Flash News

അനധികൃത സംപ്രേഷണം : 34 ചാനലുകള്‍ക്കെതിരേ നടപടിക്കു നിര്‍ദേശം



ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ അക്രമത്തിനു പ്രേരിപ്പിക്കുകയും ക്രമസമാധാനപ്രശ്‌നം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെട്ട 34 ചാനലുകള്‍ക്കെതിരേ നടപടി എടുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പാകിസ്താന്‍, സൗദി അറേബ്യ ചാനലുകളടക്കമുള്ളവയ്‌ക്കെതിരേ നടപടിയെടുക്കാനാണ് നിര്‍ദേശം. ജമ്മു കശ്മീരില്‍ പാകിസ്താന്‍, സൗദി അറേബ്യ ചാനലുകള്‍ അനധികൃതമായി സംപ്രേഷണം ചെയ്യുന്നതു തടയാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത ചില ടിവി ചാനലുകള്‍ കേബിള്‍ ഓപറേറ്റര്‍മാര്‍ സംപ്രേക്ഷണം ചെയ്യുന്നതായി നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. ചാനലുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ കെ ഗോയലാണ് ഉത്തരവിട്ടത്. അനുമതിയില്ലാത്ത ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നുണ്ടെന്ന മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എന്തു നടപടിയെടുത്തുവെന്നും ഗോയല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരോട് ആരാഞ്ഞിട്ടുണ്ട്. അംഗീകാരമില്ലാത്ത ടി വി ചാനലുകള്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ സംപ്രേഷണം ചെയ്യുന്നത് കേബിള്‍ ടിവി ശൃംഖലാ നിയന്ത്രണ ചട്ടത്തിന്റെ ലംഘനമാണ്. നിയമം ലംഘിച്ചാല്‍ കേബിള്‍ ഓപറേറ്റര്‍മാരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് അധികാരമുണ്ട്-ഗോയല്‍ ഉത്തരവില്‍ വ്യക്തമാക്കി. കേബിള്‍ ഓപറേറ്റര്‍മാര്‍ ചട്ടം ലംഘിച്ചതിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി എം വെങ്കയ്യനായിഡു സംസ്ഥാന ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിരുന്നു. നിരോധിക്കപ്പെട്ട സാക്കിര്‍ നായിക്കിന്റെ പീസ് ടിവിയടക്കം 34 ചാനലുകളുടെ പട്ടിക തയ്യാറാക്കിയത് സംസ്ഥാന ആഭ്യന്തരവകുപ്പാണ്.
Next Story

RELATED STORIES

Share it