അനാഥവൃദ്ധമന്ദിരങ്ങള്‍

അനാഥവൃദ്ധമന്ദിരങ്ങള്‍
X
Old-agesthreeകെ.പി.ഒ. റഹ്മത്തുല്ല




ക്ഷ്മിക്കുട്ടിയമ്മ. വയസ്സ് 68. ജനിച്ച സ്ഥലമോ ബന്ധുക്കളെക്കുറിച്ചോ ഒന്നുമറിയില്ല. തൃശൂരിലെ റോഡരികില്‍ നിന്നു സാമൂഹികപ്രവര്‍ത്തകര്‍ വൃദ്ധസദനത്തില്‍ എത്തിച്ചതാണ് ഇവരെ. പരസഹായം കൂടാതെ ഒന്നും ചെയ്യാനാവില്ല. നിരവധി അസുഖങ്ങളും കൂട്ടിനുണ്ട്. എപ്പോഴും വിദൂരതയിലേക്ക് കണ്ണുംനട്ട് ഇരിക്കും. ആരോടും ഒന്നും പറയാറുമില്ല. ഇടയ്ക്ക് എപ്പോഴെങ്കിലും ഒന്ന് ചിരിച്ചാലായി.  കൊച്ചുവറീത്, പ്രായം 72. ഒമ്പതു മക്കളുണ്ട്. ഏഴ് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും. എന്നിട്ടും ഇദ്ദേഹമിപ്പോള്‍ ഒരു വൃദ്ധസദനത്തില്‍ കഴിയുന്നു. 65 വയസ്സ് വരെ നന്നായി അധ്വാനിച്ച് കുടുംബം പുലര്‍ത്തി. മക്കള്‍ക്കെല്ലാം നല്ല വിദ്യാഭ്യാസവും നല്‍കി. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി മക്കളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി എല്ലാ സൗകര്യങ്ങളും ഉപേക്ഷിച്ചു. ഭാര്യ നേരത്തേ മരിച്ചു. മക്കള്‍ ഓരോരുത്തരായി വിവാഹവും കഴിച്ചു. ഒരു ദിവസം കൊച്ചുവറീതിന് മനസ്സിലായി താന്‍ മക്കള്‍ക്കൊരു ശല്യമാണെന്ന്. പിന്നെ ആലോചിച്ചില്ല. വീടു വിട്ടിറങ്ങി. ഇറങ്ങുമ്പോള്‍ ലക്ഷ്യമൊന്നുമില്ലായിരുന്നു. എത്തിപ്പെട്ടത് ചാലക്കുടിയിലെ വൃദ്ധസദനത്തില്‍. ഇപ്പോള്‍ സന്തോഷമാണ്. ഇതൊക്കെയാണെങ്കിലും ആരോടും പരാതിയില്ല. ഇതും ജീവിതത്തിന്റെ ഭാഗമാണെന്നേ വറീതുചേട്ടന്‍ കരുതുന്നുള്ളൂ. കേരളത്തില്‍ പ്രായം ചെന്നവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. ചെറുപ്പക്കാരും പുതിയ തലമുറയും രംഗം കീഴടക്കിയിരിക്കുന്നു. പ്രായം കൂടിയവരെ ശല്യമായാണ്  പലരും കാണുന്നത്. ഇക്കാരണത്താല്‍ തന്നെ പ്രായമായവര്‍ക്കിടയില്‍ മാനസികരോഗികളും വിഷാദരോഗികളും വര്‍ധിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 65 വയസ്സിനു മുകളില്‍ 15 ശതമാനം പേരും വിഷാദരോഗികളാണ്. 10 ശതമാനം പേര്‍ ഉല്‍ക്കണ്ഠരോഗികളും 5 ശതമാനം പേര്‍ ഓര്‍മക്കുറവുള്ളവരുമാണ്. മിഥ്യാബോധവും തെറ്റിദ്ധാരണയും 30 ശതമാനം പേരില്‍ കാണുന്നു. ഉറക്കമില്ലായ്മയാണ് മറ്റൊരു പ്രശ്‌നം. 20 ശതമാനം പേരിലും ഇത് കാണാം. ഏകാന്തത, ശൂന്യതാബോധം, നഷ്ടബോധം ഇതൊക്കെ ഇവരെ വേട്ടയാടുന്നു. മതിയായ സംരക്ഷണവും പരിചരണവും ലഭിക്കാത്ത മൂന്നു ലക്ഷം വൃദ്ധരെങ്കിലും സമൂഹത്തില്‍ ഉണ്ടെന്നാണ് സാമൂഹികക്ഷേമ വകുപ്പിന്റെ കണക്ക്. ആവശ്യമായ ചികില്‍സ ലഭിക്കാത്തതു കൊണ്ടുമാത്രം രണ്ടായിരത്തിനും അയ്യായിരത്തിനുമിടയില്‍ വൃദ്ധര്‍ വീടുകളില്‍ മരിക്കുന്നുണ്ട്. ഗാര്‍ഹികപീഡനം അനുഭവിക്കുന്ന വൃദ്ധരില്‍ ഭൂരിഭാഗവും മരുമക്കളെയാണ് കുറ്റപ്പെടുത്തുന്നത്. അത് പൂര്‍ണമായും ശരിയായിരിക്കണമെന്നില്ല. എങ്കിലും, അധ്വാനിക്കാന്‍ ശേഷിയുള്ള കാലത്തോളം എല്ലുമുറിയെ പണിയെടുത്ത് കുടുംബം പുലര്‍ത്തിയിരുന്ന പലരും ജീവിതത്തിന്റെ സായംകാലത്ത് അവഗണനയില്‍ കഴിയുന്നുവെന്നത് സത്യമാണ്. ഇത് സഹിക്കാനാവാതെ സ്വയം മരണം വരിക്കുന്നവൃദ്ധരുടെ സംഖ്യയും ഓരോ വര്‍ഷവും വര്‍ധിച്ചുവരുകയാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ 25% വൃദ്ധന്‍മാരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വൃദ്ധര്‍ക്കിടയിലുള്ള ആത്മഹത്യാപ്രവണത 15 ശതമാനമാണ്.

