അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം; സിബിഐ അന്വേഷണം റദ്ദാക്കല്‍: ആവശ്യം പരിഗണിക്കാമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രിംകോടതി. ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും മുക്കം ഓര്‍ഫനേജിനും സിബിഐക്കും കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ യു യു ലളിത്, മദന്‍ ബി ലോക്കൂറും അടങ്ങുന്ന സുപ്രിംകോടതി ബെഞ്ചിന്റേതാണു നടപടി. മതിയായ രേഖകളില്ലാതെ അനാഥാലയങ്ങളിലേക്കു കുട്ടികളെ കൊണ്ടുവന്ന സംഭവം ക്രൈംബ്രാഞ്ച് ഡിവിഷന്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നുവെന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും അഡീഷനല്‍ അഡ്വ. ജനറല്‍ കെ എ ജലീലും അറിയിച്ചു. അന്വേഷണം അവസന ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് ഹൈക്കോടതി കേസ് സിബിഐക്കു വിട്ടത്. അതു ശരിയായ രീതിയല്ല. സാധാരണഗതിയില്‍ ഒരു അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ ഏജന്‍സിയെ മാറ്റുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഇവിടെ ഉണ്ടായില്ല.

അതുവരെയുള്ള അന്വേഷണ റിപോര്‍ട്ട് പരിശോധിക്കാതെയും ഏതെങ്കിലും വിധത്തിലുള്ള അപാകത കണ്ടെത്താതെയും തികച്ചും യാന്ത്രികമായാണ് ഹൈക്കോടതി കേസ് സിബിഐക്കു വിട്ടത്. ഈ രീതി ശരിയായില്ലെന്നും കപില്‍ സിബല്‍ വാദിച്ചു. ഈ വിഷയത്തില്‍ മുക്കം ഓര്‍ഫനേജ് കമ്മിറ്റി നല്‍കിയ ഹരജി നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലുള്ളതും സിബല്‍ ഓര്‍മിപ്പിച്ചു.അതേസമയം, അനാഥാലയങ്ങളുടെ രജിസ്‌ട്രേഷന്‍ എന്ന പ്രശ്‌നവും കൂടി നിലവിലുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, രജിസ്‌ട്രേഷനല്ല സിബിഐ അന്വേഷണമാണ് ഇപ്പോള്‍ ഉന്നയിക്കുന്ന വിഷയമെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.

ഈസമയം പഴയ കേസിനൊപ്പം ഇതുകൂടി പരിഗണിക്കാമെന്നും സിബിഐ അന്വേഷണത്തിന് സ്‌റ്റേ വേണമെന്ന നിങ്ങളുടെ ആവശ്യം പരിഗണിക്കാമെന്നും കോടതി അറിയിച്ചു. കേസ് അടുത്തമാസം വീണ്ടും പരിഗണിക്കും. അന്തര്‍സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമാണ് നല്ലതെന്നു ചൂണ്ടിക്കാട്ടിയാണ് കേസ് ഹൈക്കോടതി സിബിഐക്കു വിട്ടത്. മതിയായ രേഖകള്‍ പരിശോധിക്കാതെയും പ്രഥമദൃഷ്ട്യാ ഏതെങ്കിലും വിധത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനം നടന്നതായി ബോധ്യപ്പെടാതെയുമാണ്  സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അഭിഭാഷകനായ സുല്‍ഫിക്കര്‍ അലി മുഖേന നല്‍കിയ ഹരജിയില്‍ മുക്കം ഓര്‍ഫനേജ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
Next Story

RELATED STORIES

Share it