kannur local

അനധികൃത ബങ്കുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ കോര്‍പറേഷന്‍ തീരുമാനം

കണ്ണൂര്‍: നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ച ബങ്കുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. നിലവിലുള്ള ബങ്കുകളുടെ നടത്തിപ്പ് കാലാവധി 11 മാസമായി നിജപ്പെടുത്തി. പലപ്പോഴും യഥാര്‍ഥ കച്ചവടക്കാരല്ല ബങ്കുകള്‍ നടത്തുന്നതെന്നും ഇതിനു പിന്നില്‍ വന്‍ ബിനാമികള്‍ ഉണ്ടെന്നും പ്രതിപക്ഷ കൗണ്‍സിലര്‍ പ്രകാശന്‍ മാസ്റ്റര്‍ ആരോപിച്ചു. നഗരത്തിലെ കോംപ്ലക്‌സുകളിലെ വാടക പിരിവ് സംബന്ധിച്ച ഭരണ-പ്രതിപക്ഷ ബഹളത്തിനിടയാക്കി. ഏറ്റവും ചെറിയ വാടകയായി നിശ്ചയിച്ചിരിക്കുന്നത് 1000 രൂപയാണെങ്കിലും പലരില്‍നിന്നും തോന്നിയ നിരക്കില്‍ വാടക പിരിക്കുകയാണെന്ന് അഡ്വ. ടി ഒ മോഹനന്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചതായും പരിശോധിച്ച് പരിഹരിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് പറഞ്ഞു. ഫഌക്‌സ് നിരോധനം സംബന്ധിച്ച വിഷയവും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി.
ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പാര്‍ട്ടികളുമായി ഉടന്‍ കൂടിയാലോചന നടത്തണമെന്ന് മുസ്‌ലിം ലീഗിലെ സി സമീര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയില്‍ കൗണ്‍സിലിന് ഒന്നും ചെയ്യാനാവില്ലെന്നും രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച ചെയ്ത് വേണ്ട തീരുമാനമെടുക്കണമെന്നും ഭരണപക്ഷത്തെ എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കരട് ബൈലോ അംഗീകരിക്കുന്നതു വരെ കോര്‍പറേഷന്‍ പരിധിയില്‍ സൗജന്യമായി പരസ്യബോര്‍ഡുകള്‍ വയ്ക്കാമെന്ന് തീരുമാനമായി. സാമൂഹികക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാന്‍ സര്‍ക്കാര്‍ മാനദണ്ഡമാക്കിയ വീടുകളുടെ 1200 ചതുരശ്ര മീറ്റര്‍ ചുറ്റളവ് എന്ന വ്യവസ്ഥയില്‍ ഇളവ് വരുത്തണമെന്ന പ്രമേയം വെള്ളോറ രാജന്‍ അവതരിപ്പിച്ചു. മേയര്‍ ഇ പി ലത അധ്യക്ഷയായി.
Next Story

RELATED STORIES

Share it