വൃദ്ധസദനങ്ങള്‍

കേരളത്തില്‍ 1987ല്‍ ജനസംഖ്യയുടെ 7.5 ശതമാനവും വൃദ്ധരായിരുന്നു. 2001ല്‍ അത് 9 ശതമാനമായി. ഇന്ന് ഇത് ജനസംഖ്യയുടെ 13 ശതമാനം വരും. 4.6 ശതമാനം പേര്‍ ഓരോ വര്‍ഷവും ഈ ജനസഞ്ചയത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട്. സംസ്ഥാനത്ത് അഞ്ചു ലക്ഷം വൃദ്ധന്‍മാര്‍ അടിസ്ഥാനപരമായ ജീവിതസൗകര്യങ്ങള്‍ ഇല്ലാത്തവരായി കഴിയുന്നുവെന്ന് കൊച്ചി സര്‍വകലാശാല ഇതേക്കുറിച്ച് നടത്തിയപഠനത്തില്‍ പറയുന്നു. പ്രായമായവര്‍ക്കിടയിലുള്ള ഈ ആശങ്കാകുലമായ അവസ്ഥ കൊണ്ടുതന്നെയാവാം കേരളത്തില്‍ വൃദ്ധസദനങ്ങള്‍ വര്‍ധിച്ചുവരുന്നത്. ഇപ്പോള്‍ കേരളത്തില്‍ സ്വകാര്യമേഖലയില്‍ 580ഉം സര്‍ക്കാര്‍ മേഖലയില്‍ 28ഉം വൃദ്ധസദനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. അവിടങ്ങളിലെല്ലാമായി 22,000 പേര്‍ കഴിയുന്നു. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഇത് 1,62,000 ആവും. വൃദ്ധസദനങ്ങളുടെ എണ്ണം മൂവായിരത്തോളമാവാനും സാധ്യതയുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വൃദ്ധസദനങ്ങള്‍ ഉണ്ടായപ്പോള്‍ മൂക്കത്ത് വിരല്‍വച്ചവരാണ് മലയാളികള്‍. പ്രായം കൂടിയ മാതാപിതാക്കളേയും ബന്ധുക്കളേയും വൃദ്ധസദനങ്ങളില്‍ തള്ളുന്നതിനെതിരേ നമ്മുടെ ധാര്‍മികരോഷം വേണ്ടുവോളം തിളച്ചിരുന്നു. കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന നമ്മുടെ സമൂഹത്തില്‍ ഇതൊന്നും നടക്കുമെന്ന് നാം കരുതിയിരുന്നേയില്ല. ഇന്ന് നമ്മുടെ നാട്ടിലും ഈ പ്രവണത വര്‍ധിക്കുകയാണ്. സംസ്ഥാനത്തെ വൃദ്ധസദനങ്ങളില്‍ കഴിയുന്നവരില്‍ 75% പേര്‍ക്കും അടുത്തബന്ധുക്കളുണ്ട്. അണുകുടുംബഘടനയുടെ പ്രശ്‌നമായാണ്              പലരും ഇതിനെ കണക്കാക്കുന്നത്.

