മസ്ഥാപന (മേല്‍നോട്ടവും നിയന്ത്രണവും) നിയമം നിലവിലുണ്ട്. നിലവില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് അനാഥശാലകളുടെ പ്രവര്‍ത്തനം. ബാലനീതി നിയമപരിധിയില്‍നിന്ന് ഒഴിവാക്കി നിലവിലുള്ള നിയമത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് ഓര്‍ഫനേജ് സംഘടനകള്‍ ഒരേ സ്വരത്തിലാണ് ആവശ്യപ്പെടുന്നത്.
അനാഥാലയങ്ങളില്‍ നിശ്ചിത വിദ്യാഭ്യാസയോഗ്യതയും ശമ്പളവുമുള്ള ജോലിക്കാരെ നിയമിക്കണം. മാസം അഞ്ചുലക്ഷം രൂപയോളം ശമ്പളത്തിനു മാത്രമായി അധികം കണ്ടെത്തേണ്ടിവരുമെന്നാണ് കണക്ക്. ശിശുക്ഷേമ സമിതികള്‍ നിര്‍ദേശിക്കുന്നപോലെ ഭക്ഷണം നല്‍കണം. ഉദാരമതികളുടെ സംഭാവനയിലൂടെയും മറ്റും നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇതു താങ്ങാനാവില്ലെന്ന് നടത്തിപ്പുകാര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്ക് കുടുംബസാഹചര്യം നല്‍കാനും അവസാന ആശ്രയം എന്ന നിലയില്‍ മാത്രം സ്ഥാപനവല്‍ക്കരണം അംഗീകരിക്കാനുമാണ് ബാലനീതി നിയമത്തിന്റെ കാഴ്ചപ്പാട് എന്ന് പുതിയ വ്യവസ്ഥയുടെ അനുകൂലികള്‍ വാദിക്കുന്നു.
1,167 അനാഥശാലകളാണ് കേരളത്തില്‍ നിലവിലുള്ളത്. 2014 ജൂണ്‍ 30ന് സാമൂഹികനീതി വകുപ്പില്‍ ലഭ്യമായ കണക്കനുസരിച്ച് ആറു മുതല്‍ 18 വരെ പ്രായമുള്ള 52,252 കുട്ടികള്‍ അനാഥശാലകളില്‍ അന്തേവാസികളാണ്. വിവിധ സന്നദ്ധസംഘടനകള്‍ക്ക് അനാഥശാലകള്‍ നടത്തുന്നതിന് പിന്‍ബലമാവുന്നത് ഏറെയും സ്വന്തം വിശ്വാസത്തിന്റെ ഭാഗമായി അനാഥസംരക്ഷണം ഏറ്റെടുത്ത ഉദാരമതികളാണ്. അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില സ്ഥാപനങ്ങളുണ്ട് എന്നത് വസ്തുതയാണ്.
അതേയവസരം, അരലക്ഷത്തിലേറെ വരുന്ന അനാഥര്‍ക്ക് ജീവിതം നല്‍കുന്ന അനാഥശാലകളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോവുന്ന അന്തരീക്ഷം ഒരുനിലയ്ക്കും അംഗീകരിക്കാനാവില്ല. അത്തരം സാഹചര്യം ഒഴിവാക്കി, അനാഥര്‍ക്ക് സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാണ് നിയമങ്ങള്‍ പിന്‍ബലമാവേണ്ടത്.
Next Story

RELATED STORIES

Share it