malappuram local

അനര്‍ഹമായ മുന്‍ഗണനാ കാര്‍ഡുകള്‍ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി

മഞ്ചേരി: യഥാര്‍ഥ വിവരം മറച്ചുവച്ച്് ഭക്ഷ്യ ഭദ്രതാ നിയമം പ്രകാരം റേഷന്‍ ഗുണഭോക്താക്കളായി മുന്‍ഗണനാ ലിസ്റ്റില്‍ ഇടം പിടിച്ച അര്‍ഹതയില്ലാത്തവരെ കണ്ടെത്താന്‍ പരിശോധന തുടങ്ങി. റേഷന്‍ കാര്‍ഡിലുള്‍പ്പെട്ട ആര്‍ക്കെങ്കിലും വീടിന്റെ വിസ്തീര്‍ണം 1,000 ചതുരശ്ര അടിയില്‍ കൂടുതല്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, നാലുചക്ര വാഹനമുള്ളവര്‍ (ടാക്‌സി ഒഴിച്ച്), സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിയുള്ള അംഗങ്ങളുള്ള കുടുംബം, ആദായ നികുതി അടയ്്ക്കുന്ന കുടുംബം, സര്‍വീസ് പെന്‍ഷനും ബന്ധപ്പെട്ട ആനുകൂല്യങ്ങളുമുള്ള കുടുംബം, 25,000 രൂപയിലേറെ വരുമാനമുള്ള കുടുംബം എന്നിവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സ്വമേധയാ ലിസ്റ്റില്‍ നിന്നു പുറത്തുപോവണം. ഇത്തരത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ ഈ മാസം 31ന് മുമ്പ് താലൂക്ക് സപ്ലൈ ഓഫിസില്‍ നേരിട്ടുവന്ന് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അര്‍ഹതയില്ലാത്തവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട് റേഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയാല്‍ വിവിധ വകുപ്പുകള്‍ പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ മിനി എല്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദു വി, പ്രതാപ് എന്നിവര്‍ നടത്തിയ പരിശോധനയില്‍ ചില കുടുംബങ്ങള്‍ അനര്‍ഹമായി റേഷന്‍ കൈപ്പറ്റിയതായി കണ്ടെത്തി. അനര്‍ഹരായിട്ടും കള്ളസത്യവാങ്മൂലം നല്‍കിയ കുടുംബങ്ങളാണ് യഥാര്‍ഥ വിവരം മറച്ചുവച്ച്് മുന്‍ഗണന, എഎവൈ റേഷന്‍ കൈപ്പറ്റിയിട്ടുള്ളത്. പൊതുജനങ്ങളില്‍നിന്നും സന്നദ്ധ സംഘടനകളില്‍നിന്നും കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അനേ്വഷണം. അനര്‍ഹമായി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുംബത്തെ അറിയുന്ന ആര്‍ക്കും നേരിട്ടോ, ഫോണ്‍ മുഖാന്തിരമോ, എഴുതിയോ പരാതി സപ്ലൈ ഓഫിസില്‍ നല്‍കാവുന്നതാണ്. പരാതിപ്പെടുന്നവരുടെ പേരുവിവരം വയ്ക്കണമെന്നു നിര്‍ബന്ധമില്ല. പരാതിപ്പെടുമ്പോള്‍ അനര്‍ഹരുടെ റേഷന്‍ കാര്‍ഡ് നമ്പറും റേഷന്‍ കട നമ്പറും രേഖപ്പെടുത്തിയാല്‍ പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് സഹായകരമായിരിക്കും. പരാതിപ്പെടുന്ന വ്യക്തികളുടേയോ സംഘടകളുടേയോ പേര് വിവരങ്ങള്‍ പരമ രഹസ്യമായി സൂക്ഷിക്കുന്നതാണ്. വില്ലേജ്/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും ലഭിച്ച ലിസ്റ്റും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ലഭിച്ച ലിസ്റ്റും വച്ചുള്ള പരിശോധന നടത്തും.

Next Story

RELATED STORIES

Share it