ernakulam local

അനധികൃത മണല്‍ വാരല്‍: വീട്ടുടമയ്‌ക്കെതിരേ പോലിസ് കേസെടുത്തില്ലെന്ന വിവരം പുറത്തായി

ആലുവ: പെരിയാര്‍ തീരത്ത് നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് അനധികൃതമായി മണല്‍ വാരിക്കൂട്ടുന്നത് റൂറല്‍ എസ്പിയുടെ സ്‌ക്വാഡ് കൈയോടെ പിടികൂടിയിട്ടും വീട്ടുടമക്കെതിരേ പോലിസ് കേസെടുത്തിരുന്നില്ലെന്ന വിവരം പുറത്തായി.
കഴിഞ്ഞ മാസം അഞ്ചിന് പുലര്‍ച്ചെ ജിസിഡിഎ റോഡില്‍ ഗവ. ആയുര്‍വേദ ആശുപത്രിക്ക് സമീപം നിര്‍മിക്കുന്ന വീടിന്റെ പോര്‍ച്ചിലേക്ക് വഞ്ചിയില്‍നിന്നും മണല്‍ നീക്കുന്നതിനിടെയാണ് പോലിസ് പിടികൂടിയത്. ഇന്നലെ റവന്യു ഉദ്യോഗസ്ഥര്‍ മണല്‍ ലേലം വിളിക്കാനെത്തിയപ്പോഴാണ് വീട്ടുടമ ജിസിഡിഎ പാലത്തിങ്കല്‍ വീട്ടില്‍ നീന ആന്റണിക്കെതിരേ കേസെടുത്തില്ലെന്ന വിവരം നാട്ടുകാരറിയുന്നത്.
കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും കഴിഞ്ഞ ദിവസം കാലാവധി പൂര്‍ത്തിയാക്കി സംസ്ഥാന സര്‍വീസിലേക്ക് മടങ്ങിയെത്തിയ പോള്‍ ആന്റണിയുടെ ഭാര്യയാണ് നീന ആന്റണി. നിര്‍മാണത്തിലിരിക്കുന്ന വീടിന് വേണ്ടിയാണ് പെരിയാറില്‍നിന്നും മണല്‍ വാരിയതെന്ന് പകല്‍ പോലെ വ്യക്തമായിട്ടും ഉന്നത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വീട്ടുടമയെ പോലിസ് കേസില്‍ നിന്നൊഴിവാക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ പ്രകോപിതരായിട്ടുണ്ട്. ഇതിനിടെ ഇന്നലെ മണല്‍ ലേലം പിടിച്ച തൃശൂര്‍ രാമനാട്ടുകര സ്വദേശി വീട്ടുടമയുടെ അടുത്ത ബന്ധുവാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അഞ്ച് ലോഡ് മണല്‍ 56,000 രൂപക്കാണ് ഇയാള്‍ ലേലം പിടിച്ചത്. സംഭവ ദിവസം മണല്‍ വാരിക്കൊണ്ടിരുന്നവര്‍ പുഴയിലേക്ക് ചാടി നീന്തി രക്ഷപ്പെടുകയും ഇടനിലക്കാരന്‍ കാഞ്ഞൂര്‍ കൈപ്ര സ്വദേശി അനൂപ് പിടിയിലാവുകയുമായിരുന്നു. ഈ സമയം വീട്ടില്‍ അഞ്ച് ലോഡും വഞ്ചിയില്‍ പകുതിയും മണല്‍ ഉണ്ടായിരുന്നു. വീട്ടുടമയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവര്‍ക്കെതിരേയും കേസുണ്ടാവുമെന്നാണ് അന്ന് പോലിസ് വെളിപ്പെടുത്തിയത്. മാധ്യമ ശ്രദ്ധവിടുകയും ഉന്നത സ്വാധീനവും ഉണ്ടായതോടെ പോലിസ് വീട്ടുടമയെ തന്ത്രപൂര്‍വം ഒഴിവാക്കുകയായിരുന്നു. തന്റെ വീട്ടില്‍ കിടന്ന മണലിനൊപ്പം പോലിസ് കള്ള മണല്‍ കൂട്ടിയതായി കാണിച്ച് നീന ആന്റണി തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയെങ്കിലും തെളിവുകളില്ലാത്തതിനാല്‍ തള്ളിയിരുന്നു.
നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് ആവശ്യമായ മണല്‍ പെരിയാറില്‍നിന്നും അനധികൃതമായി വാരുകയാണെന്ന ആക്ഷേപത്തെ തുടര്‍ന്ന് നാട്ടുകാര്‍ രഹസ്യ നിരീക്ഷണം നടത്തിയാണ് മണല്‍ കടത്ത് പിടികൂടിയത്. മണല്‍ കേസില്‍ ആരോപണ വിധേയനായ വീട്ടുകാര്‍ അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് പെരിയാര്‍ തീരം കൈയേറി മതില്‍ കെട്ടിയത് വിവാദമായിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കൈയേറി നിര്‍മിച്ച മതില്‍ പൊളിച്ചു.
Next Story

RELATED STORIES

Share it