അനാഥമന്ദിരത്തിലെ സിസ്റ്റര്‍മാര്‍ക്കെതിരേ കേസ്‌

കൊച്ചി: അധികൃതരുടെ പീഡനങ്ങളെത്തുടര്‍ന്ന് രാത്രിയില്‍ പെണ്‍കുട്ടികള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്ന പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോണ്‍വെന്റിന്റെ അനാഥ മന്ദിരത്തിലെ കുട്ടികളില്‍ നിന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യൂസി) ഇന്നലെ തെളിവെടുത്തു. 24 കുട്ടികളാണ് ഇവിടെ താമസിച്ചിരുന്നത്. അനാഥ മന്ദിരത്തിന്റെ ചുമതലയുണ്ടായിരുന്ന സിസ്റ്റര്‍മാരായ അംബിക, ബിന്‍സി എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തു. മാര്‍ച്ചില്‍ വര്‍ഷാവസാന പരീക്ഷ തീരുന്നതോടെ വിദ്യാര്‍ഥികളായ കുട്ടികളെ രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ സുരക്ഷിതമായ മറ്റൊരിടത്തേക്കു മാറ്റാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യൂസി) കോണ്‍വെന്റ് അധികൃതരോട് നിര്‍ദേശിച്ചു. മാര്‍ച്ച് വരെ കുട്ടികള്‍ തങ്ങുന്ന കോണ്‍വെന്റില്‍ സിഡബ്ല്യൂസി എല്ലാ ആഴ്ചയിലും കുട്ടികളുടെ സ്ഥിതി വിലയിരുത്തും. കുട്ടികളുടെ പരീക്ഷ തീര്‍ന്നതിനു ശേഷം അനാഥ മന്ദിരത്തിനെതിരേ എന്തു നടപടി സ്വീകരിക്കണമെന്നു തീരുമാനിക്കുമെന്നു സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍ പത്മജ നായര്‍ പറഞ്ഞു. അതേസമയം, സംഭവത്തി ല്‍ അന്വേഷണം നടന്നുവരുകയാണെന്നും അറസ്റ്റ് ചെയ്യേണ്ട ഘട്ടത്തില്‍ ഇപ്പോള്‍ അന്വേഷണം എത്തിയിട്ടില്ലെന്നും ആവശ്യം വന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യുമെന്നും കടവന്ത്ര എസ്‌ഐ വിജയ് ശങ്കര്‍ പറഞ്ഞു. പോലിസ് കേസെടുത്തതോടെ സിസ്റ്റര്‍മാരെ ചുമതലയില്‍ നിന്നു നീക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 10നാണ് കോണ്‍വെന്റ് അധികൃതരുടെ മാനസിക-ശാരീരിക പീഡനം സഹിക്കാനാവാതെ 20 കുട്ടികള്‍ റോഡിലിറങ്ങിയത്. അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന നിര്‍ധന കുടുംബങ്ങളിലെ 24 പെണ്‍കുട്ടികളാണ് കോണ്‍വെന്റിലുള്ളത്. സമയത്തിനു ഭക്ഷണം നല്‍കാറില്ലെന്നും ദേഹോപദ്രവവും ചീത്തവിളിയും പതിവാണെന്നും പുറത്തിറങ്ങിയ പെണ്‍കുട്ടികള്‍ നാട്ടുകാരോടും പോലിസിനോടും പറഞ്ഞിരുന്നു. പരാതിപ്പെട്ടാല്‍ ഭക്ഷണം നിഷേധിക്കും. കുടുംബാംഗങ്ങളെയും അപമാനിക്കുംവിധമായിരുന്നു അധികൃതരുടെ ഇടപെടല്‍. പഠനനിലവാരത്തെക്കുറിച്ചും അപമാനിക്കാറുണ്ടെന്നു കുട്ടികള്‍ പോലിസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it