 ഫൈവ്സ്റ്റാര്‍ വൃദ്ധസദനങ്ങള്‍
രണ്ടു തരത്തിലുള്ള വൃദ്ധസദനങ്ങളാണ് സംസ്ഥാനത്തുള്ളത്. പ്രഫഷനലുകളായ മക്കള്‍ മാതാപിതാക്കളെ ഏല്‍പ്പിക്കുന്ന ഫൈവ്സ്റ്റാര്‍ വൃദ്ധസദനങ്ങള്‍. ഈ രൂപത്തിലുള്ള അമ്പതിലേറെ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. ഭാര്യയും ഭര്‍ത്താവും ജോലിസ്ഥലത്തും മക്കള്‍ ഹോസ്റ്റലുകളിലും കഴിയുന്നവര്‍ മാതാപിതാക്കളെ കൂടുതല്‍ സംരക്ഷണവും ശ്രദ്ധയും ലഭിക്കുന്ന ഇത്തരം കേന്ദ്രങ്ങളില്‍ ഏല്‍പ്പിക്കുന്നു. തങ്ങളേക്കാള്‍ നന്നായി മാതാപിതാക്കളെ സ്ഥാപനനടത്തിപ്പുകാര്‍ നോക്കുമെന്ന് അവര്‍ക്കറിയാം. ആഴ്ചയില്‍ ഒരു ദിവസം മക്കള്‍ ഈ സ്ഥാപനങ്ങളില്‍ മാതാപിതാക്കളോടൊപ്പം രാപ്പാര്‍ക്കുകയും ചെയ്യുന്നു. പ്രഫഷനല്‍ ജോലിയില്‍ ഏര്‍പ്പെട്ടവരാണ് ഇങ്ങനെ ചെയ്യുന്നവരിലധികവും. പതിനായിരത്തോളം പേര്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. മാസന്തോറും പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ ഫീസ് വാങ്ങുന്ന സ്ഥാപനങ്ങള്‍ ഈ രംഗത്തുണ്ട്. ഫൈവ്സ്റ്റാര്‍ വൃദ്ധസദനങ്ങള്‍ അധികവും എറണാകുളം ജില്ലയിലാണുള്ളത്. ബംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ മലയാളികള്‍ വരെ കൊച്ചിയിലെ ഇത്തരം സ്ഥാപനങ്ങളിലാണ് മാതാപിതാക്കളെ സുരക്ഷിതമായി ഏല്‍പ്പിക്കുന്നത്.

