അനാചാരത്തിന്റെ നായകന്‍ സമത്വയാത്ര ഉദ്ഘാടകന്‍!!!

അബ്ദുര്‍റഹ്മാന്‍ ആലൂര്‍
കാസര്‍കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമത്വമുന്നേറ്റ യാത്ര. മധൂര്‍ മദനന്തേശ്വര ക്ഷേത്ര പരിസരത്ത് ഉദ്ഘാടനം ചെയ്യുന്നത് പേജാവര്‍ മഠാധിപതി വിശ്വേശ്വരയ്യ തീര്‍ത്ഥ. കര്‍ണാടകയില്‍ ഹിന്ദുക്കളിലെ അവര്‍ണര്‍ ബ്രാഹ്മണരുടെ എച്ചിലിലയില്‍ ഉരുളുന്ന അനാചാരത്തിന് പ്രോല്‍സാഹനം നല്‍കുന്നയാളാണ് സമത്വമുന്നേറ്റ യാത്രയുടെ ജ്യോതി പ്രകാശനം നിര്‍വഹിക്കുന്നത്.
കര്‍ണാടകയില്‍ ദലിതര്‍ അടക്കമുള്ള സമൂഹത്തിലെ അധസ്ഥിത വിഭാഗത്തെ എന്നും അകറ്റി നിര്‍ത്തുന്ന അവര്‍ക്ക് ചായയും വെള്ളവും ചിരട്ടകളില്‍ നല്‍കുന്ന സമ്പ്രദായം പിന്തുടരുന്നവരാണ് ഈ ബ്രാഹ്മണ വിഭാഗം. തങ്ങളുടെ എച്ചിലിലയില്‍ ശയനപ്രദക്ഷിണം (മഡേ സ്‌നാന) നടത്തി രോഗ ശമനം നേടാനാവുമെന്ന് പ്രചരിപ്പിക്കുന്ന വിഭാഗത്തിന്റെ നേതാവാണ് വിശ്വേശരയ്യ. കര്‍ണാടകയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലും ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും കര്‍ണാടകയിലെ മറ്റു ചില ക്ഷേത്രങ്ങളിലും ഈ ദുരാചാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സിപിഎം, ഡിവൈഎഫ്‌ഐ സംഘടനകള്‍ ഇതിനെതിരേ നിരന്തരമായ പ്രക്ഷോഭത്തിലാണ്.
കാസര്‍കോട് ജില്ലയിലടക്കം ഹിന്ദുസമൂഹത്തിലെ കീഴാളന്‍മാരെ ഇന്നും നാലാംതരം പൗരന്‍മാരായാണ് ഈ വിഭാഗം കണക്കാക്കുന്നത്. ആദിവാസികളായ കൊറഗ, മലക്കുടിയ തുടങ്ങിയ വിഭാഗങ്ങള്‍ ഇന്നും ബ്രാഹ്മണരുടെ മേല്‍ജാതി പീഡനത്തിന് ഇരയാവുന്നവരാണ്.
Next Story

RELATED STORIES

Share it