wayanad local

അനാഥാലയങ്ങളില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന: മന്ത്രി

കല്‍പ്പറ്റ: സര്‍ക്കാര്‍ അനാഥാലയങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു പരിശോധന നടത്തുമെന്നു ആരോഗ്യ-സാമൂഹിക ക്ഷേമമന്ത്രി കെ കെ ശൈലജ. സാമൂഹികനീതി വകുപ്പിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ മുട്ടില്‍ വയനാട് മുസ്‌ലിം ഓര്‍ഫനേജില്‍ സംഘടിപ്പിച്ച അനാഥാലയങ്ങളിലെയും മറ്റ് ധര്‍മസ്ഥാപനങ്ങളിലെയും താമസക്കാരുടെ സംസ്ഥാനതല കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പരിശോധന ആരെയും ഉപദ്രവിക്കാനുള്ളതാവില്ല. കേന്ദ്ര ശിശുനീതി നിയമമനുസരിച്ച് എല്ലാ അനാഥാലയങ്ങളും രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ശിശു സൗഹൃദമായിരിക്കണമെന്നതാണ് ഏറ്റവും പ്രധാനം. ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയാത്ത പ്രായത്തില്‍ കുഞ്ഞുങ്ങളുടെ ശരീരവും മനസ്സും പോറലേല്‍ക്കാതെ സൂക്ഷിക്കേണ്ടതുണ്ടെന്നു മന്ത്രി ശൈലജ പറഞ്ഞു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ. റോയ് മാത്യു വടക്കേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സമൂഹികനീതി ഓഫിസര്‍ ഡാര്‍ളി ഇ പോള്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗങ്ങളായ സി മുഹമ്മദലി, ട്രീസ പ്ലാത്തോട്ടത്തില്‍, മുട്ടില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ എം നജീം, ഡബ്ല്യുഎംഒ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി, വയനാട് മുസ്‌ലിം ഓര്‍ഫനേജ് സെക്രട്ടറി എം എ മുഹമ്മദ് ജമാല്‍, ഓര്‍ഫനേജ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്‍ ബാലചന്ദ്രന്‍, പ്രബേഷന്‍ ഓഫിസര്‍ പി ജയകുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it