രണ്ടാംതരം സ്ഥാപനങ്ങളും
രണ്ടാംതരം വൃദ്ധസദനങ്ങള്‍ സാമൂഹികസംഘടനകളും മറ്റും നടത്തുന്നവയാണ്. ആശ്രയിക്കാന്‍ ആരുമില്ലാത്തവര്‍ ഇവിടങ്ങളില്‍ കഴിയുന്നു. മക്കള്‍ മാതാപിതാക്കളെ നിര്‍ബന്ധപൂര്‍വം വീടുകളില്‍നിന്ന് ഇറക്കിവിടുന്നു. അല്ലെങ്കില്‍ സ്വയം വീട് വിട്ടിറങ്ങാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ഇങ്ങനെയുള്ളവരാണ് വൃദ്ധസദനങ്ങളില്‍ എത്തുന്നവരില്‍ ഏറെയും. റോഡുകളിലും തെരുവുകളിലും വീണു കിടക്കുന്ന വൃദ്ധരെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന മുപ്പതോളം വൃദ്ധസദനങ്ങള്‍ സംസ്ഥാനത്തുണ്ട്. ആരോഗ്യകരമായ സാഹചര്യങ്ങളില്‍ ഇത്തരക്കാരെ അവര്‍ സംരക്ഷിക്കുന്നു. കൊച്ചി, കോട്ടയം, തൃശൂര്‍ ജില്ലകളിലാണ് ഇവ കൂടുതലുള്ളത്. ദമ്പതികളായി വൃദ്ധസദനങ്ങളില്‍ കഴിയുന്നവരുമുണ്ട്. ഇത്തരക്കാരുടെ എണ്ണം ഏഴായിരത്തോളം വരും. ചെറിയ ജോലികള്‍ ചെയ്താണ് വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ സമയം ചെലവഴിക്കുന്നത്. വൈകുന്നേരങ്ങളില്‍ കൂട്ടം കൂടിയിരുന്ന് പാട്ടുപാടുന്നതും സൊറപറയുന്നതും മാനസികസമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. എല്ലാ ഞായറാഴ്ചയും പ്രത്യേക വിനോദപരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഉല്‍സവങ്ങളും വിശേഷാവസരങ്ങളും വൃദ്ധസദനങ്ങളില്‍ സന്തോഷം കൊണ്ടുവരുന്നു.

 അനാഥാലയങ്ങള്‍ വൃദ്ധസദനങ്ങളാവുന്നു
സംസ്ഥാനത്തെ അനാഥശാലകള്‍ അടുത്തകാലത്തായി വൃദ്ധസദനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ക്രൈസ്തവ മാനേജ്‌മെന്റുകളുടെ കീഴിലുള്ള അനാഥശാലകളാണ് ഇങ്ങനെ രൂപം മാറുന്നത്. കുട്ടികളെ കിട്ടുന്നില്ലെന്നതാണ് ഇതിനു പ്രധാന കാരണം. മുന്നൂറും നാനൂറും അനാഥക്കുട്ടികള്‍ക്ക് എല്ലാ സൗകര്യങ്ങളുമുള്ള അനാഥാലയങ്ങളില്‍ 100 കുട്ടികളെപ്പോലും കിട്ടാന്‍ പ്രയാസപ്പെടുകയാണെന്ന് നടത്തിപ്പുകാര്‍ പറയുന്നു. ഇത്രയും കാലം ഈ സ്ഥാപനങ്ങള്‍ നടത്തിയിരുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ കൊണ്ടുവന്നായിരുന്നു. എന്നാല്‍, ഈയിടെയായി അതിന് നിയന്ത്രണം വരുകയും കേസും വിവാദങ്ങളും ഉണ്ടാവുകയും ചെയ്തതോടെ ആ വാതില്‍ അടഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ 124 അനാഥാലയങ്ങള്‍  വൃദ്ധസദനങ്ങളാക്കിയിട്ടുണ്ട്. വൃദ്ധസദനം അന്വേഷിച്ചെത്തുന്നവരുടെ എണ്ണത്തിലുള്ള വര്‍ധനവാണ് മറ്റൊരു കാരണം. തൃശൂര്‍ ജില്ലയിലെ അനാഥാലയങ്ങള്‍ വൃദ്ധസദനങ്ങളായി മാറിയത് ഇക്കാരണത്താലാണ്. വരും വര്‍ഷം 100 അനാഥാലയങ്ങളെങ്കിലും ഇപ്രകാരത്തില്‍ രൂപം മാറുമെന്നാണ് അനാഥാലയസംഘടനയുടെ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ജോഷി അറക്കല്‍ പറയുന്നത്.
Next Story

RELATED STORIES

Share it