kozhikode local

അനധികൃത മദ്യവില്‍പന സംഘങ്ങള്‍ ജില്ലയില്‍ സജീവം

താമരശ്ശേരി: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അനധികൃത മദ്യ വില്‍പന സംഘങ്ങള്‍ സജീവം. താമരശ്ശേരി ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പന ശാല അടച്ചു പൂട്ടിയതോടെയാണ് മാഹിയില്‍ നിന്നടക്കം വിദേശ മദ്യം എത്തിച്ചു വന്‍ തോതില്‍ വില്‍പന നടത്തുന്ന സംഘങ്ങള്‍ സജീവമായത്.
അമ്പായത്തോട്, കട്ടിപ്പാറ, മലോറം, പെരുമ്പള്ളി, ഈങ്ങാപ്പുഴ, കൈതപ്പൊയില്‍, കണ്ണപ്പന്‍ കുണ്ട്, അടിവാരം, പൂനൂര്‍, താമരശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലും മറ്റുമാണ് ഇപ്പോള്‍ മദ്യ വില്‍പന തകൃതിയായി നടക്കുന്നത്. നാടന്‍ വാറ്റു സംഘങ്ങളും ഇപ്പോള്‍ വിദേശ മദ്യവില്‍പനയിലേക്ക് തിരഞ്ഞിട്ടുണ്ട്.
ഏറെ ബുദ്ദിമുട്ടില്ലാതെ മദ്യം എത്തിക്കാനാവുമെന്നതും നല്ല ലാഭം കിട്ടുന്നതുമാണ് ഇവര്‍ ഈ മേഖലയിലേക്ക് തിരിഞ്ഞത്. വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, കൂലിപ്പണിക്കാര്‍ തുടങ്ങിയവരെ ഉപയോഗിച്ചാണ് വയനാട് വൈത്തിരി, കുന്നമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വിദേശ മദ്യം വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നത്.
മാഹിയില്‍ നിന്നും വിദേശ മദ്യ കടത്തുന്നതിനായി മാത്രം സ്‌കൂള്‍ യൂനീ ഫോമില്‍ ബൈക്കില്‍ പോവുന്ന യുവാക്കളെ കുറിച്ചു അധികൃതര്‍ക്ക് വിവിരം ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളാവുമ്പോള്‍ ചെക്കിങ് കുറയുമെന്നതാണ് ഇത്തരത്തില്‍ വേശം കെട്ടലിനു പിന്നില്‍. തിരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശവും തിരഞ്ഞെടുപ്പു ദിനവും റിസല്‍റ്റ് ദിവസവും പലപ്പോഴും അക്രമം നടക്കുന്നതിന്റെ പിന്നില്‍ മദ്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
എതിരാളികളെ തുരത്താന്‍ നേതാക്കന്മാര്‍ തന്നെ അണികള്‍ക്ക് മദ്യം നല്‍കുകയും ചെയ്യുന്നു. പലപ്പോഴും ഇത്തരം സംഘങ്ങളെ ഒതുക്കാന്‍ പോലിസിനോ എക്‌സൈസിനോ കഴിയാതെ പോവുകയും ചെയ്യുന്നു.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അനധികൃത മദ്യം വിവിധ സ്ഥങ്ങളില്‍ സ്റ്റോക്ക് ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്. പരിശോധന നടത്താന്‍ പറ്റാത്ത തരത്തില്‍ ഏറെ അകന്ന പ്രദേശങ്ങളിലാണ് പല സ്ഥലത്തും ഇവ സൂക്ഷിക്കുന്നത്. പോലിസിന്റെയോ എക്‌സൈസിന്റേയോ നിരീക്ഷണം മണത്തറിഞ്ഞ് വിവരം നല്‍കുന്നതിനാല്‍ ഒന്നും കണ്ടെത്താനും കഴിയുന്നില്ല. തിരഞ്ഞെടുപ്പ് ദിനങ്ങളും റിസല്‍റ്റ് വരുന്ന ദിവസവും ഏറെ ജാഗ്രത പാലിക്കാനുള്ള ഒരുക്കത്തിലാണ് പോലിസ്.
Next Story

RELATED STORIES

Share it