kozhikode local

അനധികൃത ഷെഡ് പൊളിക്കാനുള്ള പിഡബ്ല്യൂഡിയുടെ ശ്രമം തടഞ്ഞു

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിലെ ചെമ്പ്ര മുക്കള്ളില്‍ പാതയോരത്തെ അനധികൃത ഷെഡ് പൊളിച്ചു നീക്കാനുള്ള പേരാമ്പ്ര പിഡബ്ല്യുഡി അധികൃതരുടെ ശ്രമം നാട്ടുകാരനായ സിപിഎം നേതാവിടപെട്ടു തടഞ്ഞു. ഇന്നലെ വൈകീട്ടു മൂന്നരയോടെയാണു സംഭവം. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ മതിലിനോടു ചേര്‍ന്നാണു ഷെഡ്. ഇതു കാരണം മതിലിന്റെ പണി തീര്‍ക്കാനാവാത്ത സ്ഥിതിയുണ്ടായി. അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ കൊയിലാണ്ടി താലൂക്കു വികസന സമിതിക്കു പരാതി നല്‍കുകയായിരുന്നു.
പേരാമ്പ്ര വില്ലേജ് അധികൃതര്‍ ഉള്‍പ്പടെ നാലോളം സര്‍ക്കാര്‍ ഏജന്‍സിയുടെ റിപോര്‍ട്ട് സമിതി ആരായുകയുണ്ടായി. ഇവര്‍ രേഖാമൂലം സമിതിക്കു അന്വേഷണ റിപോര്‍ട്ടു നല്‍കി.  സാമൂഹ്യവിരുദ്ധ ശല്യം ഷെഡ് കേന്ദ്രീകരിച്ചു നടക്കുന്നുണ്ടെന്നും മതിലുടമയുടെ കോമ്പൗണ്ടിലേക്കു മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപോര്‍ട്ടിലുണ്ട്. ഏപ്രില്‍ മാസത്തില്‍ നടന്ന താലൂക്കു വികസന സമിതി ഷെഡ് പൊളിക്കണമെന്ന തീരുമാനം കൈക്കൊണ്ടു. തഹസില്‍ദാര്‍ ഇക്കാര്യം പേരാമ്പ്ര പൊതുമരാമത്ത് അസി.എന്‍ജിനീയറെ അറിയിച്ചു. ഇവര്‍ പൊളിക്കണമെന്ന അറിയിപ്പ് നാട്ടുകാര്‍ക്കായി ഷെഡില്‍ സ്ഥാപിച്ചു. നിശ്ചിത സമയത്ത് ആരും പൊളിക്കാനെത്താത്ത സാഹചര്യത്തിലാണു പിഡബ്ല്യഡി നേരിട്ടു രംഗത്തെത്തിയത്. പൊളിക്കാനുള്ള ശ്രമം ഒരാള്‍ തടഞ്ഞത് അടുത്ത മാസം നടക്കുന്ന താലൂക്കുവികസന സമിതിയില്‍ റിപോര്‍ട്ട് ചെയ്യും. മെയ് മാസത്തെ യോഗത്തിലും വിഷയം ചര്‍ച്ചക്കു വന്നിരുന്നു. സിപിഎം നേതാവായ മേലടി ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റിന്റെ അധ്യക്ഷതയിലാണു യോഗം ചേര്‍ന്നിരുന്നത്.
Next Story

RELATED STORIES

Share it