wayanad local

അനന്തോത്ത് ഭൂമി പ്രശ്‌നം; അളന്നു തിട്ടപ്പെടുത്താന്‍ വീണ്ടും സംഘമെത്തുന്നു

മാനന്തവാടി: അനന്തോത്ത് ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ വീണ്ടും ഹൈക്കോടതി നിര്‍ദേശ പ്രകാരമുള്ള സംഘമെത്തുന്നു. നേരത്തെ, മൂന്നു തവണ സംഘമെത്തിയെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയുമായിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായ സാഹചര്യത്തിലാണ് നാളെ ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ വീണ്ടും സംഘമെത്തുന്നത്. മാനന്തവാടി, പയ്യംപള്ളി, തൃശ്ശിലേരി, തവിഞ്ഞാല്‍, തിരുനെല്ലി, നല്ലൂര്‍നാട് വില്ലേജുകളില്‍ ഉള്‍പ്പെട്ട 168 ഹെക്റ്റര്‍ ഭൂമി താന്‍ മൈനറായിരിക്കെ അനന്തോത്ത് സ്വാമിയുടെ പേരിലുള്ള ഭൂമി അമ്മ പുഷ്‌കരാംബാള്‍ വില്‍പന നടത്തിയതായി കാണിച്ച് മകന്‍ രാമചന്ദ്ര അയ്യര്‍ നടത്തിയ നീണ്ട നിയമയുദ്ധങ്ങള്‍ക്ക് ശേഷം അനുകൂലവിധി നേടിയിരുന്നു. എന്നാല്‍, പതിറ്റാണ്ടുകള്‍ക്ക് പലരില്‍ നിന്നായി വില കൊടുത്തു വാങ്ങി നൂറുകണക്കിന് ആളുകളുടെ കൈവശമാണ് നിലവില്‍ ഈ ഭൂമിയുള്ളത്.
ഇതില്‍ 10 സെന്റ് മുതല്‍ ഏക്കറുകള്‍ വരെ ഭൂമി കൈവശം വയ്ക്കുന്നവരുമുണ്ട്. സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ നിന്ന് അനന്തോത്ത് സ്വാമിയുടെ മകന് ലഭിച്ച അനുകൂല വിധി പ്രകാരം ഭൂമി മലപ്പുറം സ്വദേശികളായ അബൂബക്കര്‍, സുധീഷ് എന്നിവര്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയും കോടതിയില്‍ നിന്ന് അനുകൂല വിധി നേടി ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ ആമീന്‍ നേരിട്ടെത്തുകയുമായിരുന്നു. മൂന്നു തവണയും വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് അളക്കാന്‍ കഴിഞ്ഞില്ല. കോടതി വിധി നടപ്പാക്കുന്നതില്‍ വീഴ്ച കാണിച്ച ആഭ്യന്തര സെക്രട്ടറി, ഡിജിപി, മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മി എന്നിവരെ എതിര്‍കക്ഷിയാക്കി ഹൈക്കോടതിയില്‍ വീണ്ടും ഹരജി നല്‍കിയിരുന്നു. ഇതിനിടെയാണ് ഭരണം മാറിയ സാഹചര്യത്തില്‍ നാളെ ഭൂമി അളക്കാന്‍ വീണ്ടും ആമീനും സംഘവുമെത്തുന്നത്.
നേരത്തെ, നല്‍കിയ ഹൈക്കോടതി ഹരജിയില്‍ ഭൂവുടമകളില്‍ കുറേ പേര്‍ കക്ഷി ചേര്‍ന്നിരുന്നു. കക്ഷി ചേരാത്ത ഭൂവുടമകളുടെ ഭൂമി അളക്കാനായിരിക്കും സംഘം ശ്രമിക്കുകയെന്നാണ് വിവരം.
500ഓളം പേരാണ് ഈ വിവാദഭൂമിയുടെ ഉടമകളായി നിലവിലുള്ളത്. വന്‍ പോലിസ് സന്നാഹത്തോടെ എത്തുന്ന സംഘത്തെ നേരിടാന്‍ തന്നെയാവും ഭൂവുടമകള്‍ ശ്രമിക്കുക.
Next Story

RELATED STORIES

Share it