Kottayam Local

അനര്‍ഹരെ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കി

കാഞ്ഞിരപ്പള്ളി: താലൂക്കിലെ മുന്‍ഗണന, എഎവൈ കാര്‍ഡുകള്‍ കൈവശം വച്ച അനര്‍ഹരെ കണ്ടെത്താനായുള്ള പരിശോധന ശക്തമാക്കിയതായി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. വീട് കയറിയുള്ള രണ്ടാംവട്ട പരിശോധന ശക്തമാക്കിയതില്‍ മടുക്ക, കോരുത്തോട്, പറത്താനം മേഖലകളില്‍ നിന്ന് 25 അനര്‍ഹരെ കണ്ടെത്തി തല്‍സമയം തന്നെ റേഷന്‍ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേയ്ക്കു മാറ്റി. ഇവരില്‍ നിന്നു പുതിയ റേഷന്‍ കാര്‍ഡ് ലഭിച്ചതിനു ശേഷം കൈപ്പറ്റിയ സാധനങ്ങളുടെ വില ഈടാക്കാനായി നോട്ടീസ് നല്‍കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. കിലോഗ്രാം അരി 29.81 രൂപയും ഒരു കിലോഗ്രാം ഗോതമ്പ് 20.81 രുപയും ഒരു കിലോ പഞ്ചസാര 32.89 രൂപയും മണ്ണെണ്ണ 67.57 രൂപയും ഈടാക്കും. പണം ഒടുക്കാന്‍ വിമുഖത കാട്ടിയാല്‍ റവന്യു റിക്കവറി നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.ഇവര്‍ക്കെതിരേ ഭക്ഷ്യ ഭദ്രതാ നിയമമനുസരിച്ച് കേസെടുക്കുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീടുകയറിയുള്ള പരിശോധനകള്‍ ശക്തമാക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. പഞ്ചായത്തുതലത്തില്‍ വാര്‍ഡ് മുഴുവന്‍ വീടുകളിലും കയറി കാര്‍ഡ് പരിശോധനയ്ക്ക് പ്രത്യേക ടീം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇനിയും അനര്‍ഹമായി ബിപിഎല്‍ അന്ത്യോദയ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന കുടുംബങ്ങളുടെ സ്ഥിതി വിവരകണക്കുകള്‍ കണ്ടെത്താനായി പഞ്ചായത്ത്, വില്ലേജ്, മോട്ടോര്‍ വാഹന വകുപ്പുകളുടെ പക്കല്‍ നിന്നു വിവരം ശേഖരിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ സ്വയമായി സപ്ലൈ ഓഫിസില്‍ വന്ന് അര്‍ഹമായി കൈവശം വച്ചിരിക്കുന്ന മുന്‍ഗണനാ വിഭാഗ കാര്‍ഡുകള്‍ അപേക്ഷ നല്‍കി സറണ്ടര്‍ ചെയ്ത് പൊതുവിഭാഗത്തിലേക്ക് ആക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശിക്ഷാ ഇളവുകള്‍ നല്‍കാമെന്നാണ് തീരുമാനമെന്നും കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it