wayanad local

അനന്തോത്ത് ഭൂമി പ്രശ്‌നം; അളക്കാനെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു

മാനന്തവാടി: അനന്തോത്ത് ഭൂമി കോടതി നിര്‍ദേശപ്രകാരം അളന്നു തിട്ടപ്പെടുത്താന്‍ വന്‍ പോലിസ് സന്നാഹത്തോടെ എത്തിയ കോടതി സംഘം നാലാം തവണയും ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അളവ് നടത്താനാവാതെ മടങ്ങി. കോടതി നിയോഗിച്ച ആമീന്‍ എം കെ ലക്ഷ്മണന്‍, സുല്‍ത്താന്‍ ബത്തേരി താലൂക്ക് സര്‍വേയര്‍മാരായ പി കെ അനില്‍കുമാര്‍, വൈ ഷാഫി എന്നിവരാണ് ഭൂമി അളന്നു തിട്ടപ്പെടുത്താനും രേഖകള്‍ കണ്ടെടുക്കാനും ഇന്നലെ രാവിലെ മാനന്തവാടിയിലെത്തിയത്.
സംഘം മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി എന്‍ സജീവുമായി ചര്‍ച്ച നടത്തിയ ശേഷം രേഖകള്‍ പരിശോധിക്കാനായി പോലിസ് സന്നാഹത്തോടെ പയ്യംപള്ളി വില്ലേജിലേക്ക് നീങ്ങുകയായിരുന്നു. ഇതേസമയം കോടതി സംഘത്തെ തടയാനായി വിന്‍സെന്റ് ഗിരിയില്‍ സംഘടിച്ച നാട്ടുകാരും രാഷ്ട്രീയ കക്ഷി നേതാക്കളും, സംഘമെത്തുന്നത് ഒണ്ടയങ്ങാടിയിലാണെന്നു തെറ്റിദ്ധരിച്ച് കിട്ടിയ വാഹനങ്ങളില്‍ ഒണ്ടയങ്ങാടിയിലേക്ക് നീങ്ങി.
പിന്നീട് യഥാര്‍ഥ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പയ്യംപള്ളി വില്ലേജില്‍പ്പെട്ട വിന്‍സെന്റ് ഗിരിയില്‍ നാട്ടുകാര്‍ സംഘത്തെ തടയുകയായിരുന്നു. കാട്ടിക്കുളം മാനന്തവാടി റോഡ് ഉപരോധിക്കുകയും ചെയ്തു. പ്രവൃത്തി തടസ്സപ്പെടുത്തിയതോടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ പി വി സഹദേവന്‍, ഇ ജെ ബാബു, കെ ജെ പൈലി അപ്പച്ചന്‍ കുറ്റിയോട്ടില്‍, കെ എം വര്‍ക്കി തുടങ്ങിയവര്‍ സിഐ ടി എന്‍ സജീവ്, കോടതി ആമീന്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും നടപടികള്‍ നിര്‍ത്തിവയ്ക്കുകയുമായിരുന്നു. ഇതോടെ റോഡ് ഉപരോധവും അവസാനിപ്പിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശിച്ച പ്രവൃത്തികള്‍ നടത്താന്‍ കഴിഞ്ഞില്ലെന്നു കോടതിക്ക് റിപോര്‍ട്ട് നല്‍കുമെന്ന് ആമീന്‍ പറഞ്ഞു.
അനന്തോത്ത് സ്വാമിയുടെ ഉടമസ്ഥതയിലുള്ള 500 ഏക്കറോളം ഭൂമി സ്വാമിയുടെ മരണശേഷം മകന്‍ രാമചന്ദ്രന്‍ മൈനറായിരിക്കെ സ്വാമിയുടെ മാതാവ് പുഷ്‌കരാമ്മാള്‍ വില്‍പന നടത്തിയെന്നാണ് രാമചന്ദ്രന്‍ കോടതിയില്‍ പരാതിപ്പെട്ടത്. അഞ്ചു വില്ലേജുകളിലായി പരന്നു കിടക്കുന്ന ഭൂമി രാമചന്ദ്രന് അര്‍ഹതപ്പെട്ടതാണെന്നും ഭൂമി തിരികെ നല്‍കണമെന്നും സുല്‍ത്താന്‍ ബത്തേരി കോടതി നിര്‍ദേശിക്കുകയായിരുന്നു. നിലവില്‍ ഈ ഭൂമി അഞ്ഞൂറോളം പേര്‍ വില കൊടുത്തു വാങ്ങി കൈവശംവച്ചു വരികയാണ്. ഇതിനിടെ നൂറോളം പേര്‍ ഹൈക്കോടതിയില്‍ കേസില്‍ കക്ഷി ചേരുകയും ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it