thrissur local

അനധികൃത മദ്യം-അരിഷ്ടം വില്‍പന തകൃതിയാവുന്നു

വെള്ളാങ്ങല്ലുര്‍: വെള്ളാങ്ങല്ലൂ ര്‍ പഞ്ചായത്തിലെ പൈങ്ങോടില്‍ അനധികൃത മദ്യം-അരിഷ്ടം വില്‍പന തകൃതിയാകുന്നു. അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം. എഎല്‍പി സ്‌കൂള്‍, പാല്‍ സൊസൈറ്റി, കള്ള് ഷാപ്പ്, കുന്നുംപുറം, റേഷന്‍ കട പരിസരങ്ങളിലായാണ് വന്‍ തോതില്‍ മദ്യവും, അരിഷ്ടവും വില്‍പന നടത്തുന്നത്.
കുറെകാലം മുമ്പ് കള്ള് ഷാപ്പ് നിര്‍ത്തിയപ്പോള്‍ ആണ് ഇവയുടെ വില്‍പന ഇവിടെ തുടങ്ങിയത്. പിന്നീട് ഷാപ്പ് തുറന്നുവെങ്കിലും മദ്യം-അരിഷ്ടം വില്‍പന തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. വീടുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന വില്‍പനയില്‍ ആവശ്യകാര്‍ക്ക് പറയുന്ന സ്ഥലത്തു എത്തിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഈസ്റ്റര്‍ സമയത്തു വന്‍തോതിലാണ് അനധികൃത മദ്യ വില്‍പന നടത്തിയത്. വിഷു അടുത്തതോടെ ഇനിയും അനധികൃത മദ്യവില്‍പന വര്‍ധിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരിഞ്ഞാലക്കുട, പൊക്ലായ്യ് തുടങ്ങിയ ബിവറേജസില്‍ നിന്നാണ് മദ്യം വാങ്ങി വില്‍പന നടത്തുന്നത്. കൂടാതെ പ്രമുഖ കമ്പനിയുടെ ലേബല്‍ പതിച്ച അരിഷ്ട വില്‍പന വളരെ കൂടുതലാണ്. ആരോഗ്യ വകുപ്പ്, എക്‌സ്‌സൈസ്സ് അധികൃതര്‍ യാതൊരു വിധ പരിശോധനയും നടത്തുന്നില്ല എന്ന് നാട്ടുകാര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it